മദ്യപാനികള്‍ക്ക് ഇത് സുവര്‍ണാവസരം; ലോക് ഡൗണ്‍കാലത്ത് വിമുക്തി നേടാം
കേരളത്തില്‍ ബിവറേജ് ഷോപ്പുകള്‍ അടച്ചിട്ട് നാല് ദിവസം കഴിഞ്ഞപ്പോഴേക്കും കുറച്ചു പേര്‍ ആത്മഹത്യ ചെയ്തതോടെ വീട്ടിലേക്ക് ഡോര്‍ ഡലിവറിയടക്കം മദ്യ വില്‍പ്പന സജീവമായി ചര്‍ച്ച ചെയ്യുകയാണ്. മദ്യപന്‍മാരെല്ലാം മദ്യം ലഭിച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്നും അത് ഒരു ആത്മഹത്യ പരമ്പരക്കു വരെ കാരണമായേക്കുമെന്നപേടിയാകണം സര്‍ക്കാര്‍ തന്നെ നേതൃത്വം നല്‍കി 3 ലിറ്റര്‍ മദ്യം മദ്യപാനികള്‍ക്ക് വീട്ടിലേക്ക് എത്തിച്ചുകൊടുക്കാന്‍ പ്രേരിപ്പിച്ചത്. ഏകദേശം ദിവസവും 7 പെഗ് അടിക്കുന്നതിന് തുല്യമാണ് ഈ അളവ്.
മദ്യം കഴിക്കുന്ന എല്ലാവരും പെട്ടെന്ന് മദ്യം നിര്‍ത്തുമ്പാള്‍ വലിയ പ്രശ്‌നക്കാരാവുന്നുവെന്ന ധാരണ തെറ്റാണ്. മദ്യം നിര്‍ത്തിയത് കൊണ്ട് അത് രോഗാവസ്ഥയിലേക്കെത്തുന്നത് മൂന്ന് മുതല്‍ അഞ്ച് ശതമാനം പേര്‍ക്ക് മാത്രമാണ്. മറ്റുള്ളവരില്‍ പെട്ടെന്ന് നിര്‍ത്തുമ്പോഴുള്ള ഉറക്കക്കുറവ്, ഭക്ഷണത്തിനോടുള്ള താല്‍പര്യക്കുറവ്, ചെയ്യുന്ന കാര്യങ്ങളിലെ അശ്രദ്ധ എന്നിവയാണ് പ്രധാനമായും കണ്ട് വരുന്നത്.
പക്ഷെ ഒരാഴ്ചയ്ക്കുള്ളില്‍ ഈയൊരു പിന്‍വാങ്ങല്‍ ലക്ഷണങ്ങള്‍ മദ്യം ലഭിക്കാത്ത ശരീരവുമായി മയപ്പെടുമെന്നതാണ് യാഥാര്‍ഥ്യം. ഇവര്‍ക്ക് പ്രത്യേക ചികിത്സയോ മറ്റോ ആവശ്യമില്ല. പകരം കാര്യങ്ങള്‍ തിരിച്ചറിഞ്ഞ് ചെറിയ പിന്തുണ വീട്ടുകാര്‍ തന്നെ നല്‍കിയാല്‍ പരിഹരിക്കാവുന്നതാണത്. ചുരുക്കി പറഞ്ഞാല്‍ ഇത്തരക്കാരില്‍ വലിയ രീതിയില്‍ ഭീതിപ്പെടേണ്ട കാര്യമില്ലെന്നതാണ് സത്യം.
നേരത്തെ പറഞ്ഞ മൂന്ന് മുതല്‍ അഞ്ചു ശതമാനം വരെയുള്ളവര്‍ക്ക് മാത്രമാണ് പ്രത്യേക ചികിത്സ അഥവാ റലീേഃശളശരമശേീി നല്‍കേണ്ടി വരുന്നത്. ഇത്തരക്കാരെയാണ് അമിത മദ്യാസക്തി രോഗാവസ്ഥയില്‍ എത്തിയവര്‍ എന്ന് നമ്മള്‍ പൊതുവെ പറയുന്നത്. സാധാരണ മദ്യം കഴിക്കുന്നവരില്‍ നിന്ന് വ്യത്യസ്ഥമായി വലിയ അളവില്‍ മദ്യം സ്ഥിരം കഴിക്കുന്നവരാണിവര്‍.
പക്ഷെ ഇതില്‍ വലിയൊരു വിഭാഗത്തെ നമുക്ക് പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ വെച്ച് തന്നെ മരുന്ന് നല്‍കി വീട്ടില്‍ പറഞ്ഞ് വിട്ട് തന്നെ ചികിത്സിച്ച് മാറ്റാന്‍ കഴിയുന്നതാണ്. വളരെ കുറച്ച് പേര്‍ക്ക് മാത്രമാണ് കിടത്തി ചികിത്സ പോലും വേണ്ടി വരിക. ഏതൊരു എം.ബി.ബി.എസ് ഡോക്ടര്‍ക്കും മാനേജ് ചെയ്യാന്‍ കഴിയുന്ന പ്രശ്‌നങ്ങളേ ഇവര്‍ക്കുള്ളു. പക്ഷെ ഇവരിലെ പിന്‍വാങ്ങല്‍ ലക്ഷണങ്ങളെ അല്‍പ്പം ഗൗരവത്തോടെ കാണണമെന്ന് മാത്രം.
നേരത്തെ പറഞ്ഞ കിടത്തി ചികിത്സ ആവശ്യമുള്ളവര്‍ക്ക് പിന്‍വാങ്ങല്‍ ലക്ഷണങ്ങളുടെ ഭാഗമായി ഇല്ലാത്ത ശബ്ദങ്ങള്‍ കേട്ട് തുടങ്ങും, ആരോ തന്നോട് ആജ്ഞാപിക്കുന്നതായി തോന്നും, ചിലപ്പോള്‍ അതിഭീകര സ്വപ്നം കണ്ട് ആത്മഹത്യക്ക് തുനിയാന്‍ സാധ്യതയുണ്ട്. ഇതിനെ ആല്‍ക്കഹോള്‍ വിത്‌ഡ്രോവല്‍ ഹാലൂസിനേഷന്‍സ് എന്നാണ് പറയുന്നത്.
ഇത്തരക്കാരെയാണ് ശ്രദ്ധിക്കേണ്ടത്. ഉറക്കക്കുറവ്, തുടര്‍ച്ചയായി ശര്‍ദിക്കല്‍, ശരീരം വിറയല്‍, നടക്കാന്‍ പറ്റാത്ത അവസ്ഥ എന്നിവയാണ് ഇത്തരക്കാരില്‍ പ്രധാനമായും കാണുന്നത്. ഈ ലക്ഷണം കണ്ടാല്‍ ആശുപത്രിയില്‍ എത്തിച്ച് അഞ്ചോ പത്തോ ദിവസം ചികിത്സ നല്‍കിയാല്‍ തന്നെ ഇവരെ സാധാരണ നിലയിലേക്കെത്തിക്കാന്‍ കഴിയും.
വളരെ ചുരുക്കം ചിലരില്‍ മദ്യം നിര്‍ത്തി 48 മണിക്കൂര്‍ കഴിയുമ്പോഴേക്കും മേല്‍പറഞ്ഞ ലക്ഷണങ്ങള്‍ക്കൊപ്പം അപസ്മാരവുമുണ്ടാവും, റം ഫിറ്റ്‌സ് എന്നാണ് ഇതിന് പറയുന്നത്. ഇത് അല്‍പ്പം ഗൗരവം കൂടിയ കാര്യമാണ്. ശരീരത്തിന്റെ ജലാംശം കുറയാനും സോഡിയത്തിന്റെ അംശം കുറഞ്ഞ് തലച്ചോറിന്റെ പ്രവര്‍ത്തനത്തെ വരെ തടസ്സപ്പെടുത്തിയേക്കാനുമുള്ള സാധ്യതയുണ്ടു്. ഇത് ഹൃദയാഘാതത്തിന് വരെ കാരണമാവാം.
ഇവര്‍ക്ക് കൃത്യമായ ചികിത്സ നല്‍കുന്നതിന് പകരം വീണ്ടും മദ്യം ലഭിക്കുന്ന അവസ്ഥയിലേക്കെത്തിച്ചാല്‍ അത് അവരെ രക്ഷിക്കുന്നതിന് പകരം മദ്യാസക്തിരോഗം മൂര്‍ച്ചിക്കുന്ന അവസ്ഥയിലേക്കെത്തിക്കും. മാത്രമല്ല, ചികിത്സ നല്‍കാന്‍ വൈകുന്നതിന് അനുസരിച്ച് പല തരത്തിലുള്ള അണുബാധയ്ക്കും മറ്റ് അവയവങ്ങളുടെ കേടുപാടുകള്‍ക്കും കാരണമാകും. കൊറോണയുടെ സാഹചര്യം കൂടി പരിഗണിക്കുമ്പോള്‍ പൊതുവെ രോഗ പ്രതിരോധ ശക്തി കുറവായത് കൊണ്ട് മരണപ്പെടാനുള്ള സാധ്യതയും കൂടുതലാണ്.
ചുരുക്കത്തില്‍ പിന്‍വലിയല്‍ ലക്ഷണമുള്ളവരില്‍ വളെരെ കുറഞ്ഞപേര്‍ക്കു മാത്രമാണ് ആത്മഹത്യ സംഭവിക്കാനുള്ള സാധ്യത ഉള്ളൂ. വീട്ടുകാരുടെ ചെറിയൊരു കരുതല്‍ കൊണ്ട് ഇത് തടയാവുന്നതാണ്.
സ്ഥിരമായി മദ്യം കഴിക്കുന്നതില്‍ ഭൂരിഭാഗം പേരും ഇതില്‍ നിന്ന് രക്ഷപ്പെടണമെന്ന് ആഗ്രഹിക്കുന്നവരാണ്. ഇത്തരക്കാര്‍ക്ക് ഏറ്റവും നല്ല സുവര്‍ണാവസരമാണ് ഈ 21 ദിവസത്തെ ലോക് ഡൗണ്‍കാലം. ചികത്സയും വിമുക്തി കേന്ദ്രവും ഉപയോഗിക്കാന്‍ പറ്റിയ സമയം. ഇതിന് പകരം ഇവരെ വീണ്ടും മദ്യം കഴിക്കാനുള്ള സൗകര്യമൊരുക്കുന്നത് സമൂഹത്തോട് ചെയ്യുന്ന നീതികേടായിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."