ഡീഗോ ഗാര്‍ഷ്യയില്‍ തടവിലായിരുന്ന മത്സ്യത്തൊഴിലാളികള്‍ മടങ്ങിയെത്തി
കോവളം: മത്സ്യ ബന്ധനത്തിനിടെ സമുദ്രാര്‍ത്തി ലംഘിച്ചതിനെ തുടര്‍ന്ന് ബ്രീട്ടീഷ് സൈന്യം പിടികൂടി ഡീഗോ ഗാര്‍ഷ്യയില്‍ തടവിലിട്ടിരുന്ന മത്സ്യത്തൊഴിലാളികള്‍ മടങ്ങിയെത്തി. ഉറ്റവര്‍ അപകടം കൂടാതെ മടങ്ങിയെത്തിയതിന്റെ ആശ്വാസത്തില്‍ വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളി കുടുംബങ്ങളും.
വിഴിഞ്ഞം കോട്ടപ്പുറം കടക്കുളം വയലിന്‍ കരയിലെ പ്രബിന്‍ (25), യേശുദാസന്‍ (43) സഹോദരങ്ങളായ സുരേഷ് (20) ബിനു (18) വിഴിഞ്ഞം കരി പള്ളിക്കര സ്വദേശി സുരേഷ് (19) കോട്ടപ്പുറം വടയാര്‍ പുരയിടത്തില്‍ സുരേഷ് (33) കോട്ടപ്പുറം തുലവിളയില്‍ ശബരിയാര്‍ (52)പൂന്തുറ സ്വദേശികളായ സ്റ്റീഫന്‍ (32) സാജന്‍ (32) പുതിയതുറ സ്വദേശി വര്‍ഗീസ് (48) പുല്ലുവിള സ്വദേശി ലൂയിസ് വിന്‍സന്റ് അടിമലത്തുറ സ്വദേശി ജോസ്(43) എന്നിവരും തമിഴ്‌നാട്ടില്‍ന്നുള്ള മത്സ്യ തൊഴിലാളികളടക്കം 32 പേരാണ് ഇന്ത്യന്‍ മഹാസമുദ്രത്തിലെ ഡീഗോ ഗാര്‍ഷ്യ ദ്വീപില്‍ തടവിലായിരുന്നത്.
സമുദ്രാ അതിര്‍ത്തി ലംഘിച്ചതിന്റെ പേരില്‍ മാര്‍ച്ച് ഒന്നിനാണ് ഇവരെ ബ്രിട്ടീഷ്‌നാവികസേന പിടികൂടിയത്. ശശിതരൂര്‍ എം.പി, എം.വിന്‍സെന്റ് എം.എല്‍എ, ഫിഷറീസ് വകുപ്പ് മന്ത്രി എന്നിവരുടെ ഇടപെടലിനെ തുടര്‍ന്ന് ഇന്ത്യന്‍ വിദേശ കാര്യ വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ നയതന്ത്ര നീക്കങ്ങള്‍ക്കൊടുവില്‍ പിഴത്തുകയായി അടക്കാനാവശ്യപ്പെട്ട വന്‍തുകയില്‍ ഇളവ് ലഭിച്ചു.
തുടര്‍ന്ന് പിഴയായി ഏഴുലക്ഷത്തി ഇരുപത്തയ്യായിരം ഇന്ത്യന്‍ രൂപ റോയല്‍ ബാങ്ക് ഓഫ് സ്‌കോട്ട്‌ലന്‍ഡില്‍ അടച്ചാണ് മത്സ്യതൊഴിലാളികളെ മോചിപ്പിച്ചത്. മത്സ്യ ബന്ധന ബോട്ടില്‍ ഇന്നലെ രാവിലെയോടെയാണ് വിഴിഞ്ഞം പൂന്തുറ, അടിമലത്തുറ, പുതിയതുറ, പുല്ലുവിള എന്നിവിടങ്ങളില്‍ നിന്നുള്ള മത്സ്യ തൊഴിലാളികള്‍ വിഴിഞ്ഞത്തെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."