തിരുവള്ളൂര്‍-ആയഞ്ചേരി റോഡില്‍ ദുരിതമായി വെള്ളക്കെട്ട്
വടകര: തിരുവള്ളൂര്‍-ആയഞ്ചേരി റോഡില്‍ അയ്യന വയലിനു സമീപം വെള്ളക്കെട്ടു കാരണം നാട്ടുകാര്‍ ദുരിതത്തില്‍. തിരുവള്ളൂര്‍ ഹൈസ്കൂള്‍, ഗവ. യു.പി സ്കൂള്‍, ശാന്തിനികേതന്‍ എല്‍.പി, നോര്‍ത്ത് എല്‍.പി സ്കൂള്‍ എന്നിവയടക്കമുള്ള സ്കൂളുകളിലേക്കു പോകുന്ന ചെറിയ കുട്ടികളടക്കം ഇതുകാരണം ബുദ്ധിമുട്ടുകയാണ്. തിരുവള്ളൂരില്‍ നിന്നു കാഞ്ഞിരാട്ടുതറ ഗവ. ആശുപത്രിയിലേക്കു പോകുന്ന വഴിയും ഇതാണ്.
വെള്ളക്കെട്ടുകാരണം വാഹനങ്ങളുടെ എഞ്ചിന് കേടാവുന്നതും നിത്യസംഭവമാണ്. ഇതുകാരണം പല വാഹനങ്ങളും ഇതുവഴി യാത്രചെയ്യാന്‍ മടിക്കുന്നതും രോഗികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കു ദുരിതമാവുകയാണ്. വെള്ളം കടന്നുപോകുന്ന വഴിയില്‍ സ്വകാര്യ വ്യക്തി മതില്‍കെട്ടിയതു കാരണമാണ് ഇത്തരത്തില്‍ വെള്ളക്കെട്ടുണ്ടായതെന്നു നാട്ടുകാര്‍ പറയുന്നു.
തിരുവള്ളൂര്‍ പഞ്ചായത്തിലും പി.ഡബ്ല്യു.ഡി ഓഫിസിലും നിരവധി തവണ പരാതി നല്‍കിയിട്ടും ഒരു ഫലവുമുണ്ടായില്ലെന്നു നാട്ടുകാര്‍ പരാതിപ്പെട്ടു. ഇതിനെതിരേ പ്രക്ഷോഭം സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണു നാട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."