HOME
DETAILS
MAL
പോത്തന്‍കോട് നിയന്ത്രണങ്ങളില്‍ ആശയക്കുഴപ്പം കലക്ടറെ അതൃപ്തിയറിയിച്ച് മന്ത്രി കടകംപള്ളി
backup
April 03 2020 | 02:04 AM
തിരുവനന്തപുരം: കൊവിഡ് മരണത്തിന്റെ പശ്ചാത്തലത്തില്‍ പോത്തന്‍കോടും പരിസരപ്രദേശങ്ങളിലും ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ സര്‍ക്കാരും കലക്ടറും തമ്മില്‍ അഭിപ്രായ ഭിന്നത.
കൂട്ടായ ആലോചനകള്‍ ഇല്ലാതെ കലക്ടര്‍ ഉത്തരവുകള്‍ ഇറക്കിയെന്നാണ് ഉയരുന്ന വിമര്‍ശനം. കൊവിഡ് മരണത്തിന്റെ പശ്ചാത്തലത്തില്‍ പോത്തന്‍കോട് പ്രദേശമാകെ അടച്ചിട്ട് എല്ലാവരേയും നിരീക്ഷണത്തിലാക്കിയ സംഭവത്തിനു ശേഷം നടന്ന അവലോകന യോഗത്തിലാണ് അഭിപ്രായ വ്യത്യാസം മറനീക്കി പുറത്തു വന്നത്.
പ്രദേശത്ത് ആരോഗ്യ വകുപ്പിന്റെ പ്രോട്ടോകോള്‍ അതുപോലെ പാലിക്കപ്പെട്ടില്ലെന്നും വിമര്‍ശനം ഉയര്‍ന്നു. സമൂഹ വ്യാപന സാഹചര്യം ഇല്ലെന്നു കണ്ടെത്തി അധിക നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കി കലക്ടര്‍ ഉത്തരവിറക്കിയിരുന്നു.
ഇതും വലിയ വിമര്‍ശനത്തിനാണ് ഇടയാക്കിയത്. കലക്ടര്‍ ഇറക്കിയ ഉത്തരവ് കലക്ടര്‍ തന്നെ പിന്‍വലിച്ചു. ഇതാണ് തെറ്റിദ്ധാരണ ഉണ്ടാക്കിയത് എന്നായിരുന്നു മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പ്രതികരണം.
അധിക നിയന്ത്രണം സര്‍ക്കാര്‍ അറിഞ്ഞല്ല ഏര്‍പ്പെടുത്തിയത്. വേണ്ടത്ര കൂടിയാലോചന ഇല്ലാതെ ഉത്തരവിറക്കിയതിലെ അതൃപ്തി മന്ത്രി കലക്ടറെ ഫോണില്‍ വിളിച്ച് അറിയിക്കുകയും ചെയ്തു.
നിയന്ത്രണങ്ങളില്‍
ഇളവ്
ഇതേസമയം പ്രദേശം പൂര്‍ണമായും അടച്ച് ആളുകളെ നിരീക്ഷണത്തിലാക്കിയ കടുത്ത നിയന്ത്രണത്തില്‍ ഇളവു വരുത്താന്‍ തീരുമാനമായി.
പോത്തന്‍കോടിലേയും പരിസരപ്രദേശത്തേയും ആളുകള്‍ നിരീക്ഷണത്തില്‍ തുടരണം.
അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ തുറക്കുന്നതിന് അടക്കം ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നീക്കിയിട്ടുണ്ട്.
റേഷന്‍ കടകള്‍ രാവിലെ ഒന്‍പതു മുതല്‍ വൈകിട്ട് അഞ്ചു വരെ പ്രവര്‍ത്തിക്കും.
സമൂഹ വ്യാപനത്തിന്റെ സാഹചര്യം നിലവില്‍ ഇല്ലെന്നാണ് ആരോഗ്യ പ്രവര്‍ത്തകര്‍ വിലയിരുത്തുന്നത്.
കൊവിഡ് ബാധിച്ച് മരിച്ചയാളുടെ ബന്ധുക്കള്‍ക്ക് അടക്കം കഴിഞ്ഞ ദിവസം നടത്തിയ ടെസ്റ്റുകള്‍ നെഗറ്റീവ് ആയിരുന്നു.
മരിച്ച വ്യക്തിയുമായി സമ്പര്‍ക്കം പുലര്‍ത്തിയവരുടെ സാംപിള്‍ ശേഖരിക്കുന്നതിനായി തച്ചപ്പള്ളി യു.പി.എസ്, കല്ലുര്‍ എല്‍.പി.എസ് എന്നീ സ്‌കൂളുകളില്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്.
ഇതുവരെ 127 പേരുടെ സാംപിളുകളാണ് ഇവിടെ ശേഖരിച്ചത്. പോത്തന്‍കോട് ജങ്ഷന്‍, ബസ് സ്റ്റാന്‍ഡ്, കെ.എസ്.ഇ.ബി, കൃഷി ഓഫിസ്, സാംപിളുകള്‍ ശേഖരിക്കുന്ന സ്‌കൂളുകള്‍ എന്നിവിടങ്ങള്‍ കോര്‍പറേഷനും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് അണുവിമുക്തമാക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."