തൊണ്ടിവാഹനങ്ങള്‍ നിറഞ്ഞ് കൊളത്തൂര്‍ പഴയ പൊലിസ് സ്റ്റേഷന്‍ പരിസരം
കൊളത്തൂര്‍: ജനവാസകേന്ദ്രമായ കൊളത്തൂര്‍ പഴയ പൊലിസ് സ്റ്റേഷന്‍ പരിസരം കൊതുകുവളര്‍ത്തല്‍ കേന്ദ്രമാകുന്നു. മഴക്കാലരോഗങ്ങളെ ചെറുക്കാന്‍ ജില്ലയില്‍ അധികൃതര്‍ വിവിധ പരിപാടികളും ശുചിത്വ പ്രവര്‍ത്തനങ്ങളും നടത്തിവരുന്നതിനിടെയാണ് മൂര്‍ക്കനാട് പഞ്ചായത്തിലെ പഴയ പൊലിസ് സ്റ്റേഷന്‍ സ്ഥിതിചെയ്തിരുന്ന പരിസരത്ത് തൊണ്ടിവാഹനങ്ങള്‍ക്കൊണ്ട് പൊറുതിമുട്ടി നിരവധി കുടുംബങ്ങള്‍ മഴക്കാല രോഗഭീതിയുമായി കഴിച്ചുകൂട്ടുന്നത്. പൊലിസും റവന്യൂ വകുപ്പ് അധികൃതരും പിടികൂടിയ തൊണ്ടി വാഹനങ്ങള്‍ വര്‍ഷങ്ങളായി കെട്ടികിടക്കുന്നതിനാല്‍ മാലിന്യം നിറഞ്ഞ് കൊതുകുകളുടെ ആവാസകേന്ദ്രമായി മാറിയിരിക്കുകയാണിപ്പോള്‍.
മാലിന്യവും മലിനജലവും നിറഞ്ഞ വാഹനങ്ങളില്‍ പാഴ്‌ച്ചെടികള്‍ വളര്‍ന്ന് കാടുപിടിച്ചിരിക്കുകയാണിപ്പോള്‍. പാതയോരങ്ങളിലും പൊതുജനങ്ങള്‍ താമസിക്കുന്ന സ്ഥലങ്ങളിലും കൂട്ടിയിട്ട തൊണ്ടി വാഹനങ്ങള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ വര്‍ഷം ജില്ലാ കലക്ടറായിരുന്ന എ. ഷൈനാമോള്‍, സബ് കലക്ടറായിരുന്ന ജാഫര്‍മാലിക് എന്നിവര്‍ക്ക് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ റവന്യൂ ജീവനക്കാര്‍ സ്ഥലത്തെത്തി ഓരോ വാഹനത്തിനും നമ്പറിട്ടു പോയിരുന്നു.
പിന്നീടിതുവരെ തൊണ്ടി വാഹനങ്ങള്‍ മാറ്റാനോ പരിസരം ശുചീകരിക്കാനോ അധികൃതര്‍ രംഗത്തുവന്നിട്ടില്ല. തൊണ്ടി വാഹനങ്ങള്‍ക്കിടയില്‍ രാത്രികാലങ്ങളില്‍ സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടവും സ്‌കൂള്‍ തുറക്കുമ്പോള്‍ തെരുവുനായ്ക്കളുടെ ശല്യവും കാരണം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വഴിനടക്കാന്‍ പോലും പറ്റാത്ത അവസ്ഥയാണിപ്പോള്‍. കഴിഞ്ഞ വര്‍ഷത്തിലുണ്ടായ പകര്‍ച്ചപ്പനിയിലും ഈ പ്രദേശത്ത് പതിനഞ്ചിലേറെ പേര്‍ പനിബാധിച്ച് ദിവസങ്ങളോളം കിടപ്പിലായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."