വ്യാജ കമ്പനികളുടെ നിരോധനത്തിന് പുല്ലുവില: നാടനല്ല; വെളിച്ചെണ്ണ പലതും 'തമിഴ് 'നാടനാണ്!
ചങ്ങരംകുളം: ഗുണമേന്മയില്ലാത്ത, കൃത്രിമമായി നിര്‍മിച്ച വെളിച്ചെണ്ണകള്‍ കഴിഞ്ഞ ദിവസം സര്‍ക്കാര്‍ നിരോധിച്ചെങ്കിലും ലേബലില്ലാതെ വിറ്റഴിക്കുന്ന വെളിച്ചെണ്ണകള്‍ വിപണിയില്‍ വ്യാപകം. നിരോധിച്ച വെളിച്ചെണ്ണ കമ്പനികളുടെ പേരുവിവരങ്ങള്‍ സര്‍ക്കാര്‍ പുറത്തുവിട്ടതോടെയാണ് ലേബലുകള്‍ നീക്കംചെയ്ത് നാടന്‍ വെളിച്ചെണ്ണ എന്ന പേരില്‍ കച്ചവടം പൊടിപൊടിക്കുന്നത്.
വെളിച്ചെണ്ണ വിപണിയുടെ നിയന്ത്രണം തമിഴ്‌നാട് ലോബി ഏറ്റെടുത്തതോടെയാണ് വ്യാജ വെളിച്ചെണ്ണ വ്യാപകമായത്. നല്ല ഗുണനിലവാരമുള്ള വെളിച്ചെണ്ണയില്‍ അയഡിന്‍ വാല്യൂ 7.5 മുതല്‍ 10 വരെയായിരിക്കും.
ആസിഡ് വാല്യൂവാകട്ടെ ആറില്‍ താഴെയും. മായംചേര്‍ത്ത വെളിച്ചെണ്ണയില്‍ ഇവയൊക്കെ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളിലേക്കു വഴിവയ്ക്കുന്ന നിലയില്‍ കൂടുതലായിരിക്കും.
ശുദ്ധമായ നാടന്‍ വെളിച്ചെണ്ണ എന്ന പേരില്‍ ബോര്‍ഡ് സ്ഥാപിച്ചു വെളിച്ചെണ്ണ വില്‍ക്കുന്ന കേന്ദ്രങ്ങള്‍ വ്യാപകമായിരിക്കുകയാണ്. തോന്നുന്ന വില ഈടാക്കുന്നുമുണ്ട്.
എന്നാല്‍, നാടനിലും വ്യാജ ഒഴുക്ക് ശക്തമാണ്. നാടന്‍ വെളിച്ചെണ്ണ വിറ്റ് തുടങ്ങി പിന്നീട് കച്ചവടം ക്ലിക്കായി സ്വന്തം ഉല്‍പന്നം വിപണിയില്‍ തികയാതെവന്നതോടെ തമിഴ്‌നാട്ടില്‍നിന്നു വെളിച്ചെണ്ണ വരുത്താന്‍ തുടങ്ങുന്നവരുമുണ്ട്. ജില്ലയിലേക്ക് ഇത്തരത്തില്‍ 'തമിഴ് 'നാടന്‍ വെളിച്ചെണ്ണ യഥേഷ്ടം എത്തുന്നുണ്ട്.
തമിഴ്‌നാട്ടില്‍ വെളിച്ചെണ്ണയെ ഭക്ഷ്യ എണ്ണയുടെ ഗണത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. അതിനാല്‍ അവിടെ പരിശോധനകള്‍ കുറവാണ്. പ്രതിദിനം ഇരുനൂറിലേറെ ടാങ്കര്‍ വെളിച്ചെണ്ണ തമിഴ്‌നാട്ടില്‍നിന്നു കേരളത്തിലേക്കെത്തുന്നുണ്ട്. ഇതില്‍ ഭൂരിഭാഗം ടാങ്കറുകളും വരുന്നതു മലപ്പുറം ജില്ലയിലേക്കുമാണ്.
ചരക്കു സേവന നികുതി വന്നതോടെ അതിര്‍ത്തിയില്‍ ഇപ്പോള്‍ പരിശോധനയില്ല. വെളിച്ചെണ്ണയില്‍ മായം ചേര്‍ക്കുന്നതായി വിവരം ലഭിച്ചതോടെ കൊച്ചിന്‍ ഓയില്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ അവരുടെ ലബോറട്ടറിയിലും പൂണിത്തുറയിലെ സര്‍ക്കാര്‍ അംഗീകൃത ലബോറട്ടറിയിലും വിവിധ എണ്ണകളുടെ സാംപിളുകള്‍ പരിശോധിച്ചിരുന്നു. 21 ബ്രാന്‍ഡുകളുടെ സാമ്പിളുകളില്‍ അന്‍പതു ശതമാനത്തിലേറെ മായം ചേര്‍ന്നതായി കണ്ടെത്തുകയും ചെയ്തു.
വെളിച്ചെണ്ണയില്‍ കലര്‍ത്തിയ വസ്തുക്കളെക്കുറിച്ചുള്ള വിശദമായ പരിശോധന നടത്തുന്നതിനു സൗകര്യമുള്ള ലബോറട്ടറികള്‍ കുറവാണ്. ഒരു സാംപിള്‍ പരിശോധിക്കുന്നതിനു മൂവായിരം രൂപയിലേറെയാണ് ചെലവ്. പിടിക്കപ്പെട്ടാല്‍തന്നെ ശിക്ഷാ നടപടികള്‍ക്കു വിധേയരായവരും കുറവാണ്.
വ്യാജ വെളിച്ചെണ്ണയുടെ ഉപയോഗം കാരണമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഏറെയാണ്. ഇതിന്റെ അമിത ഉപയോഗം ഹൃദയം, കരള്‍, വൃക്ക എന്നിവയെ മാരകമായി ബാധിക്കും. ആമാശയ കാന്‍സറിനും സാധ്യത കൂടുതലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."