മതാഫ് പൂർണ തോതിൽ തുറന്നുകൊടുത്തിട്ടില്ലെന്ന് ഹറംകാര്യ വകുപ്പ്
ജിദ്ദ: വിശുദ്ധ ഹറമിലെ മതാഫ് വിശ്വാസികൾക്കു മുന്നിൽ പൂർണ തോതിൽ തുറന്നുകൊടുത്തിട്ടില്ലെന്ന് ഹറംകാര്യ വകുപ്പ് വ്യക്തമാക്കി. മതാഫ് തുറന്നുകൊടുത്തു എന്ന നിലക്ക് സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇത് ശരിയല്ല. മുൻകരുതലുകളെടുത്ത ശേഷം നിശ്ചിത എണ്ണം ആളുകളെ വ്യത്യസ്ത സമയങ്ങളുടെ ഇടവേളകളിൽ ബാച്ചുകളായി ത്വവാഫ് നിർവഹിക്കാൻ അനുവദിക്കുക മാത്രമാണ് ചെയ്തിരിക്കുന്നത്.
ഇശാ നമസ്‌കാരം പൂർത്തിയായി ഒരു മണിക്കൂറിനു ശേഷം വിശുദ്ധ ഹറമും മസ്ജിദുന്നബവിയും അടച്ചിടാനും സുബ്ഹി നമസ്‌കാരത്തിന് ഒരു മണിക്കൂർ മുമ്പ് വീണ്ടും തുറക്കാനും ഉംറ നിർത്തിവെച്ച സമയത്ത് മതാഫും മസ്അയും അടക്കാനും നമസ്‌കാരങ്ങൾ ഹറം മസ്ജിദിനകത്തു മാത്രമായി പരിമിതപ്പെടുത്താനും കഴിഞ്ഞ മാസം തീരുമാനിച്ചിരുന്നു. കൊറോണ വ്യാപനം തടയുന്നതിന് ബന്ധപ്പെട്ട വകുപ്പുകൾ നൽകിയ ശുപാർശയുടെ അടിസ്ഥാനത്തിലാണ് ഇരു ഹറമുകളിലും മുൻകരുതൽ നടപടികളുടെ ഭാഗമായി നിയന്ത്രണങ്ങൾ ബാധകമാക്കിയതെന്നും ഹറംകാര്യ വകുപ്പ് വൃത്തങ്ങൾ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."