മന്ത്രിയുടെ പ്രഖ്യാപനം വെറുതെയായി; പമ്പിങ് സബ്‌സിഡി പുനഃസ്ഥാപിച്ചില്ല
ഹരിപ്പാട് : തുടര്‍ച്ചയായി രണ്ടാം കൃഷി ഇറക്കുന്ന കര്‍ഷകര്‍ക്ക് മാത്രമേ പമ്പിങ് സബ്‌സിഡി ലഭിക്കൂ എന്ന സര്‍ക്കാര്‍ ഉത്തരവ് പുനപരിശോധന നടത്തി രണ്ടാം കൃഷി ഇറക്കുന്ന എല്ലാ കൃഷിക്കാര്‍ക്കും ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമെന്ന കൃഷി മന്ത്രിയുടെ പ്രഖ്യാപനം പാഴ് വാക്കായി.
കഴിഞ്ഞ മാര്‍ച്ച് 28ന് ആലപ്പുഴ കലക്ടറേറ്റില്‍ വച്ച് കോട്ടയം ആലപ്പുഴ കളക്ടര്‍മാരുടെ സാന്നിധ്യത്തില്‍ ഉദ്യോഗസ്ഥരുടേയും കര്‍ഷക പ്രതിനിധികളേയും പങ്കെടുപ്പിച്ച യോഗത്തിലാണ് കൃഷിമന്ത്രി കര്‍ഷകര്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്ന പ്രഖ്യാപനം നടത്തിയത്.
കാര്‍ഷിക ആനുകൂല്യങ്ങള്‍ ലഭിക്കുന്നില്ലെന്ന കാരണത്താല്‍ കര്‍ഷകര്‍ സംസ്ഥാനത്ത് ഉല്‍പാദനത്തില്‍ നിന്നും പിന്മാറരുതെന്ന ലക്ഷ്യത്തിലാണ് പഴയ ഉത്തരവ് പുനപ്പരിശോധിച്ച് ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ചത്. പുഞ്ചകൃഷി വിളവെടുപ്പിനോടനുബന്ധിച്ച വേളയിലായിരുന്നു പ്രഖ്യാപനം. പുഞ്ചകൃഷി വിളവെടുപ്പ് കഴിഞ്ഞ് രണ്ട് മാസം പിന്നിട്ടിട്ടും നടപടി സ്വീകരിക്കാത്തതില്‍ ജില്ലയിലെ കൃഷിക്കാര്‍ നിരാശയിലാണ് .
പുഞ്ചകൃഷി കഴിഞ്ഞ് രണ്ടാം കൃഷി 40 ദിവസം പിന്നിട്ട കള പറിക്കലും പറിച്ചു നടലും കഴിഞ്ഞ പാടവും അപ്പര്‍ കുട്ടനാട്ടിലുണ്ട്. രണ്ടാം കൃഷി തുടര്‍ച്ചയായി ചെയ്യുന്ന കര്‍ഷകന് ഏക്കറിന് 1900 രൂപയാണ് പമ്പിങ് സബ്‌സിഡി ലഭിക്കുന്നത്.
പുഞ്ചക്കൃഷിയേക്കാള്‍ മാസങ്ങളോളം പമ്പിങ് ആവശ്യമായി വരുന്ന കൃഷിയാണ് രണ്ടാം കൃഷി. കാലവര്‍ഷത്തെ തുടര്‍ന്ന് പാടത്തേക്ക് പെയ്തിറങ്ങുന്ന വെള്ളവും , കിഴക്കന്‍ വെള്ളത്തിന്റെ ശക്തമായ വരവിനെ തുടര്‍ന്ന് ഉറവയായി വരുന്ന വെള്ളവും പമ്പിങ് നടത്തിയെങ്കിലേ വറ്റിക്കാന്‍ കഴിയൂ. മാത്രമല്ല ചെറിയ തരത്തിലുള്ള മടവീഴ്ചയിലൂടെ പാടത്തേക്ക് ഇരച്ചുകയറുന്ന വെള്ളം വറ്റിക്കണമെങ്കിലും പമ്പിങ് അനിവാര്യമാണ്.
ഈ സാഹചര്യത്തിലാണ് കര്‍ഷകര്‍ ഏറെ മാനസിക പീഡനം അനുഭവിക്കേണ്ടി വരുന്നത്. കൃഷിക്കാരെ ഉല്‍പാദന രംഗത്ത് നിലനിര്‍ത്തണമെങ്കില്‍ കാര്‍ഷിക മേഖലയില്‍ പശ്ചാത്തല സൗകര്യം ഒരുക്കി കൊടുക്കണം.
ഒപ്പം ആനുകൂല്യങ്ങള്‍ നല്‍കി കര്‍ഷകരെ സംരക്ഷിക്കുകയും വേണം. കൃഷി നാശം സംഭവിച്ചാല്‍ കാലതാമസം കൂടാതെ നഷ്ടപരിഹാരം കൊടുക്കുന്നതിനും നടപടി വേണം.
സംസ്ഥാനത്ത് പ്രഖ്യാപനങ്ങള്‍ക്ക് കുറവൊന്നുമില്ലെന്നും പ്രാവര്‍ത്തികമാക്കാനാണ് താമസമെന്നും കര്‍ഷകര്‍ ആരോപിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."