സൗജന്യ പാസ് നിര്‍ത്തലാക്കല്‍: പാലിയേക്കര ടോള്‍ പ്ലാസയിലേക്കു നടത്തിയ മാര്‍ച്ച് അക്രമാസക്തം
പാലിയേക്കര : ഇലക്ട്രോണിക് ടോള്‍ പിരിവിന്റെ പേരില്‍ സൗജന്യ പാസ് നിര്‍ത്തലാക്കാനുള്ള നീക്കത്തിനെതിരേ പാലിയേക്കര ടോള്‍ പ്ലാസയിലേക്കു എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് അക്രമാസക്തമായി.
നൂറോളം വരുന്ന പ്രവര്‍ത്തകര്‍ മുദ്രാവാക്യവുമായി എത്തി ടോള്‍ ബൂത്തുകള്‍ തുറന്നുകൊടുത്തു വാഹനങ്ങള്‍ കടത്തിവിട്ടു. ബൂത്തുകളിലെ ക്രോസ് ബാറുകളും ബാരിക്കേടുകളും തകര്‍ത്തു. ടോള്‍ ബൂത്തുകളില്‍ പ്രതിഷേധവുമായി എത്തിയ പ്രവര്‍ത്തകര്‍ രണ്ടു മണിക്കൂറോളം ടോള്‍ പിരിവു നിര്‍ത്തിവെപ്പിച്ചു.
രാജ്യത്തു ടോള്‍ കൊള്ളക്കു ഒത്താശ ചെയ്യുന്നതു കേന്ദ്ര സര്‍ക്കാരാണെന്നു മാര്‍ച്ച് ഉദ്ഘാടനം ചെയ്ത എ.ഐ.വൈ.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പി സന്ദീപ് പറഞ്ഞു.
എ.ഐ.വൈ.എഫ് അടക്കമുള്ള സംഘടനകള്‍ നടത്തിയ നിരന്തരമായ സമരങ്ങളുടെ ഭാഗമായി പത്ത് കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശവാസികള്‍ക്കു സൗജന്യ പാസ് അനുവദിച്ചിരുന്നു.ഇലക്ട്രോണിക് പണപ്പിരിവിന്റെ പേര് പറഞ്ഞ് അതു നിര്‍ത്തലാക്കുവാനാണു ഇവര്‍ ശ്രമിക്കുന്നത്.
സൗജന്യ പാസ് നിര്‍ത്തലാക്കാനുള്ള നീക്കത്തിനെതിരേ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്നും തൃശൂര്‍ ജില്ലയിലെ എം.എല്‍.എമാര്‍ ഇന്നു നിയമസഭ കൂടുമ്പോള്‍ വിഷയം അവതരിപ്പിച്ചു സംസാരിക്കണമെന്നും എ.ഐ.വൈ.എഫ് ആവശ്യപ്പെട്ടു.സി.പി.ഐ മണ്ഡലം സെക്രട്ടറി പി.ജി മോഹനന്‍ അധ്യക്ഷനായി.
എ.ഐ.വൈ.എഫ് ജില്ല സെക്രട്ടറി രാഗേഷ് കണിയാംപറമ്പില്‍, സി.പി.ഐ മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി പി.കെ ശേഖരന്‍, എ.ഐ.വൈ.എഫ് സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വി.കെ അനീഷ്, നവ്യ തമ്പി, സി.പി.ഐ മണ്ഡലം സെക്രട്ടറിയേറ്റ് മെമ്പര്‍ സി.യു പ്രിയന്‍, എ.ഐ.വൈ.എഫ് മണ്ഡലം സെക്രട്ടറി വി.കെ വിനീഷ്, ശ്യാല്‍ പുതുക്കാട്, പി.യു ഹരികൃഷ്ണന്‍, ഇ.ഉഷാദേവി സംസാരിച്ചു.
പി.എം നിക്‌സന്‍, കെ.പി അജിത്ത്, വി.എസ് ശ്രീജിത്ത്, പി.കെ ഗോപി, ടി.എന്‍ മുകുന്ദന്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."