സനാഥബാല്യം ; സ്‌നേഹക്കൂടൊരുക്കുന്ന പോറ്റിവളര്‍ത്തല്‍ പദ്ധതി
തിരുവനന്തപുരം: സ്‌നേഹ നഷ്ടങ്ങള്‍ തളര്‍ത്തുകയും ജീവിതത്തിന്റെ തളിരില വാടുകയും ചെയ്യുന്ന അവസ്ഥയില്‍ നിന്നും തണല്‍മരമാകുന്ന കുടുംബങ്ങളുടെ സ്‌നേഹത്തിന്റെ ഇലകള്‍ക്ക് കീഴില്‍ കുട്ടികളുടെ ബാല്യത്തെ പരിപോഷിപ്പിക്കാന്‍ ജില്ലാ ശിശുസംരക്ഷണ യൂനിറ്റ് തുടങ്ങുന്ന പദ്ധതിയാണ് 'സനാഥ ബാല്യം'. അച്ഛനമ്മമാര്‍ക്ക് പല കാരണങ്ങള്‍ കൊണ്ടും കൂടെനിര്‍ത്താന്‍ കഴിയാത്ത കുട്ടികളെ മറ്റൊരു കുടുംബത്തില്‍ വളര്‍ത്തുന്നതാണ് രീതി. ജില്ലയില്‍ സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ ഭാഗമായാണ് പദ്ധതിആരംഭിക്കുന്നത്.
മറ്റൊരു കുടുംബം എന്നാല്‍ അകന്ന ബന്ധമുള്ളവരോ ബന്ധമില്ലാത്തവരോ ആകാം. സ്ഥാപനത്തില്‍ നിര്‍ത്താതെ കുട്ടികളെ സ്‌നേഹമസൃണമായ കുടുംബാന്തരീക്ഷത്തില്‍ വളരാന്‍ അനുവദിക്കുക എന്നതാണ് പോറ്റിവളര്‍ത്തലിന്റെ മുഖ്യ ലക്ഷ്യം. ജന്മം നല്‍കിയ മാതാപിതാക്കള്‍ക്ക് അവരുടെ കുട്ടികളുടെ മേലുള്ള അവകാശങ്ങളോ ചുമതലകളോ നഷ്ടപ്പെടുന്നില്ല എന്നുള്ളതാണ് ഈ സംവിധാനത്തിന്റെ പ്രത്യേകത.
ബ്ലോക്ക്തല ശിശു സംരക്ഷണ കമ്മിറ്റി, വില്ലേജ്തല ശിശു സംരക്ഷണ കമ്മിറ്റി തുടങ്ങിയവയുമായി സഹകരിച്ച് തുടര്‍ അന്വേഷണങ്ങളും പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാക്കിയാണ് കുടുംബങ്ങളെ ദത്തു നല്‍കാനായി കണ്ടെത്തുന്നത്. കുട്ടിയെ നല്‍കിക്കഴിഞ്ഞാല്‍ കൃത്യമായ ഇടവേളകളില്‍ കുട്ടി താമസിക്കുന്ന കുടുംബം സന്ദര്‍ശിച്ച് വിശദാംശങ്ങള്‍ ശേഖരിക്കും. രണ്ടമാസം വരെയുള്ള കാലയളവിലേക്കാണ് കുട്ടിയെ ആദ്യം നല്‍കുക. തൃപ്തികരമായ രീതിയില്‍ അഞ്ചുവര്‍ഷം ദാമ്പത്യ ജീവിതം പൂര്‍ത്തിയാക്കിയ ദമ്പതികള്‍, ഏക രക്ഷിതാവായ വ്യക്തി, കുട്ടിയുമായി അടുത്ത ബന്ധമുള്ളവര്‍, ഒന്നിലധികം കുട്ടികളുടെ സംരക്ഷണവും ഉത്തരവാദിത്വവും ഏറ്റെടുക്കാന്‍ താല്‍പര്യം ഉള്ള സംഘടന, വ്യക്തികള്‍ എന്നിവര്‍ക്ക് ഫോസ്റ്റര്‍ രക്ഷിതാവാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."