ജര്‍മനിക്ക് ഷോക്ക് ബ്രസീലിന് ജയം
ലണ്ടന്‍: ലോകകപ്പിന് മുന്നോടിയായുള്ള സൗഹൃദ പോരാട്ടത്തിനിറങ്ങിയ മുന്‍ ചാംപ്യന്‍മാരായ ബ്രസീലിന് തകര്‍പ്പന്‍ ജയം. മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് കാനറികള്‍ കരുത്തരായ ക്രൊയേഷ്യയെ വീഴ്ത്തി. അതേസമയം ലോക ചാംപ്യന്‍മാരായ ജര്‍മനിയെ ഓസ്ട്രിയ അട്ടിമറിച്ചു. ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് ജര്‍മനി തോല്‍വി വഴങ്ങിയത്.
മറ്റ് മത്സരങ്ങളില്‍ യൂറോ ചാംപ്യന്‍മാരായ പോര്‍ച്ചുഗല്‍ താര സമ്പന്നരായ ബെല്‍ജിയവുമായി ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു. ഇംഗ്ലണ്ട് 2-1ന് നൈജീരിയയെ കീഴടക്കിയപ്പോള്‍ കന്നി ലോകകപ്പിനൊരുങ്ങുന്ന ഐസ്‌ലന്‍ഡ് നോര്‍വയോട് 2-3ന് പൊരുതി വീണു. ലോക പോരിനൊരുങ്ങുന്ന സ്വീഡനും ഡെന്‍മാര്‍ക്കും ഗോള്‍രഹിതരായി പിരിഞ്ഞപ്പോള്‍ മെക്‌സിക്കോ വിജയം രുചിച്ചു. മറുപടിയില്ലാത്ത ഒറ്റ ഗോളിന് അവര്‍ സ്‌കോട്‌ലന്‍ഡിനെ വീഴ്ത്തി.
ബ്രസീല്‍ 2-0 ക്രൊയേഷ്യ
സൂപ്പര്‍ താരം നെയ്മര്‍, റോബര്‍ട്ടോ ഫിര്‍മിനോ എന്നിവര്‍ രണ്ടാം പകുതിയില്‍ നേടിയ ഗോളുകളുടെ കരുത്തിലാണ് സെലക്കാവോകള്‍ വിജയിച്ചത്. ആദ്യ പകുതി ഗോള്‍രഹിതമായപ്പോള്‍ പകരക്കാരനായി ഇറങ്ങിയ നെയ്മറുടെ വരവാണ് കളി കാനറികള്‍ക്ക് അനുകൂലമാക്കിയത്. മത്സരത്തില്‍ 62 ശതമാനവും പന്ത് കൈവശം വച്ച് കളിക്കാന്‍ സാധിച്ചത് ലോകകപ്പിന്റെ ഒരുക്കങ്ങള്‍ കൃത്യമാണെന്ന സൂചന പരിശീലകന്‍ ടിറ്റെക്ക് നല്‍കാന്‍ ബ്രസീല്‍ താരങ്ങള്‍ക്ക് സാധിച്ചു. ലൂക്ക മോഡ്രിച്ചും ഇവാന്‍ റാക്കിറ്റിച്ചുമടങ്ങിയ ക്രൊയേഷ്യന്‍ സംഘത്തെ നിഷ്പ്രഭമാക്കിയാണ് ബ്രസീല്‍ കളം വാണത്.
രണ്ടാം പകുതി തുടങ്ങിയപ്പോഴാണ് ഫെര്‍ണാണ്ടീഞ്ഞോയെ പിന്‍വലിച്ച് ടിറ്റെ നെയ്മറിനെ കളത്തിലിറക്കിയത്. സൂപ്പര്‍ താരത്തിന്റെ വരവ് ബ്രസീലിന്റെ കളിയെ കാര്യമായി തന്നെ സ്വാധീനിച്ചു. 69ാം മിനുട്ടില്‍ ഫിലിപ്പ് കുട്ടീഞ്ഞോയുടെ പാസില്‍ നിന്നാണ് നെയ്മര്‍ മികച്ച ഗോളിലൂടെ ബ്രസീലിന് ലീഡൊരുക്കിയത്. കളി തീരാന്‍ നിമിഷങ്ങള്‍ മാത്രമുള്ളപ്പോള്‍ ഇഞ്ച്വറി ടൈമില്‍ കാസെമിറോയുടെ അസിസ്റ്റില്‍ ഫിര്‍മിനോ ബ്രസീലിന്റെ വിജയം ഉറപ്പാക്കി രണ്ടാം ഗോളും വലയിലാക്കി.
ഓസ്ട്രിയ 2-1 ജര്‍മനി
ലോക ചാംപ്യന്‍മാരായ ജര്‍മനിയെ ഓസ്ട്രിയ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചുകളഞ്ഞു. പന്തടക്കത്തിലും പാസിങിലുമൊക്കെ ജര്‍മനി മുന്നില്‍ നിന്നെങ്കിലും ഒരു ഗോളിന് മുന്നില്‍ നിന്ന ശേഷം അവര്‍ക്ക് രണ്ട് ഗോള്‍ വഴങ്ങേണ്ടി വന്നത് ക്ഷീണമായി. രണ്ട് മികച്ച ഗോളുകളാണ് ഓസ്ട്രിയന്‍ താരങ്ങള്‍ ജര്‍മന്‍ വലയില്‍ നിക്ഷേപിച്ചത്. പരുക്കിനെ തുടര്‍ന്ന് ഒരു വര്‍ഷത്തോളമായി കളത്തില്‍ നിന്ന് വിട്ടുനിന്ന ജര്‍മന്‍ ക്യാപ്റ്റനും ഗോള്‍ കീപ്പറുമായ മാനുവല്‍ നൂയര്‍ മുഴുവന്‍ സമയത്തും വല കാത്ത മത്സരമായിരുന്നു ഓസ്ട്രിയക്കെതിരേ അരങ്ങേറിയത്. ലോക ചാംപ്യന്‍മാരുടെ തോല്‍വി ഇതിലും കനത്തതായി മാറിയേനെ. നൂയറുടെ മികച്ച രക്ഷപ്പെടുത്തലുകളാണ് പലപ്പോഴും അവരെ താങ്ങി നിര്‍ത്തിയത്. ടോണി ക്രൂസ്, തോമസ് മുള്ളര്‍, ഹമ്മല്‍സ്, ബോട്ടെങ് തുടങ്ങിയ പ്രമുഖര്‍ക്കെല്ലാം കോച്ച് ജോക്വിം ലോ വിശ്രമമനുവദിച്ചു. കളിയുടെ 11ാം മിനുട്ടില്‍ മെസുറ്റ് ഓസിലിന്റെ ഗോളില്‍ ജര്‍മനി മുന്നിലെത്തി. രണ്ടാം പകുതിയില്‍ ജര്‍മന്‍ പ്രതിരോധത്തെ കബളിപ്പിച്ച് 53ാം മിനുട്ടില്‍ ഹിന്റര്‍ഗറും 69ാം മിനുട്ടില്‍ സ്‌കോഫുമാണ് ഓസ്ട്രിയക്കായി നിര്‍ണായക ഗോളുകള്‍ നേടിയത്.
ഇംഗ്ലണ്ട് 2-1 നൈജീരിയ
സ്വന്തം നാട്ടുകാര്‍ക്ക് മുന്നില്‍ മികച്ച പോരാട്ടം പുറത്തെടുത്താണ് ഇംഗ്ലണ്ട് നൈജീരിയയെ വീഴ്ത്തിയത്. ആദ്യ പകുതിയില്‍ തന്നെ രണ്ട് ഗോളുകള്‍ നേടിയ ഇംഗ്ലണ്ടിനെതിരേ രണ്ടാം പകുതിയുടെ തുടക്കത്തില്‍ നൈജീരിയ ആശ്വാസ ഗോള്‍ കണ്ടെത്തി. പിന്നീട് ഇരു പക്ഷവും ഗോളടിച്ചില്ല. ഏഴാം മിനുട്ടില്‍ ഗാരി കാഹിലിന്റെ ഗോളിലാണ് ഇംഗ്ലണ്ട് മുന്നിലെത്തിയത്. പിന്നീട് 39ാം മിനുട്ടില്‍ ഹാരി കെയ്ന്‍ രണ്ടാം ഗോളും വലയിലാക്കി. രണ്ടാം പകുതി തുടങ്ങി 47ാം മിനുട്ടില്‍ ഇവോബിയാണ് നൈജീരിയക്കായി വല ചലിപ്പിച്ചത്.
ബെല്‍ജിയം 0-0 പോര്‍ച്ചുഗല്‍
തുല്ല്യശക്തികളുടെ പോരാട്ടമെന്ന് ഒറ്റയടിക്ക് വിശേഷിപ്പിക്കാന്‍ സാധിക്കുന്ന തരത്തിലാണ് യൂറോ ചാംപ്യന്‍മാരായ പോര്‍ച്ചുഗലും കരുത്തരായ താരങ്ങളടങ്ങിയ ബെല്‍ജിയവും പോരാടിയത്. പന്തടക്കത്തിലും പാസിങിലും ആക്രമണം സംഘടിപ്പിക്കുന്നതിലും ഇരു പക്ഷവും തുല്ല്യത പാലിച്ചു. സൂപ്പര്‍ താരവും നായകനുമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അഭാവത്തിലാണ് പോര്‍ച്ചുഗല്‍ കളിക്കാനിറങ്ങിയത്.
കോംപനിക്ക് പരുക്ക്
മത്സരത്തിനിടെ ബെല്‍ജിയം നായകന്‍ വിന്‍സന്റ് കോംപനിക്ക് പരുക്കേറ്റ് മടങ്ങേണ്ടി വന്നത് ബെല്‍ജിയത്തിന് ആശങ്ക നല്‍കുന്നതായി മാറി. നായകന്റെ ലോകകപ്പ് പങ്കാളിത്തം സംബന്ധിച്ച് റിപ്പോര്‍ട്ടുകളൊന്നും പുറത്ത് വന്നിട്ടില്ല.
100 മത്സരങ്ങള്‍ തികച്ച് വെര്‍ട്ടോന്‍ഗന്‍
ബെല്‍ജിയത്തിനായി 100 അന്താരാഷ്ട്ര മത്സരങ്ങള്‍ കളിക്കുന്ന ആദ്യ താരമെന്ന റെക്കോര്‍ഡ് ഇനി യാന്‍ വെര്‍ട്ടോന്‍ഗന്. ബെല്‍ജിയത്തിനായി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരമെന്ന പെരുമ ആദ്യമേ സ്വന്തമാക്കിയ താരം പോര്‍ച്ചുഗലിനെതിരായ സൗഹൃദ ഫുട്‌ബോളിനിറങ്ങിയാണ് ശതകം തികച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."