റമദാന്‍; ഉഹ്ദ് മലയിലേക്ക് സന്ദര്‍ശക പ്രവാഹം
ജിദ്ദ: റമദാന്‍ പ്രമാണിച്ച് മദീന നഗരയിലെ ഉഹ്ദ് മലയിലേക്ക് ലോകത്തിന്റെ നാനാഭാഗത്ത് നിന്ന് വിശ്വാസികളുടെ പ്രവാഹം. മദീന സന്ദര്‍ശത്തിന് ശേഷം പ്രവാചകനഗരിയിലെ ചരിത്ര ഭൂമികള്‍ നേരില്‍ സന്ദര്‍ശിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഭൂരിഭാഗവും മസ്ജിദു നബവിയുടെ വടക്ക് ഭാഗത്ത് സ്ഥിതിചെയ്യുന്ന എട്ട് കിലോമിറ്റര്‍ നീളവും രണ്ട് കിലോമീറ്റര്‍ വീതിയുമുള്ള ഉഹ്ദ് മലയിലേക്ക് എത്തുന്നത്.
മദീനയുടെ വടക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഉഹ്ദ് പര്‍വതത്തിന് ഇസ്‌ലാമിക ചരിത്രത്തില്‍ ഒട്ടേറെ സവിശേഷതകളുണ്ട്. 70 ഓളം സ്വഹാബികള്‍ വീരചരമം പ്രാപിച്ച ഉഹ്ദ് പ്രവാചകന്റെയും അനുചരന്മാരുടെയും ജീവിത വീഥിയില്‍ ശോകമൂകമായ അധ്യായം എന്ന നിലക്കാണ് വായിക്കപ്പെടുന്നത്.
മക്കയില്‍ നിന്ന് മദീനയിലെത്തിയ പ്രവാചകന് ബദര്‍ യുദ്ധത്തിന് ശേഷം ശത്രുക്കളുമായി തുടക്കത്തില്‍ തന്നെ (ഹിജ്‌റ മൂന്നാം വര്‍ഷം ശവ്വാല്‍ മാസം) നേരിടേണ്ടിവന്ന പോരാട്ടമാണ് ഉഹ്ദിലേത്. ഈ പര്‍വതത്തെ കുറിച്ച് പ്രവാചകന്‍ ഒരിക്കല്‍ പറഞ്ഞത് ഇപ്രകാരമാണ്. 'ഉഹ്ദ് നമ്മെ സ്‌നേഹിക്കുന്ന ഒരു പര്‍വതമാണ്. നാം അതിനെയും. കൂടാതെ അത് സ്വര്‍ഗീയ കവാടങ്ങളില്‍ പെട്ട ഒരു കവാടം കൂടിയാണ്.
മദീനയിലെ ഏറ്റവും ഉയരം കൂടിയ മലയാണ് ഉഹ്ദ്. പ്രവാചക ലബ്ധിക്ക് മുമ്പുള്ള കാലഘട്ടത്തില്‍ അന്‍ഖദ് എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഈ പര്‍വതത്തിന് ഉഹ്ദ് എന്ന പേര് വിളിക്കപ്പെടാന്‍ ചരിത്രകാരന്മാര്‍ പറയുന്ന കാരണങ്ങള്‍ പലതാണ്. മറ്റുള്ള പര്‍വതങ്ങളില്‍ നിന്ന് വേറിട്ട് ഒറ്റയായി നിലകൊള്ളുന്നുവെന്നതാണ് ഇതില്‍ പ്രധാനം.
ഉഹ്ദ് എന്ന പേരില്‍ ഈ മലയുടെ സമീപത്ത് ഭീമാകാരനായ ഒരു വ്യക്തി താമസിച്ചിരുന്നുവെന്നും കാലക്രമത്തില്‍ ഇയാളുടെ പേരില്‍ ഈ പര്‍വതം അറിയപ്പെടുകയായിരുന്നുവെന്നുമാണ് മറ്റൊരു കഥ. യസ്‌രിബ് എന്ന പേരില്‍ അറിയപ്പെട്ടിരുന്ന മദീനയില്‍ ആദ്യമായി താമസിച്ചിരുന്ന നൂഹ് നബിയുടെ സന്താന പരമ്പരയില്‍ പെട്ട ആളുകള്‍ ആകാര സൗഷ്ഠവത്തില്‍ തുല്യതയില്ലാത്ത ജനവിഭാഗമായിരുന്നു എന്ന വസ്തുത പരിഗണിക്കുമ്പോള്‍ ഈ കഥ തള്ളിക്കളയുക പ്രയാസം.
മസ്ജിദുന്നബവിയില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെയായി സ്ഥിതി ചെയ്യുന്ന ഉഹ്ദ് പര്‍വതത്തിന് ഏഴ് കിലോ മീറ്ററില്‍ അധികം നീളവും 3.2 കലോ മീറ്റര്‍ വീതിയും 350 മീറ്റര്‍ ഉയരവുമുണ്ട്. വിവിധ തരം ശിലകള്‍ കൊണ്ടുള്ള നിര്‍മിതിയാണ് ഉഹ്ദ്. ചുവപ്പും ഇരുണ്ട പച്ചയും കറുത്തതുമായ കല്ലുകളാണ് ഈ മലയില്‍ കാണുന്നത്.
നബിയുടെ പിതൃവ്യന്‍ ഹംസ ബിന്‍ അബ്ദുല്‍ മുത്തലിബ്, മിസ്അബ് ബിന്‍ ഉമൈര്‍, അബ്ദുല്ല ബിന്‍ ജഹ്ശ്, ഹന്‍ദല ബിന്‍ അബീ ആമിര്‍, അബ്ദുല്ല ബിന്‍ ജുബൈര്‍, അംറ് ബിന്‍ അല്‍ ജമൂഹ്, അബ്ദുല്ല ബിന്‍ ഹറാം എന്നിവരുള്‍പ്പെടെ 70 സ്വഹാബികളാണ് ഈ പര്‍വതത്തില്‍ അന്ത്യവിശ്രമം കൊള്ളുന്നത്. പല ഘട്ടങ്ങളിലും പ്രവാചകന്‍ ഉഹ്ദിലെ രക്തസാക്ഷികളുടെ ഖബറുകള്‍ സന്ദര്‍ശിച്ചിട്ടുണ്ട്.
പ്രവാചകന്റെയും അനുചരന്മാരുടെയും പാദം പതിഞ്ഞ ഈ സ്ഥലത്തേക്ക് ഇന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ധാരാളം തീര്‍ഥാടകര്‍ സന്ദര്‍ശിക്കാന്‍ എത്താറുണ്ട്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."