തമിഴ്‌നാട്ടില്‍ 102 പേര്‍ക്കുകൂടി കൊവിഡ്-19 സ്ഥിരീകരിച്ചു: രോഗബാധിതരുടെ എണ്ണം 411 ആയി
ചെന്നൈ: തമിഴ്‌നാട്ടില്‍102 പേരുടെ പരിശേധനാ ഫലം പോസിറ്റിവ് ആയതോടെ കൊവിഡ്-19 ബാധിതരുടെ എണ്ണം 411 ആയി ഉയര്‍ന്നു.അതേ സമയം പുതുതായി സ്ഥിരീകരിച്ച 102പേര്‍ക്ക് രോഗബാധയുണ്ടായത് എങ്ങനെയാണ് എന്നുള്ളത് സംബന്ധിച്ച വിവരം പുറത്തുവിട്ടിട്ടില്ല. 75 കേസുകളില്‍ 74പേര്‍ക്ക് ന്യൂഡല്‍ഹിയില്‍ തബ്ലിഗ് സമ്മേളനവുമായി ബന്ധമുണ്ടെന്ന് തമിഴ്നാട് ആരോഗ്യ വകുപ്പ് വ്യാഴാഴ്ച വ്യക്തമാക്കി.
തബ്ലിഗ് സമ്മേളനവുമായി ബന്ധപ്പെട്ട് മൊത്തം 264 കേസുകള്‍ പുറത്തുവന്നിട്ടുണ്ട്. നിലവില്‍ തമിഴ്നാട്ടിലാണ് ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ളത്.മാര്‍ച്ച് 8 മുതല്‍ മാര്‍ച്ച് 22 വരെ നടന്ന സമ്മേളനത്തില്‍ സംസ്ഥാനത്തെ 1500 ഓളം പേര്‍ പങ്കെടുത്തിട്ടുണ്ട്.ഈ സമ്മേളനത്തില്‍ പങ്കെടുത്തവരുടെ സമ്പര്‍ക്കം കണ്ടെത്തുന്നത് ഒരു വെല്ലുവിളി നിറഞ്ഞ കാര്യമാണെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കിയിരുന്നു. എന്നാല്‍, ആരോഗ്യവകുപ്പിന്റെ അഭ്യര്‍ത്ഥനയെത്തുടര്‍ന്ന് സമ്മേളനത്തില്‍ പങ്കെടുത്ത നൂറുകണക്കിന് ആളുകള്‍ സ്വമേധയാ സംസ്ഥാനത്തൊട്ടാകെയുള്ള സര്‍ക്കാര്‍ ആശുപത്രികളില്‍ പരിശോധനയ്ക്കായി എത്തിയിരുന്നു.
രാജ്യവ്യാപകമായി ലോക്ക്ഡ ഡൗണ്‍ പ്രഖ്യാപിച്ചതിന് ശേഷം ജമാഅത്ത് അംഗങ്ങള്‍ വിമാനങ്ങളിലും ട്രെയിനുകളിലും തിരിച്ചെത്തി. കൊവിഡ്-19 ബാധിച്ച രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് എത്തിയ
ആയിരക്കണക്കിന് ആളുകളോട് ഇവര്‍ ഇടപഴകിയിരുന്നു.
തമിഴ്നാട് ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ പ്രകാരം സംസ്ഥാന സര്‍ക്കാര്‍ 2,10,538 യാത്രക്കാരെ പരിശോധിക്കുകയും 1580 രോഗികളെ സര്‍ക്കാര്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലാക്കുകയും
ചെയ്തിട്ടുണ്ട്. മൊത്തം 3684 സാംപിളുകള്‍ പരിശോധിച്ചു. അതില്‍ 2789 പേരുടെ പരിശോധനാഫലം നെഗറ്റീവാണ്
മാര്‍ച്ച് 10 നും 17 നും ഇടയില്‍ വെലച്ചേരിയിലെ ഫീനിക്‌സ് മാള്‍, ഷോപ്പിംഗ് കോംപ്ലക്‌സിലെ ലൈഫ് സ്‌റ്റൈല്‍ സ്റ്റോര്‍ സന്ദര്‍ശിച്ച എല്ലാവരോടും ജാഗ്രത പാലിക്കണമെന്നും എന്തെങ്കിലും കൊവിഡ് -19 ലക്ഷണങ്ങള്‍ ഉണ്ടായാല്‍ ഉടന്‍ തന്നെ ആരോഗ്യവകുപ്പില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും ചെന്നൈ കോര്‍പ്പറേഷന്‍ അറിയിച്ചു. മാളില്‍ ജോലി ചെയ്തിരുന്ന മൂന്ന് ജീവനക്കാര്‍ക്ക് രോഗബാധയുണ്ടായതിനെ തുടര്‍ന്നാണിത്.
മാര്‍ച്ച് 27 ന്, സ്റ്റോറിലെ ജോലിക്കാരിയായ 25 കാരിയായ സ്ത്രീയ്ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചിരുന്നു. ഇവരെ അരിയലൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നു. ശ്രീലങ്കയില്‍ കൊവിഡ്-19 സ്ഥിരീകരിച്ച കേരളത്തില്‍ നിന്നുള്ള ഒരാളുമായി യുവതി ബന്ധപ്പെട്ടിട്ടുണ്ടെന്ന് ആരോഗ്യ സെക്രട്ടറി ബീല രാജേഷ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."