സുരഭില സ്മരണകള്‍
പരിശുദ്ധ റമദാന്‍ കാലം. മഞ്ചേരി പാപ്പിനിപ്പാറയിലെ തറാവാട്ടു വീട്ടിലെ ബാല്യകാലമാണ് ഓര്‍മയിലെത്തുക. മുസ്‌ലിം ഭൂരിപക്ഷ പ്രദേശമാണ് എന്റെ ജന്മദേശം. സ്‌നേഹത്തിന്റെ ഗന്ധമുളള നിര്‍ധനരായ കുറെ മനുഷ്യരുടെ വാസ ഗേഹമാണിവിടം. ജാതിയുടേയോ മതത്തിന്റെയോ വേര്‍തിരിവില്ലാതെ പരസ്പരം കൊടുക്കല്‍ വാങ്ങലുള്ള പ്രദേശം.
മുസ്‌ലിം പള്ളികളില്‍ നിന്ന് റമദാന്‍ കാലത്ത് നഖാരയുടെ മുഴക്കമാണ് അന്നത്തെ ഞങ്ങളുടെ എല്ലാവരുടേയും സമയ സൂചിക. ലൗഡ് സ്പീക്കറില്ലാത്ത കാലമാണ്. അത്താഴത്തിനും നോമ്പ് തുറയ്ക്കും മറ്റു നിസ്‌കാരത്തിനുമെല്ലാം പള്ളിയില്‍ നിന്ന് നഖാര മുഴക്കം കേള്‍ക്കും. ഓരോ തവണയുമുള്ള പള്ളിമുട്ട് കേട്ടാല്‍ അതത് നേരത്തെ സമയം നിജപ്പെടുത്താം.
ദാരിദ്ര്യ കാലമാണ്. പ്രദേശത്തെ മിക്കവരും കര്‍ഷകരുമാണ്. റമദാന്‍ കാലത്ത് നോമ്പെടുത്ത് വയലില്‍ ജോലിചെയ്യുന്നവരെ കാണുമ്പോള്‍ അല്‍ഭുതമാണ്. നോമ്പിലൂടെ ആത്മീയ കരുത്തും ശാരീരിക കരുത്തും ആര്‍ജിച്ചെടുക്കുകയാണ് വിശ്വാസികള്‍. നോമ്പുകാലത്തും മരച്ചീനി തന്നെയാണ് പ്രധാന വിഭവം. പത്തിരിയും കൂട്ടിനുണ്ടാകും.
പത്തിരിചുട്ട്....
അട്ടത്ത് വെച്ചാല്‍...
കടിക്കാന്‍ പറ്റ്വോ..പാത്തുമ്മാ....
എന്ന വാമൊഴി പാട്ട് കുട്ടിക്കാലത്ത് പാടുമായിരുന്നു. മലബാറിലെ പത്തിരി ഇന്നും നോമ്പില്‍ പ്രധാനം തന്നെയാണ്. പത്തിരിക്ക് പുറമെ തരിക്കഞ്ഞി, അത് കഴിഞ്ഞുള്ള ജീരക കഞ്ഞി തുടങ്ങിയവയും നോമ്പുകാലത്ത് മുസ്‌ലിം വീടുകളിലുണ്ടാവും. പലതവണ അവ കഴിക്കാനും കഴിഞ്ഞിട്ടുണ്ട്. ദീര്‍ഘകാലം ഞങ്ങളുടെ തറവാട്ടിലെ കാര്യസ്ഥനായിരുന്നു അലവിക്കാക്ക. സ്‌നേഹ സമ്പന്നനായ മനുഷ്യന്‍. ഞങ്ങള്‍ക്ക് അമ്മാവനായിരുന്നു. തറവാട് ക്ഷയിച്ചിട്ടാണെങ്കിലും ഉളളത് കൊണ്ട് തൃപ്തനായി അലവിക്കാക്കെ എന്നും കൂടെയുണ്ടായിരുന്നു.
നോമ്പ് കാലത്ത് ഞങ്ങള്‍ അലവിക്കാക്കാന്റെ വീട്ടില്‍ നോമ്പ് തുറയ്ക്ക് പോകും. ബ്രഡും പത്തിരിയും കോഴിക്കറിയുമാണ് പ്രധാന വിഭവം. ഇന്ന് കരിച്ചതും പൊരിച്ചതുമായി തീന്‍മേശ നിറയുകയാണ്. പകല്‍ പട്ടിണി കിടന്ന് രാത്രിയില്‍ തിന്ന് പ്രതികാരം ചെയ്യുന്ന പ്രവണതയാണ് പലയിടങ്ങളിലും. ഇത് ശരിയല്ല.ഞ വ്രതമെന്നത് ഇസ്‌ലാമിലെ ഏറ്റവും ശ്രേഷ്ടമായ കര്‍മ്മമാണ്. അത് പരിശുദ്ധിയോടെ ഉള്‍ക്കൊള്ളാനാവണം.
റമദാന്‍ കാലത്ത് കൂട്ടുകാരായ മുസ്‌ലിം സഹോദരങ്ങള്‍ക്കൊപ്പം നോമ്പിന്റെ എണ്ണമെടുക്കുന്നതും പതിവായിരുന്നു. അത് നോമ്പിലെ ഏറ്റവും പുണ്യമാക്കപ്പെട്ട 27ാം രാവിനെ പ്രതീക്ഷിച്ചാണ്. അന്ന് മുസ്‌ലിം വീടുകളിലെല്ലാം നെയ്യപ്പമുണ്ടാക്കും. അവയില്‍ ഒരു ഓഹരി ഞങ്ങള്‍ക്ക് കൂടിയുള്ളതാണ്. വെള്ളക്കാച്ചി തുണിയുടുത്ത് തട്ടമിട്ട ഉമ്മമാര്‍ നെയ്യപ്പവുമായി എത്തുന്നതിലെ കാഴ്ച സുഗന്ധം പരത്തുന്ന റമദാന്‍ ഓര്‍മയിലുണ്ട്.
പ്രപഞ്ചത്തിലെ എല്ലാ ചെയ്തികളും മനുഷ്യരില്‍ നിന്നാണ്. സല്‍ക്കര്‍മ്മങ്ങളും ദുഷ്പ്രവര്‍ത്തികളുമുണ്ടാവുന്നത് മനുഷ്യരില്‍ നിന്നുതന്നെ. എന്നാല്‍ ഓരോ വര്‍ഷവുമെത്തുന്ന റമദാന്‍ മാസം മനുഷ്യനെ ശുദ്ധീകരിക്കാനാണ് സഹായിക്കുന്നത്.വ്രതത്തിലൂടെ മനുഷ്യമനസിനെ സംസ്‌കരിച്ചെടുക്കാന്‍ കഴിയുന്നു. ചെയ്ത തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാനും നന്മകള്‍ വര്‍ധിപ്പിക്കാനും കഴിയുന്നുവെന്നതാണ് റമദാന്‍ മാസത്തിന്റ സന്ദേശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."