പുഴസംരക്ഷണ പ്രതിജ്ഞയും പരിസ്ഥിതി സദസും ആറിന് ബേക്കലില്‍
മേല്‍പറമ്പ്: സംസ്ഥാന മുസ്്‌ലിം ലീഗ് കമ്മിറ്റിയുടെ തീരുമാന പ്രകാരം നടത്തുന്ന പരിസ്ഥിതി സംരക്ഷണ വാരാചരണം വിപുലമായ പരിപാടികളോടെ ബേക്കല്‍ പുഴയോരത്ത് സംഘടിപ്പിക്കാന്‍ പ്രസിഡന്റ് കെ.ഇ.എ ബക്കറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉദുമ മണ്ഡലം മുസ്്‌ലിം ലീഗ് നേതൃയോഗം തീരുമാനിച്ചു. മാലിന്യം തള്ളിയും കൈയേറ്റം നടത്തിയും നാള്‍ക്കുനാള്‍ നശിപ്പിച്ചുകൊണ്ടിരിക്കുന്ന ബേക്കല്‍ പുഴയെ പുനരുജ്ജീവിപ്പിക്കാനും ആവാസ വ്യവസ്ഥിതിയെ തിരികെ കൊണ്ടുവരുന്നതിനും വേണ്ടി ജനങ്ങളെ ബോധവല്‍ക്കരിക്കാനുള്ള ആദ്യപടിയായി പുഴ സംരക്ഷണ പ്രതിജ്ഞ ആറിന് രാവിലെ 10 നു ബേക്കല്‍ പുഴയോരത്ത് നടത്തും. ഡോ. എം.എ റഹ്്മാന്‍ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. തുടര്‍ന്ന് മാലിന്യമുക്തമാക്കല്‍, മരങ്ങള്‍ നട്ടുപിടിപ്പിക്കല്‍, ശുചീകരണം എന്നിവ നടക്കും.
തുടര്‍ന്ന് ബേക്കല്‍ ജങ്ഷനില്‍ നടക്കുന്ന പരിസ്ഥിതി സംരക്ഷണ സദസില്‍ മുസ്‌ലിം ലീഗ് നേതാക്കള്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, മതനേതാക്കള്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍ പങ്കെടുക്കും. മണ്ഡലത്തിലെ ഏറ്റവും വലിയ ജലവാഹിനികളിലൊന്നായ ബേക്കല്‍ പുഴയെ സംരക്ഷിച്ച് ഭാവിതലമുറക്കും ഭൂമിയുടെ നിലനില്‍പ്പിനും നിലനിര്‍ത്തുന്നതിനായി മണ്ഡലം മുസ്‌ലിം ലീഗ് സമര്‍പ്പിക്കുന്ന നിവേദനം ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍ ചടങ്ങില്‍ ഏറ്റുവാങ്ങും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."