പഴയകാട് ബിവറേജസ് ഔട്ട് ലെറ്റ്: നാട്ടുകാര്‍ സമരം ശക്തമാക്കുന്നു
മണ്ണഞ്ചേരി: ദേശീയപാതയില്‍ കലവൂരിലെ ബിവറേജസ് ഔട്ട് ലെറ്റിന്റെ പ്രവര്‍ത്തനം ഇന്നലെ അവസാനിച്ചതോടെ പുതിയതായി കണ്ടെത്തിയ സ്ഥലത്ത് സ്ഥാപനം തുടങ്ങാന്‍ തടസങ്ങളേറെ. ഇന്നലെ രാത്രി മുതല്‍ ബിവറേജസ് ഔട്ട്‌ലെറ്റില്‍ ശേഷിക്കുന്ന സാധനങ്ങള്‍ മാറ്റുമെന്ന അഭ്യൂഹം പരന്നതോടെ പഴയകാട് പ്രദേശത്ത് രാത്രി വൈകിയും സ്ത്രീകളടക്കമുളള നൂറുകണക്കിനാളുകള്‍ പ്രതിഷേധവുമായി നിലയുറപ്പിച്ചു.
കഴിഞ്ഞ ഒമ്പതുദിവസമായി ജനകീയ സമരസമിതിയുടെ നേതൃത്വത്തില്‍ നടത്തിവരുന്ന സമരത്തെ തുടര്‍ന്ന് സ്ഥാപനം തുടങ്ങാന്‍ കഴിയില്ലെന്നും സാധനങ്ങളുമായെത്തിയാല്‍ സംഘര്‍ഷമുണ്ടാകുമെന്ന ഇന്റലിജന്‍സിന്റെ റിപ്പോര്‍ട്ട് നിലനില്‍ക്കെയാണ് സമരസമിതി പ്രവര്‍ത്തകര്‍ നിലയുറപ്പിച്ചിട്ടുളളത്. കെട്ടിടയുടമയ്ക്ക് അഞ്ചുലക്ഷം രൂപ അഡ്വാന്‍സും 7000 രൂപ പ്രതിമാസ വാടകയും നിശ്ചയിച്ച് കരാറില്‍ ഏര്‍പ്പെട്ടതാണ് ബിവറേജസ് അധികൃതര്‍. ഇത് തരപ്പെടുത്തിക്കൊടുത്ത ഇടനിലക്കാരന് 75,000 രൂപയും പാരിതോഷികമായി നല്‍കിയെന്നാണ് പ്രചാരണം.
ഇത്രയും തുക മുടക്കിയിട്ടും സ്ഥാപനം തുടങ്ങാന്‍ കഴിയാത്ത അവസ്ഥയാണെന്ന് ബിവറേജസ് അധികൃതര്‍ പറയുന്നു. ഇടനിലക്കാരന് കൊടുത്ത 75,000 രൂപ തിരികെ കിട്ടില്ലെന്നാണ് സൂചന. അതേസമയം ഇന്നലെ രാവിലെ മുതല്‍ സമരകേന്ദ്രത്തില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍, വിവിധ സാമുദായിക സംഘടനാ പ്രവര്‍ത്തകര്‍ എന്നിവര്‍ എത്തി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. ഇന്നും നാളെയും പുലര്‍ച്ചെവരെയും പ്രദേശത്തെ മുഴുവന്‍ കുടുംബങ്ങളും സമരകേന്ദ്രത്തില്‍ കേന്ദ്രീകരിക്കുമെന്നും മദ്യങ്ങളുമായെത്തിയാല്‍ എന്തുവിലകൊടുത്തും എതിര്‍ക്കുമെന്നും സമരസമിതി പ്രവര്‍ത്തകര്‍ പറഞ്ഞു.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ അനുവാദം നല്‍കിയില്ലെങ്കില്‍ മദ്യശാലകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ താലൂക്ക് സഭയുടെ അംഗീകാരംമതിയെന്ന എക്‌സൈസ് മന്ത്രിയുടെ ചുമതല വഹിക്കുന്ന ജി. സുധാകരന്‍ കഴിഞ്ഞദിവസം നടത്തിയ പ്രഖ്യാപനത്തെ തുടര്‍ന്ന് ഇത് നേടാതിരിക്കാന്‍ സമരസമിതി പ്രവര്‍ത്തകര്‍ താലൂക്ക്‌സഭയുടെ കണ്‍വീനര്‍കൂടിയായ തഹസില്‍ദാര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.
ഇന്ന് ചേരുന്ന താലൂക്ക് സഭ ഈ വിഷയത്തില്‍ അന്തിമതീരുമാനമെടുക്കുമെന്നാണ് സമരസമിതിയുടെ പ്രതീക്ഷ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."