സേവന പ്രവര്‍ത്തനത്തിന് ഏഴാണ്ട്: യാത്രക്കാരെ നോമ്പുതുറപ്പിച്ച് കൊടക്കാട് എസ്.കെ.എസ്.എസ്.എഫ്
കൊടക്കാട്: യാത്രക്കാര്‍ക്ക് നോമ്പുതുറക്കാന്‍ സൗകര്യമൊരുക്കി എസ്.കെ.എസ്.എസ്.എഫ് പ്രവര്‍ത്തകര്‍. കൊടക്കാട് മസ്ജിദിനു സമീപം വൈകിട്ട് കര്‍മനിരതരാകുന്ന യുവാക്കള്‍ വാഹന യാത്രക്കാര്‍ക്ക് വലിയ അനുഗ്രഹമാവുകയാണ്. നോമ്പുതുറ സമയത്ത് ഇതുവഴി പോകുന്ന യാത്രക്കാര്‍ സേവനസന്നദ്ധരായ ഇവരുടെ സ്‌നേഹോഷ്മളമായ ക്ഷണം നിരസിക്കാറില്ല.
ഏഴു വര്‍ഷത്തോളമായി കൊടക്കാട് എസ്.കെ.എസ്.എസ്.എഫിനു കീഴില്‍ യാത്രക്കാര്‍ക്കായി നോമ്പുതുറ സംഘടിപ്പിക്കാന്‍ തുടങ്ങിയിട്ട്. റമദാന്‍ ഒന്നു മുതല്‍ 30 വരെയും ഇവിടെ നോമ്പുതുറയുണ്ടാകും.
ഔഷധച്ചേരുവകളുള്ള മരുന്ന് കഞ്ഞിയാണ് നാമ്പുതുറ വിഭവത്തിലെ പ്രത്യേകത. അതിനാല്‍ ആരോഗ്യത്തിന് ഗുണകരമായ കഞ്ഞി കുടിക്കാന്‍ ഇവിടെ സ്ഥിരമായി എത്തുന്ന ആളുകളുമുണ്ട്.
ദീര്‍ഘദൂര ബസുകളിലും മറ്റു വാഹനങ്ങളിലും യാത്ര ചെയ്യുന്നവര്‍ക്ക് നോമ്പുതുറക്കാനുള്ള വിഭവങ്ങള്‍ പാക്ക് ചെയ്തു നല്‍കുന്നതും ഇവിടെ പതിവാണ്. നിയമപാലകരടക്കമുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥരും നോമ്പുതുറയില്‍ സാന്നിധ്യമാകാറുണ്ട്. സ്ത്രീകള്‍ക്ക് നിസ്‌കാരിക്കാനും സംഘാടകര്‍ സൗകര്യമൊരുക്കിയതിനാല്‍ നോമ്പുതുറയില്‍ ദിവസവും നൂറുകണക്കിന് ആളുകളാണ് പങ്കാളികളാകുന്നത്. കൊടക്കാട് എസ്.വൈ.എസ്, എസ്.ബി.വി യൂനിറ്റും ഈ സദ്ഉദ്യമത്തിന് സഹായമായുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."