സൂപ്രണ്ട് ഇറങ്ങിപ്പോയ സംഭവത്തില്‍ ശക്തമായ നടപടിക്ക് സാധ്യത
മാള : കെ. കരുണാകരന് സ്മാരക സര്‍ക്കാര്‍ ആശുപത്രിയില്‍ ചേര്‍ന്ന ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി യോഗത്തിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്നു സൂപ്രണ്ട് യോഗത്തില്‍ നിന്നു ഇറങ്ങിപ്പോയ സംഭവത്തില്‍ ശക്തമായ നടപടികളുമായി മുന്നോട്ടു പോകുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്് വര്‍ഗ്ഗീസ് കാച്ചപ്പിള്ളി.
നടപടിയില്‍ പ്രതിഷേധിച്ച് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉന്നത അധികാരികള്‍ക്കു പരാതി നല്കാന് ഒരുങ്ങുകയുമാണ്. കഴിഞ്ഞ ദിവസം ചേര്‍ന്ന എച്ച്.എം.സി യോഗത്തില്‍ വനിതകള്‍ക്കായി നടത്തിയ അര്‍ബുദ രോഗനിര്‍ണയ ക്യാംപിനെ സംബന്ധിച്ചു സൂപ്രണ്ടിനു എതിരേയുള്ള പരാതികള്‍ ചര്ച്ചക്കെടുത്തപ്പോഴാണു സൂപ്രണ്ട് ഇറങ്ങിപ്പോയത്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വര്‍ഗീസ് കാച്ചപ്പിള്ളി മെഡിക്കല്‍ ക്യാംപിനെകുറിച്ചു ലഭിച്ച പരാതിയുടെ വിശദാംശങ്ങള്‍ ചോദിക്കുകയായിരുന്നു. ഇതോടെ സൂപ്രണ്ട് ക്ഷുപിതയായി എഴുന്നേല്ക്കുകയും വളരെ മോശമായ രീതിയില്‍ സംസാരിക്കുകയും പെരുമാറുകയും ചെയ്തു യോഗത്തില്‍ നിന്നു ഇറങ്ങിപ്പോയെന്നു എച്ച്.എം.സി അംഗങ്ങള്‍ പറയുന്നു.
സൂപ്രണ്ട് ഇല്ലാതെയാണു യോഗം പിന്നീടു നടത്തിയത്. വിഷയത്തില്‍ ആരോഗ്യമന്ത്രി, ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കു പരാതി നല്‍കാനും പിന്നീടു യോഗത്തില്‍ തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ പലകുറി എച്ച്.എം.സി യോഗത്തില്‍ ബ്ലോക്ക് പ്രസിഡന്റ് അടക്കം തന്നെ അധിക്ഷേപിക്കാന്‍ ശ്രമം നടത്തിയിരുന്നെന്നും തീരെ സഹിക്കാതായപ്പോള്‍ ഇറങ്ങിപ്പോയതാണെന്നും ആശുപത്രി സൂപ്രണ്ട് ഡോ. ആശ സേവ്യാര്‍ പറഞ്ഞു.
മനപ്പൂര്‍വം തന്നെ കരിവാരി തേക്കാന്‍ വേണ്ടിയാണു എച്ച്.എം.സി യോഗത്തില്‍ വിഷയം ചര്‍ച്ചക്കു എടുത്തത് എന്നാണു ഇവര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."