മധ്യപ്രദേശില്‍ 60 ലക്ഷം വ്യാജ വോട്ടര്‍മാര്‍: കോണ്‍ഗ്രസിന്റെ പരാതിയില്‍ കമ്മിഷന്‍ അന്വേഷണം തുടങ്ങി
ന്യൂഡല്‍ഹി: വോട്ടര്‍ പട്ടിക പുതുക്കിയതില്‍ വന്‍ ക്രമക്കേട് നടന്നുവെന്ന് ആരോപിച്ച് മധ്യപ്രദേശ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മിഷനില്‍. സര്‍ക്കാരിന്റെ പിന്തുണയോടെ ബി.ജെ.പി വോട്ടര്‍ പട്ടികയില്‍ 60 ലക്ഷം പേരെ വ്യാജമായി ഉള്‍പ്പെടുത്തിയെന്നാണ് പരാതി.
101 മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തിലാണ് പരാതി നല്‍കിയത്. മധ്യപ്രദേശ് കോണ്‍ഗ്രസ് പ്രസിഡന്റ് കമാല്‍ നാഥ്, പ്രചാരണ കമ്മിറ്റി അധ്യക്ഷന്‍ ജ്യോതിരാദിത്യ സിന്ധ്യ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കമ്മിഷനെ സമീപിച്ചത്.
കഴിഞ്ഞ അഞ്ചുവര്‍ഷത്തില്‍ സംസ്ഥാനത്തെ ജനസംഖ്യ 24 ശതമാനം മാത്രം വര്‍ധിച്ചപ്പോള്‍, വോട്ടര്‍മാരുടെ എണ്ണത്തില്‍ 40 ശതമാനം വര്‍ധയുണ്ടായെന്ന് കോണ്‍ഗ്രസ് പരാതിയില്‍ ചൂണ്ടിക്കാട്ടി. വ്യാജ വോട്ടര്‍പട്ടികയുടെ സാംപിളുകളും പരാതിയോടൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്.
ജനുവരി ഒന്നിന് പ്രസിദ്ധീകരിച്ച വോട്ടര്‍ പട്ടികയില്‍ ഒരാളുടെ ചിത്രം വച്ചു തന്നെ നിരവധി വിലാസങ്ങള്‍ ചേര്‍ത്ത വോട്ടര്‍പട്ടിക കോണ്‍ഗ്രസ് പുറത്തുവിട്ടിട്ടുണ്ട്.
പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ രണ്ടു സംഘത്തെ കമ്മിഷന്‍ അന്വേഷിക്കാനായി നിയമിച്ചു. ഒരു സംഘം ഭോപ്പാല്‍ മേഖലയിലും മറ്റൊരു സംഘം നര്‍മദാപുരത്തുമാണ് അന്വേഷണം നടത്തുക. ഈമാസം ഏഴിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."