സൂക്ഷിക്കുക, ചില ആഹാരസാധനങ്ങള്‍ ഗര്‍ഭഛിദ്രത്തിന് കാരണമായേക്കാം
ആഹാരസാധനങ്ങള്‍ ആരോഗ്യദായകങ്ങളെന്നപോലെ ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ ചില ആഹാര സാധനങ്ങള്‍ അനാരോഗ്യകരങ്ങളുമാണ്. പരമ്പരാഗതമായി കൈമാറിക്കിട്ടിയ ചില അറിവുകള്‍ വച്ചും ശാസ്ത്രീയമായ തെളിവുകളിലൂടെയും ആഹാരങ്ങളിലടങ്ങിയിരിക്കുന്ന ഘടകങ്ങളുമായി ബന്ധപ്പെടുത്തി ഇത്തരത്തില്‍ നമുക്ക് മുന്നറിയിപ്പുകള്‍ ലഭിക്കാറുണ്ട്. പലപ്പോഴും ഒരു ന്യൂട്രീഷനോ ഡോക്ടറോ മുതിര്‍ന്നവരോ നാട്ടുവൈദ്യന്‍മാരോ ഇത്തരത്തില്‍ ഉപദേശങ്ങള്‍ നല്‍കാറുണ്ട്.
എങ്കിലും നമ്മള്‍ നിത്യേന ഉപയോഗിക്കുന്ന ചില ആഹാര സാധനങ്ങളെങ്കിലും ചില വേളകളില്‍ അനാരോഗ്യകരങ്ങളാണെന്നറിയേണ്ടതുണ്ട്. പ്രത്യേകിച്ച് ഗര്‍ഭാവസ്ഥയിലോ ഗര്‍ഭധാരണ വേളകളിലോ ഈ ആഹാരസാധനങ്ങള്‍ ഉപയോഗിക്കുന്നത് ഗുരുതരമായ സ്ഥിതിവിശേഷത്തിലേക്ക് നയിച്ചേക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. ഗര്‍ഭഛിദ്രത്തിലേക്കുപോലും നയിച്ചേക്കാവുന്ന ചില ആഹാര സാധനങ്ങളും ഇക്കൂട്ടത്തിലുണ്ടെന്നുള്ളത് ഇതിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു.
ചുട്ടതോ, പുകച്ച് പാകം ചെയ്തതോ
ചുട്ടതോ പുകച്ച് പാകം ചെയ്തതോ ആയ കടല്‍ മത്സ്യം ഉള്‍പ്പെടെയുള്ള കടല്‍ വിഭവങ്ങള്‍ ഗര്‍ഭിണികള്‍ ഒരു കാരണവശാലും കഴിക്കാന്‍ പാടുള്ളതല്ലെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. ഇങ്ങനെ പാകം ചെയ്ത മത്സ്യവും മറ്റും ആധുനികമെന്നു വിശേഷിപ്പിക്കപ്പെടുന്ന ചില ഷോപ്പുകളില്‍ ഫ്രിഡ്ജില്‍ തണുപ്പിച്ച് സൂക്ഷിക്കുകയും ആവശ്യക്കാര്‍ വരുന്നതിനനുസരിച്ച് ആവി കയറ്റി ചൂടാക്കി വിളമ്പുകയും ചെയ്യുന്ന പതിവുമുണ്ട്. ലിസ്റ്റീരിയ മോണോസൈറ്റോജീന്‍സ് എന്നയിനം ബാക്ടീരിയ ഇത്തരം ആഹാരസാധനങ്ങളില്‍ കടന്നുകൂടാനും ഇത് ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ക്കും ഗര്‍ഭഛിദ്രത്തിനും കാരണമാകും.
പച്ചമുട്ട
പാകം ചെയ്യാത്ത എല്ലാത്തരം ആഹാരപദാര്‍ഥങ്ങളും ഗര്‍ഭിണികള്‍ ഉപേക്ഷിക്കുകതന്നെവേണം. അതുപോലെ പാതിവെന്ത ആഹാര സാധനങ്ങളും വര്‍ജിക്കണം. പച്ചമുട്ട കഴിക്കാന്‍ പാടില്ല. പച്ചമുട്ട ചേരുന്ന വീട്ടിലുണ്ടാക്കുന്ന മയോണൈസ് പോലുള്ള ആഹാരസാധനങ്ങള്‍ തീര്‍ച്ചയായും ഉപയോഗിക്കാന്‍ പാടില്ലാത്തതാണ്. മുട്ട കഴിക്കുമ്പോള്‍ അതിന്റെ വെള്ളയും മഞ്ഞയും വെന്ത് ദൃഢമായതാണെന്നുറപ്പു വരുത്തണം. ഇതുവഴി മുട്ടയില്‍ നിന്ന് സാന്‍മൊണെല്ല ബാക്ടീരിയ ശരീരത്തിലെത്തുന്നത് തടയാന്‍ സാധിക്കും. ഭക്ഷ്യ വിഷബാധയേല്‍ക്കാതിരിക്കാനും അത് സഹായിക്കും.
ശുദ്ധീകരിക്കാത്ത പാല്‍
യഥാവിധി ശുദ്ധീകരിക്കാത്ത പാല്‍ ഗര്‍ഭിണികള്‍ തീര്‍ച്ചയായും ഒഴിവാക്കേണ്ടതാണ്. അതുപോലെ പച്ചപ്പാല്‍ ഉപയോഗിച്ചുണ്ടാക്കിയ ആഹാര സാധനങ്ങളും വര്‍ജിക്കണം. പച്ചമുട്ടയെന്നപോലെ ഭക്ഷ്യ വിഷബാധയേല്‍ക്കാതിരിക്കാനും അത് പാലിച്ചേതീരൂ.
മുരിങ്ങക്കായ
മുരിങ്ങക്കായ നല്ലൊരു ഭക്ഷ്യവസ്തുവാണ്. പുരാതന കാലം മുതല്‍ക്കേ മുരിങ്ങക്കായ പ്രദാനം ചെയ്യുന്ന ആരോഗ്യ ഗുണങ്ങള്‍ പ്രചാരത്തിലുണ്ട്. എന്നാല്‍ ഗര്‍ഭിണിയെ സംബന്ധിച്ചിടത്തോളം മുരിങ്ങക്ക ദോഷകാരിയാണ്. പ്രത്യേകിച്ച് ഗര്‍ഭാവസ്ഥയുടെ ആദ്യ നാളുകളില്‍ മുരിങ്ങക്കായ ഉപയോഗിക്കുന്നത് ദോഷം ചെയ്യുമെന്ന് വിദഗ്ധര്‍ പറയുന്നു. മുരിങ്ങ മരത്തില്‍ ആല്‍ഫാ സിറ്റോസ്‌റ്റെറോള്‍ എന്ന ഘടകം അടങ്ങിയിരിക്കുന്നു. ഈസ്്ട്രജന്‍ പോലുള്ള ശരീരത്തിലെ ഘടകങ്ങളുമായി പ്രതിപ്രവര്‍ത്തനം ഉണ്ടാവുകയും ഗര്‍ഭഛിദ്രത്തിനു കാരണമാവുകയും ചെയ്യുമെന്നാണ് മുന്നറിയിപ്പ്.
കരള്‍
മൃഗങ്ങളുടെ കരള്‍ പൊതുവേ പോഷക സമൃദ്ധമായ ആഹാരമായാണ് കരുതിപ്പോരുന്നത്. എന്നാല്‍ യാതൊരു അസുഖവുമില്ലാത്ത മൃഗത്തിന്റെ കരളിനെപ്പറ്റിയാണ് ഇങ്ങനെ പറയുന്നത്. ഇന്ന് വിപണിയില്‍ ലഭിക്കുന്ന കരള്‍ അസുഖമില്ലാത്ത മൃഗത്തിന്റേതാണോ എന്നു കണ്ടെത്താന്‍ യാതൊരു മാര്‍ഗവുമില്ല. രോഗമുള്ള മൃഗങ്ങളുടെ കരളില്‍ ജൈവിക വിഷം അടങ്ങിയിട്ടുണ്ടാവും. ഇത് ഗര്‍ഭഛിദ്രത്തിലേക്ക് നയിക്കും. കരളില്‍ കൂടിയ തോതില്‍ വിറ്റാമിന്‍ എയും കൊളസ്‌ട്രോളും അടങ്ങിയിരിക്കുന്നു. അതുകൊണ്ടുതന്നെ രോഗമില്ലാത്ത മൃഗങ്ങളില്‍ നിന്നുള്ള ശുദ്ധമായ കരളായാല്‍ പോലും അമിതമാകുന്നത് ഗര്‍ഭസ്ഥശിശുവിനെ ദോഷകരമായി ബാധിക്കും. ഗര്‍ഭഛിദ്രമുണ്ടാവുകയും ചെയ്യും.
കറ്റാര്‍ വാഴ
കറ്റാര്‍ വാഴ ആരോഗ്യപ്രദവും കണ്‍കണ്ട ഔഷധങ്ങളിലൊന്നുമാണ്. എന്നാല്‍ ഗര്‍ഭിണികളെ സംബന്ധിച്ചിടത്തോളം അകറ്റി നിര്‍ത്തേണ്ട ഒന്നാണ് കറ്റാര്‍ വാഴ. കറ്റാര്‍ വാഴ അടങ്ങിയ ആഹാരമോ പാനീയമോ മറ്റെന്തെങ്കിലുമോ കഴിക്കുകയോ കുടിക്കുകയോ ചെയ്യുന്നത് വസ്തിപ്രദേശത്ത് രക്തപ്രവാഹത്തിന് കാരണമാകും. ഇത് ഗര്‍ഭഛിദ്രത്തിലേക്ക് നയിക്കുകയും ചെയ്യും. അതുകൊണ്ട് ഗര്‍ഭാവസ്ഥയുടെ മൂന്നു മാസക്കാലം കറ്റാര്‍ വാഴ ഉല്‍പന്നങ്ങളില്‍ നിന്നും അകന്നു നില്‍ക്കുന്നതു നല്ലതാണ്.
കിളിര്‍ത്ത ഉരുളക്കിഴങ്ങ്
ഉരുളക്കിഴങ്ങ് മാംസ്യക്കലവറയാണ്. ഉത്തമ ആഹാരമാണ്. എന്നിരുന്നാലും കിളിര്‍ക്കാന്‍ തുടങ്ങിയ കിഴങ്ങ് രോഗവാഹിയാണ്. യാതൊരു കാരണവശാലും ഇത്തരം കിഴങ്ങുകള്‍ ആരും കഴിക്കരുത്. പ്രത്യേകിച്ച് ഗര്‍ഭിണികള്‍. കിളിര്‍ക്കുന്ന കിഴങ്ങില്‍ വിവിധ തരം ജൈവിക വിഷങ്ങള്‍ അടങ്ങിയിട്ടുണ്ടാവും. ഇത് ആരോഗ്യത്തിന് ഹാനികരമാണ്. ഗര്‍ഭിണിയേയും ഗര്‍ഭസ്ഥ ശിശുവിനെയും ഇത് പ്രതികൂലമായി ബാധിക്കും. പച്ചമുകുളമുള്ള കിഴങ്ങില്‍ സൊലാനിന്‍ എന്ന ഘടകം അടങ്ങിയിട്ടുണ്ടാവും. ഭ്രൂണവളര്‍ച്ചയെ ഇത് മുരടിപ്പിക്കും.
പപ്പായ (കറുമൂസ)
പപ്പായ (കറുമൂസ, ഓമയ്ക്ക) ഗര്‍ഭഛിദ്രത്തിന് കാരണമാകുമെന്ന് നാട്ടുചൊല്ലുതന്നെയുണ്ട്. പ്രത്യേകിച്ച് പച്ച പപ്പായ ഗര്‍ഭിണികള്‍ യാതൊരു കാരണവശാലും കഴിച്ചുകൂടാ. പച്ച പപ്പായയില്‍ അടങ്ങിയിരിക്കുന്ന ദീപനരസം ഗര്‍ഭപാത്രത്തിന്റെ ചുരുങ്ങലിന് കാരണമാകുന്നു. ഗര്‍ഭഛിദ്രത്തിലേക്ക് നയിക്കാന്‍ ഇതാണ് കാരണമാകുന്നതെന്ന് ശാസ്ത്രപഠനങ്ങള്‍ പറയുന്നു.
കൈതച്ചക്ക (പൈനാപ്പിള്‍)
പ്രസവ സമയത്ത് നല്‍കുന്നതാണ് പൈനാപ്പിള്‍ ജ്യൂസ്. പ്രസവം സങ്കീര്‍ണതകളില്ലാതെ വേഗത്തിലാക്കാന്‍ ഇതുപകരിക്കും. പൈനാപ്പിളില്‍ അടങ്ങിയിരിക്കുന്ന ബ്രോമിലെയ്ന്‍ എന്ന ഘടകമാണ് ഗര്‍ഭപാത്രത്തിന്റെ പേശികളെ മൃദുവാക്കി പ്രസവം സുഖകരമാക്കുന്നത്. അപ്പോള്‍ ഗര്‍ഭാവസ്ഥയില്‍ ഇതു കഴിക്കുന്നതും ഇതേ ഫലമാണുണ്ടാക്കുന്നത്.
അതുവഴി ഗര്‍ഭഛിദ്രമുണ്ടാവുകയും ചെയ്യും. ഗര്‍ഭാവസ്ഥയുടെ ആദ്യമൂന്നു മാസത്തിനിടയില്‍ പൈനാപ്പിള്‍ കഴിച്ചാല്‍ ഗര്‍ഭഛിദ്രം സുനിശ്ചിതമാണെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."