HOME
DETAILS
MAL
ഖുമ്മില്‍ കുടുങ്ങിയ ഇന്ത്യന്‍ തീര്‍ത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കുമെന്ന് കേന്ദ്രം
backup
April 03 2020 | 03:04 AM
ന്യൂഡല്‍ഹി: കൊവിഡ്-19 ബാധയെത്തുടര്‍ന്ന് ഇറാനിലെ ഖുമ്മില്‍ കുടുങ്ങിയ ഇന്ത്യന്‍ തീര്‍ത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രിം കോടതിയെ അറിയിച്ചു.
ഖുമ്മില്‍ കുടുങ്ങിയ 850 ഇന്ത്യന്‍ തീര്‍ത്ഥാടകരെ തിരികെയെത്തിക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജി പരിഗണിക്കവെയാണ് കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. ഇറാനില്‍ ഇപ്പോള്‍ 250 ഇന്ത്യക്കാര്‍ മാത്രമാണ് ബാക്കിയുള്ളതെന്ന് കേന്ദ്ര സര്‍ക്കാരിനു വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതി മുമ്പാകെ വ്യക്തമാക്കി. മറ്റുള്ളവരെയെല്ലാം നാട്ടിലെത്തിച്ചു. ബാക്കിയായവര്‍ ഇന്ത്യന്‍ എംബസിയുടെ സംരക്ഷണത്തിലാണ്. വൈറസ് ബാധ സ്ഥിരീകരിക്കുകയോ സ്ഥിരീകരിച്ചവരുമായി ഇടപഴകുകയോ ചെയ്തവരെ മാത്രമാണ് തിരിച്ചെത്തിക്കാതെ നിര്‍ത്തിയിരിക്കുന്നതെന്നും മേത്ത പറഞ്ഞു.
രോഗമുള്ളവരെയും രോഗമില്ലാത്തവരെയുമെല്ലാം ഇടകലര്‍ത്തിയാണ് ഖുമ്മിലെ ഹോട്ടലുകളില്‍ താമസിപ്പിച്ചിരിക്കുന്നതെന്ന് വാദത്തിനിടെ ഹരജിക്കാരുടെ അഭിഭാഷകന് സഞ്ജയ് ഹെഗ്ഡെ ചൂണ്ടിക്കാട്ടി. ഇതു കൂടുതല്‍ പേരിലേക്കു രോഗം പടരാനിടയാക്കുമെന്നും ഹെഗ്ഡെ വാദിച്ചു.
തീര്‍ത്ഥാടകര്‍ക്കു പ്രയാസങ്ങളുണ്ടാകാതെ നോക്കുമെന്നും അവര്‍ക്കാവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും തുഷാര്‍ മേത്ത കോടതി മുമ്പാകെ ഉറപ്പു നല്കി. ഇതിന്റെ അടിസ്ഥാനത്തില്‍ കേസ് തീര്‍പ്പാക്കുകയാണെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡ്, സുര്യകാന്ത് എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിച്ചത്. 2019 ഡിസംബറില്‍ മൂന്നു മാസത്തെ തീര്‍ത്ഥാടനത്തിന് ഇറാനിലേക്കു യാത്രതിരിച്ചവരാണ് ഖുമ്മില്‍ കുടുങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."