കൊപ്രയുടെ താങ്ങുവില കേന്ദ്രം വര്‍ധിപ്പിച്ചിട്ട് അഞ്ചുമാസം; സംഭരണം തുടങ്ങാതെ കേരളം
നിലമ്പൂര്‍: കൊപ്രയുടെ താങ്ങുവില കേന്ദ്രസര്‍ക്കാര്‍ അഞ്ചുമാസം മുമ്പ് വര്‍ധിപ്പിച്ചെങ്കിലും സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ സംഭരണം തുടങ്ങാതെ നാളികേര കര്‍ഷകരെ പെരുവഴിയിലാക്കുന്നു. കഴിഞ്ഞ ഫെബ്രുവരിയിലാണ് കേന്ദ്ര സര്‍ക്കാര്‍ കൊപ്രയുടെ താങ്ങുവില 5250 രൂപയില്‍ നിന്നും 5950 രൂപയാക്കി ഉയര്‍ത്തിയത്. ഉണ്ടയായ കൊപ്രക്ക് 5830 രൂപയുള്ളത് 6240 രൂപയാക്കി ഉയര്‍ത്തുകയും ചെയ്തിരുന്നു. കാര്‍ഷിക വില നിര്‍ണയ കമിഷന്‍ ശുപാര്‍ശ പ്രകാരമാണ് കേന്ദ്രസര്‍ക്കാര്‍ വില വര്‍ധിപ്പിച്ചത്.
വിലയിടിവ് മൂലം തെങ്ങ് കൃഷിയില്‍ നിന്നും കര്‍ഷകര്‍ ചുവടു മാറ്റി തുടങ്ങിയതോടെയാണ് കര്‍ഷകരെ ഈ മേഖലയില്‍ പിടിച്ചു നിര്‍ത്താന്‍ ലക്ഷ്യമിട്ട് വില വര്‍ധന നടപ്പാക്കിയത്. കൊപ്ര സംഭരിക്കുന്നതിനുള്ള നോഡല്‍ ഏജന്‍സികള്‍ കേന്ദ്ര ഏജന്‍സിയായ നാഫെഡും, നാഷണല്‍ കോ-ഓപറേറ്റീവ് കണ്‍സ്യൂമര്‍ ഫെഡറേഷനുമാണ് താങ്ങുവില പ്രകാരം കൊപ്ര സംഭരിക്കാന്‍ സംസ്ഥാനത്തോട് ആവശ്യപ്പെട്ടത്. എന്നാല്‍ അന്ന് തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതാണ് സംഭരണം ആരംഭിക്കാന്‍ തടസ്സമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരുന്നത്. എന്നാല്‍ പുതിയ സര്‍ക്കാറും കൊപ്ര സംഭരണം ആരംഭിക്കുന്നതിന് നടപടി കൈകൊണ്ടിട്ടില്ല.
നാളികേര വിലയിടിവ് തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ കിലോഗ്രാമിന് 25 രൂപ പ്രകാരം പച്ചതേങ്ങ സംഭരിക്കാന്‍ കൃഷി ഭവനുകളിലൂടെ പദ്ധതിയിട്ടിരുന്നുവെങ്കിലും എവിടെയും പൂര്‍ണമായും വിജയിച്ചിട്ടില്ല. കൊപ്രയുടെ താങ്ങുവില കേന്ദ്രസര്‍ക്കാര്‍ ഉയര്‍ത്തിയതോടെ മൂന്ന് മാസം കൊണ്ട് വിവിധ ജില്ലകളില്‍ നിന്നായി 50000 മെട്രിക് ടണ്‍ കൊപ്ര സംഭരിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപനവും നടത്തിയിരുന്നു. കൊപ്ര സംഭരണം തുടങ്ങാത്തതിനാല്‍ പല കര്‍ഷകരും കൃഷിയിടങ്ങളില്‍ തന്നെ നാളികേരം നിക്ഷേപിച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."