തോമസും മറിയാമ്മയും വീട്ടിലേക്ക് മടങ്ങി, തോമസ് കൊവിഡ്-19 രോഗവിമുക്തി നേടിയ രാജ്യത്തെ ഏറ്റവും പ്രായമേറിയയാള്‍
സ്വന്തം ലേഖകന്‍
കോട്ടയം: കൊവിഡ്- 19 രോഗവിമുക്തി നേടിയ വയോധിക ദമ്പതികള്‍ ആശുപത്രി വിട്ടു. പത്തനംതിട്ട റാന്നി സ്വദേശികളായ തോമസ് (93), ഭാര്യ മറിയാമ്മ (88) എന്നിവരാണ് ആശുപത്രി വിട്ടത്. കേരളത്തിന്റെ ആരോഗ്യമേഖലയ്ക്കും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിക്കും ഇത് അഭിമാനകരമായ നേട്ടമായി.
ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തതോടെ ഇരുവരും ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെ വീട്ടിലേക്കു മടങ്ങി. ലോകവ്യാപകമായി ഈ രോഗം ബാധിച്ച 60 വയസിനു മുകളിലുള്ളവരെ ഹൈ റിസ്‌ക് വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇറ്റലിയില്‍ നിന്നെത്തിയ കുടുംബാംഗങ്ങളില്‍ നിന്നാണ് ഇരുവര്‍ക്കും രോഗം പിടിപെട്ടത്.
മാര്‍ച്ച് 30ന് തന്നെ ഇവര്‍ രോഗവിമുക്തരായിരുന്നു. തുടര്‍ പരിശോധനകള്‍ക്കായാണ് വീണ്ടും നാലു ദിവസം ആശുപത്രിയില്‍ തുടര്‍ന്നത്. ഇന്നലെ രാവിലെ യോഗം ചേര്‍ന്ന മെഡിക്കല്‍ ബോര്‍ഡ് ഇവരെ വീട്ടിലേക്കയയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു. കൊവിഡ് ബാധിച്ചു ചികിത്സയിലൂടെ രോഗമുക്തി നേടി വീട്ടിലേക്കു മടങ്ങുന്ന ഇന്ത്യയിലെ തന്നെ ഏറ്റവും പ്രായംകൂടിയ വ്യക്തിയാണ് തോമസ്.
പ്രായാധിക്യം മൂലമുള്ള രോഗങ്ങള്‍ക്കു പുറമെയാണ് ഇരുവരെയും കൊവിഡ് ബാധിച്ചത്. ചികിത്സയുടെ ഒരുഘട്ടത്തില്‍ ഇവര്‍ അതീവ ഗുരുതരാവസ്ഥയിലെത്തിയിരുന്നു. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ വിദഗ്ധ ചികിത്സയിലൂടെ ഇവരെ ജീവത്തിലേക്കു തിരിച്ചുകൊണ്ടുവരികയായിരുന്നു. കൊവിഡ് ബാധയെക്കാള്‍ പ്രായാധിക്യം മൂലമുള്ള രോഗങ്ങളായിരുന്നു വെല്ലുവിളിയായതെന്ന് ഇവരെ ചികിത്സിക്കുന്നതിനു നേതൃത്വം നല്‍കിയ ഡോ. സജിത്കുമാര്‍ പറഞ്ഞു.
ഇറ്റലിയില്‍ നിന്നെത്തിയ പത്തനംതിട്ട ജില്ലയിലെ മൂന്നംഗ കുടുംബത്തിനും അവരുമായി അടുത്തു സമ്പര്‍ക്കം പുലര്‍ത്തിയ ഇവര്‍ക്കും മാര്‍ച്ച് എട്ടിനാണ് കൊവിഡ് സ്ഥിരീകരിച്ചത്. മാര്‍ച്ച് ഒന്‍പതിന് ഇവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊവിഡ് ഭേദമായ ഇവര്‍ക്കു പ്രായാധിക്യം മൂലമുള്ള അവശതകളൊഴിച്ചാല്‍ ആരോഗ്യനില തൃപ്തികരമാണ്.
ചികിത്സയ്ക്കിടെ ചില സമയങ്ങളില്‍ ഇവര്‍ വീട്ടില്‍ പോകണമെന്നു വാശിപിടിച്ചിരുന്നു. ഇതിനായി ഭക്ഷണം കഴിക്കാതിരിക്കുകയും നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ള ഐസൊലേഷന്‍ വാര്‍ഡിലെ ജീവനക്കാരുമായി സഹകരിക്കാതിരിക്കുകയും ചെയ്തിരുന്നു. ജീവനക്കാരുടെ സ്‌നേഹനിര്‍ഭരമായ ഇടപെടലില്‍ പിന്നീട് ഇവര്‍ സഹകരിക്കാന്‍ തയാറായി.
രാജ്യത്തെ ഏറ്റവും പ്രായമേറിയ കൊവിഡ് ബാധിതനടക്കം ചികിത്സയ്ക്കായി ഐസൊലേഷനില്‍ പ്രവേശിപ്പിച്ച അഞ്ചു പേരെയും രോഗവിമുക്തരാക്കിയതിന്റെ അഭിമാനത്തിലാണ് കോട്ടയം മെഡിക്കല്‍ കോളജ്. നിലവില്‍ നിരീക്ഷണത്തില്‍ കഴിയുന്ന 24 ജീവനക്കാരൊഴികെ മറ്റാരും ഇവിടെ കൊവിഡ് ബാധിതരായി ചികിത്സയിലില്ല. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. ജോസ് ജോസഫ്, സൂപ്രണ്ട് ടി.കെ ജയകുമാര്‍, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. രാജേഷ്, ആര്‍.എം.ഒ ഡോ. ആര്‍.പി രഞ്ജിന്‍, എ.ആര്‍.എം.ഒ ഡോ. ലിജോ, നഴ്‌സിങ് ഓഫിസര്‍ ഇന്ദിര എന്നിവരാണ് ചികിത്സ ഏകോപിപ്പിച്ചത്. ഡോ. സജിത്കുമാര്‍, ഡോ. ഹരികൃഷ്ണന്‍, ഡോ. അനുരാജ് തുടങ്ങിയ ഏഴു ഡോക്ടര്‍മാരും 25 നഴ്‌സുമാര്‍ ഉള്‍പ്പെടെ മറ്റു 40 ജീവനക്കാരുമടങ്ങുന്ന സംഘം കൊവിഡ് ബാധിതര്‍ക്കു ചികിത്സ നല്‍കുന്നതില്‍ സജീവമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."