കടലില്‍ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി
ചക്കരക്കല്‍: സുഹൃത്തുക്കളോടൊപ്പം കിഴുന്ന ഏഴര ബീച്ചില്‍ കടലില്‍ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി. മതുക്കോത്ത് വലിയന്നൂര്‍ സര്‍വിസ് സഹകരണ ബാങ്കിന് സമീപം കുന്നാവില്‍ ഹൗസില്‍ രമേശന്റെ മകന് അഖില്‍ ജിത്തിനെ(22)യാണ് ഇന്നലെ വൈകിട്ട് ആറോടെ കാണാതായത്. അഖില്‍ ജിത്തടക്കം എട്ടുപേരാണ് കടലില്‍ കുളിക്കുന്നതിനായി ഏഴര ബീച്ചിലെത്തിയത്. സോനു സുരേഷ്, വിഷ്ണു നാരായണ്‍ എന്നീ സുഹൃത്തുക്കള്‍ക്കൊപ്പം കടലിലിറങ്ങിയ അഖില്‍ജിത്ത് ഒഴുക്കില്‍പെടുകയായിരുന്നു. കടല്‍ക്ഷോഭവും മഴയും ഉണ്ടായിരുന്ന സമയത്താണ് ഇവര്‍ കടലിലിറങ്ങിയത്. സോനു സുരേഷ്, വിഷ്ണു നാരായണ്‍ എന്നിവരെ ലൈഫ് ഗാര്‍ഡുകളും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തി. കണ്ണൂര്‍ ഫയര്‍ ഫോഴ്സും എടക്കാട് പൊലിസും തിരച്ചില്‍ നടത്തിയെങ്കിലും അഖില്‍ ജിത്തിനെ കണ്ടെത്താനായില്ല. വിവരമറിഞ്ഞ് നൂറുകണക്കിന് നാട്ടുകാരാണ് ഏഴര ബീച്ചിലെത്തിയത്. കോര്പറേഷന് കൗണ്‍സിലര്‍മാരായ എം.പി മുഹമ്മദലി, കെ. ഭാരതി എന്നിവരും സ്ഥലത്തെത്തിയിരുന്നു. ഗീതയാണ് അഖില്‍ ജിത്തിന്റെ അമ്മ. സഹോദരി: രാഖി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."