രാമനാട്ടുകര നഗരസഭാധികൃതര്‍ ബൈപാസില്‍ മാലിന്യം തള്ളി
ഫറോക്ക്: മഴക്കാലപൂര്‍വ ശുചീകരണത്തിന്റെ ഭാഗമായി ശേഖരിച്ച മാലിന്യങ്ങള്‍ നഗരസഭാധികൃതര്‍ തന്നെ പാതയോരത്ത് തള്ളുന്നത് നാട്ടുകാര്‍ തടഞ്ഞു. രാമാനട്ടുകര നഗരസഭയുടെ നേതൃത്വത്തില്‍ ഇന്നലെ രാവിലെ അങ്ങാടിയില്‍നിന്നു ശേഖരിച്ച മാലിന്യങ്ങളാണ് വൈകിട്ടോടെ ദേശീയപാത ബൈപാസില്‍ ദില്‍ക്കുഷ് പെട്രോള്‍ പമ്പിനു സമീപം കൊണ്ടുതള്ളാനെത്തിയത്. ടിപ്പറില്‍ നാലു ലോഡ് മാലിന്യം തള്ളിയതിനു ശേഷം അഞ്ചാമത്തെ ലോഡുമായെത്തിയപ്പോഴാണ് നാട്ടുകാര്‍ സംഘടിച്ചെത്തി തടഞ്ഞത്.
കഴിഞ്ഞദിവസം നഗരസഭാ അധികൃതര്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗ തീരുമാന പ്രകാരമാണ് അങ്ങാടിയിലെയും മറ്റുമുള്ള മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായാണ് ഇന്നലെ രാവിലെ നഗരസഭയും വ്യാപാരികളും ചേര്‍ന്ന് രാമനാട്ടുകര ടൗണിലെ മാലിന്യനീക്കം ആരംഭിച്ചത്. ഇതിന്റെ ഭാഗമായി അങ്ങാടിയില്‍നിന്നു ശേഖരിച്ച അറവുമാലിന്യമടക്കമുള്ളവയാണ് പാതയോരത്ത് കൊണ്ടുതള്ളിയത്. നഗരസഭ ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷന്റെ നേതൃത്വത്തിലാണ് മാലിന്യവുമായെത്തിയതെന്നും ജനത്തെ കണ്ടപ്പോള്‍ ഇദ്ദേഹം സ്ഥലം വിടുകയായിരുന്നുവെന്നും നാട്ടുകാര്‍ ആരോപിച്ചു.
നാടാകെ പകര്‍ച്ച പനി പടര്‍ന്നിപിടിക്കുമ്പോള്‍ അധികൃതര്‍ തന്നെ ജനവാസകേന്ദ്രത്തില്‍ മാലിന്യം തള്ളിയതാണ് നാട്ടുകാരെ രോഷാകുലരാക്കിയത്. ലോറിയില്‍നിന്നു മാലിന്യം തള്ളുന്നതിനിടെ ബൈപാസ് റോഡിലും മാലിന്യം പരന്നു. ചീഞ്ഞളിഞ്ഞ മാലിന്യം റോഡില്‍ പരന്നത് പ്രദേശത്ത് ദുര്‍ഗന്ധനത്തിനിടയാക്കി.
നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഫറോക്ക് അഡീഷനല്‍ എസ്.ഐ എം. ഹരീഷിന്റെ നേതൃത്വത്തില്‍ പൊലിസെത്തി ലോറി കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് മാറ്റി. ഇവര്‍ക്ക് 500 രൂപ പിഴ ചുമത്തിയെങ്കിലും കേസെടുത്തിട്ടില്ല. രാഷ്ട്രീയ സമ്മര്‍ദ്ദത്തിനു വഴങ്ങിയാണ് പൊലിസ് കേസെടുക്കാത്തതെന്ന് നാട്ടുകാര്‍ ആരോപിച്ചു. ജനവാസ കേന്ദ്രത്തില്‍ കൊണ്ടിട്ട മാലിന്യം പൂര്‍ണമായും നീക്കം ചെയ്യണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ചു പ്രദേശത്തെ റസിഡന്‍സ് അസോസിയേഷനുകള്‍ പൊലിസില്‍ പരാതി നല്‍കും. നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ദേശീയപാത ബൈപാസില്‍ ഗതാഗതം തടസപ്പെട്ടു.
അതേസമയം മഴക്കാലപൂര്‍വ ശുചീകരണത്തിന്റെ ഭാഗമായി രാമനാട്ടുകര അങ്ങാടിയില്‍നിന്നു ശേഖരിച്ച പുല്ലും മണ്ണുമാണ് ബൈപാസ് റോഡരികില്‍ കൊണ്ടിട്ടതെന്ന് നഗരസഭാ അധ്യക്ഷന്‍ വാഴയില്‍ ബാലകൃഷ്ണന്‍ പറഞ്ഞു. പൊതുജനാരോഗ്യത്തിനു ഹാനികരമാകുന്ന ഒന്നും തന്നെ തള്ളിയതിലില്ലെന്നും ബൈപാസ് റോഡ് ആറുവരി പാതയാക്കി വികസിപ്പിക്കുന്നതിന് മണ്ണിട്ടു നികത്തുന്ന ഭാഗത്താണ് മാലിന്യം തള്ളിയതെന്നും ഇത് ഇന്നു രാവിലെ പൂര്‍ണമായും മണ്ണിട്ടു മൂടുമെന്നു അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."