വന സംരക്ഷണം കാടിന്റെ മക്കളുടെ കൈകളിലേക്ക്
പാലക്കാട്: കാടു കാക്കുന്ന കാടിന്റെ മക്കള്‍ക്കായി വനം വകുപ്പ് സംഘടിപ്പിക്കുന്ന പരിശീലനത്തിന് തുടക്കം. കേരളത്തില്‍ ആദ്യമായാണ് പട്ടികജാതി വിഭാഗത്തിലുള്ളവരെ ഫോറസ്റ്റ് വാച്ചര്‍മാരായി സ്ഥിരം നിയമനാടിസ്ഥാനത്തില്‍ നിയമിക്കുന്നതും പരിശീലനങ്ങള്‍ നല്‍കുന്നതും. ആദിവാസി മേഖലയിലുള്ളവര്‍ക്ക് പരിശീലനം നല്‍കുന്നതിലൂടെ കാടിനെക്കുറിച്ചുള്ള ഇവരുടെ അറിവിനെ പരമാവധി പ്രയോജനപ്പെടുത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. മുന്‍പ് ആദിവാസി വിഭാഗത്തില്‍ താല്‍ക്കാലികമായി നിയമിക്കപ്പെട്ടിരുന്ന ഫോറസ്റ്റ് വാച്ചര്‍മാരെയും പിരിച്ചുവിട്ട അട്ടപ്പാടി ഹില്‍സ് ഏരിയ ഡവലപ്പ്‌മെന്റ് സൊസൈറ്റിയിലെ (അഹാഡ്‌സ്) ജീവനക്കാരെയുമാണ് ഫോറസ്റ്റ് വാച്ചര്‍മാരായി സ്ഥിരം നിയമനാടിസ്ഥാനത്തില്‍ നിയമിക്കുന്നത്. അവര്‍ക്ക് വനവുമായുള്ള പരിചയസമ്പത്ത് ഉപയോഗപ്പെടുത്തുകയും അതിലൂടെ ഇവരുടെ ജീവിതനിലവാരം ഉയര്‍ത്തുകയുമാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. അക്ഷരാഭ്യാസമുള്ളവരെ കണ്ടത്തിയാണ് പരിശീലനം നല്‍കുന്നത്.
നാല്‍പതു പേര്‍ക്കായി സൈലന്റ് വാലിയില്‍ മുക്കാലിയിലാണ് മൂന്നു മാസത്തെ പരിശീലനം ആരംഭിച്ചിരിക്കുന്നത്. സൈലന്റ് വാലി, നിലമ്പൂര്‍ സൗത്ത്, നിലമ്പൂര്‍ നോര്‍ത്ത്, മണ്ണാര്‍ക്കാട് ഡിവിഷനുകളിലെ ജീവനക്കാര്‍ക്കാണ് ഇവിടെ പരിശീലനം ഒരുക്കിയിരിക്കുന്നത്. 26 സ്ത്രീകളും 14 പുരുഷന്മാരുമാണ് ഈ ബാച്ചിലുള്ളത്. ഫോറസ്റ്റ് അഡ്മിനിസ്‌ട്രേഷന്‍, ഫോറസ്റ്റ് ടൈപ്പിസ്റ്റ്, വനത്തിന്റെ സാധ്യതകള്‍ തുടങ്ങിയ ഇരുപതോളം വിഷയങ്ങളിലാണ് റെഗുലര്‍ ക്ലാസുകള്‍ ഒരുക്കിയിരിക്കുന്നത്. കൂടാതെ യോഗ, പി.ടി, പരേഡ്, ടിമ്പര്‍ ഓപറേഷന്‍സ്, ഇക്കോ ടൂറിസം തുടങ്ങിയ കായിക പരിശീലനങ്ങളുമാണ് ഇവര്‍ക്കായി നല്‍കുന്നത്.
2014ലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം 116 ഡിവിഷനുകളിലായാണ് ഇവരുടെ നിയമനം ഒരുക്കുന്നത്. വനം വകുപ്പിന്റെ കീഴിലുള്ള ശാസ്ത്രീയ പരിശീലനങ്ങള്‍ക്കു ശേഷം എഴുത്തു പരീക്ഷയും വൈവയുമുണ്ടാകും. ശേഷിക്കുന്ന പരിശീലന കേന്ദ്രങ്ങള്‍ ഒരുക്കുമെന്ന് അധികൃതര്‍ അറിയിച്ചു. അവര്‍ക്ക് വനവുമായുള്ള പരിചയസമ്പത്ത് ഉപയോഗപ്പെടുത്തികൊണ്ട് മികവുറ്റ ശാസ്ത്രീയ പഠനങ്ങള്‍ നല്‍കുകയുമാണ് വനം വകുപ്പ് ചെയ്യുന്നത്. പട്ടികജാതി വിഭാഗത്തിലുള്ളവരെ ഫോറസ്റ്റ് വാച്ചര്‍മാരായി സ്ഥിരം നിയമനാടിസ്ഥാനത്തില്‍ നിയമിക്കുന്നതുമൂലം ഇവരുടെ ജീവിതനിലവാരം ഉയര്‍ത്തുകയുമാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."