ഫണ്ടില്ലാത്തതിന്റെ പേരില്‍ സമൂഹ അടുക്കള പൂട്ടേണ്ട: മുഖ്യമന്ത്രി
തിരുവനന്തപുരം : ഫണ്ടില്ലാത്തതിന്റെ പേരില്‍ സമൂഹ അടുക്കള പൂട്ടുന്നു എന്ന നിലയില്‍ കോട്ടയം നഗരസഭയുമായി ബന്ധപ്പെട്ട വാര്‍ത്ത ശരിയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
കോട്ടയം നഗരസഭയുടെ തനത് ഫണ്ട് തന്നെ അഞ്ചു കോടിയില്‍പരം രൂപയുണ്ട്. സമൂഹ അടുക്കള തദ്ദേശ സ്ഥാപനങ്ങള്‍ ചുമതലയായെടുക്കണം. ഫണ്ടിന്റെ പ്രശ്‌നമുണ്ടാകില്ല. ചെലവഴിക്കാന്‍ തടസ്സമില്ല. സമൂഹ അടുക്കളകളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഇപ്പോഴും തുടരുകയാണ്. അതില്‍ അനാവശ്യ ഇടപെടല്‍ വരുന്നു എന്നാണ് ഇപ്പോഴും കാണാന്‍ കഴിയുന്നത്.
ഇത് പൂര്‍ണമായി ഒഴിവാക്കേണ്ടതാണ്. കിച്ചണില്‍ ആവശ്യമായ ആളുകള്‍ എത്രയാണോ, അവിടെ നിയോഗിക്കപ്പെട്ട ആളുകള്‍ എത്രയാണോ അവര്‍ മാത്രമേ ഉണ്ടാവേണ്ടതുള്ളൂ.
നേരത്തെ ആവര്‍ത്തിച്ച് വ്യക്തമാക്കിയതുപോലെ അവിടെ നിന്ന് ആര്‍ക്കൊക്കെയാണോ സൗജന്യമായി ഭക്ഷണം നല്‍കേണ്ടത് ആ ആളുടെയും കുടുംബത്തിന്റെയും പേര് മുന്‍കൂട്ടി തന്നെ തീരുമാനിച്ചിരിക്കണം.
ഏതെങ്കിലും പ്രത്യേക താല്‍പര്യംവച്ച് ഇതിലൂടെ കുറെ ആളുകള്‍ക്ക് ഭക്ഷണം കൊടുത്തുകളയാം എന്ന് ആരും ചിന്തിക്കാന്‍ പാടില്ല. ആരും പട്ടിണി കിടക്കാന്‍ പാടില്ല എന്നതാണ് നമ്മുടെ നയം.
സാധാരണ നിലയ്ക്ക് ഭക്ഷണത്തിന് വിഷമം ഇല്ലാത്തവര്‍ക്ക് കമ്യൂണിറ്റി കിച്ചണില്‍നിന്ന് ഭക്ഷണം എത്തിച്ചുകൊടുക്കേണ്ട ആവശ്യം വരുന്നില്ല.
എന്നാല്‍ സ്വന്തമായി പാചകം ചെയ്യാന്‍ പറ്റാത്തവരെ സഹായിക്കേണ്ടി വരും. തന്റെ ഇഷ്ടക്കാര്‍ക്കെല്ലാം ഇതിലൂടെ ഭക്ഷണം കൊടുത്തുകളയാം എന്ന് ഏതെങ്കിലും ഒരു പ്രത്യേക സ്ഥാനത്തിരിക്കുന്നു എന്നതിന്റെ പേരില്‍ ആരെങ്കിലും ശ്രമിച്ചാല്‍ അത് അംഗീകരിക്കാന്‍ പറ്റില്ല.
ഇക്കാര്യത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ശക്തമായ നിലപാട് സ്വീകരിക്കണമെന്നും അത് ഗൗരവമായി തദ്ദേശസ്വയംഭരണ വകുപ്പ് മോണിറ്റര്‍ ചെയ്യണമെന്നും തീരുമാനിച്ചിട്ടുണ്ട്.
ഇന്നലെ മൂന്നു ലക്ഷത്തി ആയിരത്തി അമ്പത്തിയഞ്ചു പേര്‍ക്കാണ് സമൂഹ അടുക്കളവഴി ഭക്ഷണം നല്‍കിയതെന്നും കഴിഞ്ഞ ദിവസത്തേക്കാള്‍ ഇത് കൂടുതലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."