ഒരു ലക്ഷം രൂപയുടെ പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി; ഒരാള്‍ അറസ്റ്റില്‍
പാറശാല: തമിഴ്നാട്ടില്‍ നിന്നും കേരളത്തിലേയ്ക്ക് ട്രെയിനില്‍ കടത്തിയ ഒരു ലക്ഷം രൂപയുടെ പുകയില ഉല്‍പ്പന്നങ്ങളുമായി തമിഴ്നാട് സ്വദേശിയെ പാറശാല റെയില്‍വേ പൊലിസ് അറസ്റ്റ് ചെയ്തു. തിരുനല്‍വേലി ഡോര്‍ നമ്പര്‍ 59-ല്‍ തങ്കവേലിന്റെ മകന് ശരവണനെ (40) ആണ് പിടികൂടിയത്.
ഇന്നലെ രാവിലെ 11 ഓടുകൂടി പാറശാല റെയില്‍വേ സ്റ്റേഷനില്‍ വച്ച് ചെന്നൈയില്‍ നിന്നും കൊല്ലത്തേയ്ക്ക് പോകുകയായിരുന്ന അനന്തപുരി എക്പ്രസ് ട്രെയിനില്‍ പൊലിസ് നടത്തിയ പരിശോധനയിലാണ് പുകയില ഉല്‍പ്പന്നം പിടികൂടിയത്. നാലു ബാഗുകളില്‍ കടത്തി കൊണ്ട് വന്ന ഹാന്‍സ് ഇനത്തില്‍പ്പെട്ട പുകയില ഉല്‍പ്പന്നമാണ് പിടികൂടിയത്. പിടിച്ചെടുത്ത പുകയില ഉല്‍പ്പന്നം കൊല്ലം ഭാഗത്തുള്ള വിവിധ കടകളില്‍ വിതരണം ചെയ്യാന്‍ കൊണ്ട് വന്നതാണെന്നും കോന്നിയിലും കൊല്ലത്തും പ്രതിയായ ശരവണന് വര്‍ഷങ്ങളായി കടകളില്‍ ജോലി ചെയ്ത് വരികയാണെന്നും പൊലിസിനോട് പറഞ്ഞു. ഈ പരിചയം ഉപയോഗപ്പെടുത്തിയാണ് ഉല്‍പ്പന്നം വിറ്റ് വന്നിരുന്നത്.
സംസ്ഥാനത്ത് പുതു വിദ്യാഭ്യാസ വര്‍ഷാരംഭത്തില്‍ കോളജ്-സ്കൂള്‍ വിദ്യാര്‍ഥികളെ ലക്ഷ്യമാക്കി അന്യ സംസ്ഥാനത്തു നിന്ന് ലഹരി വസ്തുക്കള്‍ കടത്തി കൊണ്ട് വരുന്നത് തടയുന്നതിന് വേണ്ടി റെയില്‍വേ പൊലിസ് ഇന്‍സ്പെക്ടര്‍ ജയകുമാറിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക കോംബിങ് ഓപ്പറേഷന്റെ ഭാഗമായാണ് പുകയില ഉല്‍പ്പന്നം പിടികൂടിയത്.
പാറശാല റെയില്‍വേ പൊലിസ് സ്റ്റേഷന് എസ്.ഐ അനില്‍കുമാര്‍, എ.എസ്.ഐ ഷിബുകുമാര്‍, സി.പി.ഒ സജീവ് എന്നിവര്‍ ചേര്‍ന്നാണ് പുകയില ഉല്‍പ്പന്നവും പ്രതിയെയും പിടികൂടിയത്. ഇന്നലെ നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."