പൊതുവഴിയില്‍ അപകടഭീഷണി ഉയര്‍ത്തി കൂറ്റന്‍ ചുമരുകളും മതിലുകളും
വടകര: ചോറോട് ഗ്രാമപഞ്ചായത്ത് 16-ാം വാര്‍ഡ് പെരുവാട്ടുംതാഴ ബൈപ്പാസ് ജങ്ഷനു സമീപം പൊതുവഴിയില്‍ അപകട ഭീഷണി ഉയര്‍ത്തി കൂറ്റന്‍ ചുമരുകളും മതിലുകളും. കഷ്ടിച്ചു രണ്ട് മീറ്റര്‍ മാത്രം വീതിയുള്ള ഇടവഴിയോടു ചേര്‍ന്നാണ് ഇരുഭാഗത്തുമായി സമീപത്തെ കൊപ്രക്കളങ്ങളുടെ കൂറ്റന്‍ ചുമരുകളും മതിലുകളും സ്ഥിതി ചെയ്യുന്നത്. കാലപ്പഴക്കത്താല്‍ ഇവ വിള്ളല്‍ വീണ് അപകട ഭീഷണി ഉയര്‍ത്തുകയാണ്.
ഇടവഴിയില്‍ നിന്നു മൂന്നാള്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ചുമരുകള്‍ മഴക്കാലത്ത് ഏതു നിമിഷവും നിലംപൊത്തുമെന്ന സ്ഥിതിയാണ്. രണ്ടുഭാഗത്തുമുള്ള കൊപ്രക്കളങ്ങളിലേക്കു പോകാന്‍ ഇടവഴിക്കു മീതെ നിര്‍മിച്ച കോണ്‍ക്രീറ്റ് പാലത്തിന്റെ സുരക്ഷയും ഭീഷണിയിലാണ്.
ഈ പാലത്തിന് അടിയിലൂടെയാണ് ഊരുവന്റവിട പ്രദേശത്തേക്കും മറ്റുമുള്ള അന്‍പതോളം വീട്ടുകാര്‍ യാത്ര ചെയ്യുന്നത്. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ രാപ്പകല്‍ ഭേദമന്യേ ഈ ആറു മീറ്ററിലേറെ പൊക്കമുള്ള ചുമരുകള്‍ക്കിടയിലൂടെ ഭീതിയോടെയാണു നടന്നുപോകുന്നത്. സിമന്റ് തേക്കാതെ ചെങ്കല്ലില്‍ കെട്ടിയ ചുമര് മഴയില്‍ കുതിര്‍ന്നു പലയിടത്തും വിണ്ടുകീറിയ നിലയിലാണ്. മുഴുസമയവും ആള്‍സഞ്ചാരമുള്ള ഇവിടെ ചുമരോ മതിലോ ഇടിഞ്ഞുവീണാല്‍ വന്‍ ദുരന്തത്തിനിടയാക്കുമെന്ന ആശങ്കയിലാണു നാട്ടുകാര്‍. ഇക്കാര്യത്തില്‍ അടിയന്തര നടപടി തേടി നാട്ടുകാര്‍ ജില്ലാകലക്ടര്‍ക്കും പഞ്ചായത്ത് അധികാരികള്‍ക്കും നിവേദനം നല്‍കി. തുടര്‍ നടപടിക്കു വേണ്ടി വിപുലമായ കമ്മിറ്റിക്കും രൂപംനല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."