സര്‍വകക്ഷി തീരുമാനം അവഗണിച്ച് ഉടുമ്പിറങ്ങിയില്‍ ഖനനത്തിന് അനുമതി
വാണിമേല്‍: ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വിളിച്ചുകൂട്ടിയ സര്‍വകക്ഷിയോഗ തീരുമാനം അവഗണിച്ച് വിലങ്ങാട് ഉടുമ്പിറങ്ങി മലയിലെ കരിങ്കല്‍ ക്വാറിക്ക് ഇന്നലെ ചേര്‍ന്ന ഭരണസമിതി അനുമതി നല്‍കി. ഇതേ തുടര്‍ന്നു പ്രതിപക്ഷ അംഗങ്ങള്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി. വൈസ് പ്രസിഡന്റ് യോഗത്തില്‍ പങ്കെടുത്തില്ല.
കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് നല്‍കിയ ഡി ആന്‍ഡ് ഒ ലൈസന്‍സ് പുതുക്കി നല്‍കാന്‍ സ്ഥലം ഉടമ നല്‍കിയ അപേക്ഷ എതിര്‍പ്പിനെ തുടര്‍ന്ന് മാറ്റിവച്ചിരുന്നു. തുടര്‍ന്ന് ഉടമ ഹൈക്കോടതിയെ സമീപിച്ചു. ഭരണസമിതി അനുമതി നല്‍കിയതിനാല്‍ ലൈസന്‍സ് പുതുക്കി നല്‍കാന്‍ കോടതി ഉത്തരവിട്ടു. എന്നാല്‍ ജനങ്ങളുടെ എതിര്‍പ്പിനെത്തുടര്‍ന്ന് ലൈസന്‍സ് നല്‍കുന്നത് വീണ്ടും വൈകുകയായിരുന്നു. കഴിഞ്ഞമാസം നടന്ന ബോര്‍ഡ് യോഗത്തില്‍ പ്രതിപക്ഷം എതിര്‍ത്തതോടെ സര്‍വകക്ഷി യോഗം വിളിച്ചു വിഷയം ചര്‍ച്ചചെയ്യാന്‍ തീരുമാനിച്ചു. ക്വാറിക്ക് അനുമതി നല്‍കിയാല്‍ മാവോയിസ്റ്റ് ആക്രമണ സാധ്യതയുണ്ടെന്ന പൊലിസ് റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് അനുമതി നല്‍കരുതെന്ന് സര്‍വകക്ഷി യോഗം ഭരണസമിരിയോട് ആവശ്യപ്പെട്ടു. ഹൈക്കോടതി ഉത്തരവിനെതിരായി അപ്പീല്‍ നല്‍കാനും യോഗം തീരുമാനിച്ചു. എന്നാല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ എടുത്ത തീരുമാനം പരിഗണിക്കതെയാണ് ഇന്നലെ ചേര്‍ന്ന ഭരണസമിതി ലൈസന്‍സ് നല്‍കാന്‍ തീരുമാനിച്ചത്. ഉദ്യോഗസ്ഥതലത്തില്‍ നടപ്പാക്കേണ്ട കോടതി ഉത്തരവ് നടപ്പാക്കാന്‍ ഭരണസമിതി തീരുമാനിച്ചതോടെ ഇനി അപ്പീലിനു പോകാനുള്ള അവസരം കൂടി നഷ്ടമായി.
അതേസമയം ഉടുമ്പിറങ്ങിയില്‍ ഖനനം നടത്താന്‍ അനുവദിക്കില്ലെന്ന് സി.പി.എം നേതാക്കള്‍ പറഞ്ഞു. ഇവിടെ നിന്ന് ഒരു ലോഡ് കല്ലുപൊലും പുറത്തു കൊണ്ടുപോകാന്‍ അനുവദിക്കില്ലെന്ന് ബി.ജെ.പി നേതാവ് മാംബറ്റ ബാലന്‍ പറഞ്ഞു. ക്വാറിക്കെതിരേ ശക്തമായ സമരം നടത്തുമെന്നും ക്വാറിയുടെ പേരില്‍ എന്ത് അനിഷ്ട സംഭവങ്ങള്‍ ഉണ്ടായാലും അതിന്റെ ഉത്തരവാദിത്വം ഭരണസമിതിക്ക് മാത്രമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."