സനാഥബാല്യം പദ്ധതിക്കു തുടക്കം
തിരുവനന്തപുരം: പുതിയ കാലത്തിന്റെ ചതിക്കുഴികള്‍ മനസിലാക്കാന്‍ കുട്ടികളെ പ്രാപ്തമാക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു. തിരുവനന്തപുരം ജില്ലാ ശിശുസംരക്ഷണ യൂനിറ്റും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിയും സംയുക്തമായി സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന സനാഥബാല്യം പദ്ധതിയുടെ ഔദ്യോഗിക സമാരംഭം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബാലാവകാശത്തിന്റെ കാര്യത്തില്‍ പ്രസക്തമായ നിലപാടുകളും നടപടികളും സ്വീകരിക്കുന്ന ഉത്തരവാദിത്തമുള്ള സര്‍ക്കാരാണ് കേരളത്തിലുള്ളത്. എന്നാല്‍ രാജ്യത്ത് അനാഥമാക്കപ്പെടുകയും തെരുവിലേക്കെറിയപ്പെടുകയും ചെയ്യുന്ന ബാല്യങ്ങള്‍ ഏറിവരുന്നതായും വി.കെ. മധു പറഞ്ഞു. സനാഥബാല്യം പദ്ധതി വഴി ഒരു കുടുംബം ഒരുക്കി നല്‍കുകയെന്ന മഹത്തായ കര്‍ത്തവ്യമാണ് നിര്‍വഹിക്കപ്പെടുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷനായിരുന്ന ജില്ലാ കലക്ടര്‍ എസ്. വെങ്കടേസപതി പറഞ്ഞു. ഒരുകുട്ടിക്കുപോലും കുടുംബമില്ലാതെയാകാന് പാടില്ല. ഏറ്റെടുക്കലിന്റെ മനസുണ്ടാവുകയാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ ശിശുസംരക്ഷണ ഓഫിസര്‍ കെ.കെ. സുബൈര്‍, ഐ.സി.പി.എസ്. മേധാവി എ.എസ്. ഗണേഷ് കുമാര്‍, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയംഗം ഡോ. വി. സുജ, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് രഞ്ജിത്, ജില്ലാ പഞ്ചായത്തംഗം ജലീല്‍, അജിത് വെണ്ണിയൂര്‍, എം. രാജഗോപാല്‍, ബീനാ ജോര്‍ജ്, എന്‍. ശ്രീകുമാരി, കെ.പി. ലക്ഷ്മി, ആലീസ് തോമസ്, വി.ഇ. വര്‍ഗീസ്, ജി. നിമ്മി മോള് എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."