മാമാങ്കത്തെയും തിരുന്നാവായയെയും സ്‌നേഹിച്ച ഡോ.എന്‍.എം നമ്പൂതിരി ഓര്‍മയായി
തിരുന്നാവായ: ഏറെ പഠനങ്ങളൊന്നും നടക്കാതെ പോയ മാമാങ്കത്തിന്റെയും തിരുന്നാവായയുടെയും ചരിത്രം ലോകത്തിന് പരിചയപ്പെടുത്തുന്നതില്‍ ഡോ.എന്‍.എം നമ്പൂതിരിയുടെ ഇടപെടല്‍ നിര്‍ണായകമായിരുന്നു.
80 കളുടെ തുടക്കത്തില്‍ കോഴിക്കോട് സാമൂതിരി കോവിലകത്തെ താളിയോല ഗ്രന്ഥങ്ങളില്‍ നടത്തിയ ദീര്‍ഘമായ പഠനത്തിന് ശേഷം മാമാങ്കത്തെക്കുറിച്ച് നിരവധി ലേഖനങ്ങള്‍ അദ്ദേഹം എഴുതി. തുടര്‍ന്ന് 91 ല്‍ കോഴിക്കോട് സില്‍ക്ക് ആന്‍ഡ് സ്‌പൈസ് സ്ഥാപനത്തിന് വേണ്ടി പരേതനായ കിച്ചു എന്ന കൃഷ്ണകുമാറിന്റെ സഹായത്തോടെ തിരുന്നാവായയില്‍ മാമാങ്കത്തിന്റെ പുനരാവിഷ്‌കരണം സംഘടിപ്പിച്ച് വിവിധ ലോക രാഷ്ട്രങ്ങളിലെ വിനോദ സഞ്ചാരികളെ തിരുന്നാവായയിലേക്ക് ആകര്‍ഷിച്ചു കൊണ്ടാണ് ചരിത്ര ഗവേഷകനായ എന്‍. മാധവന്‍ നമ്പൂതിരി തിരുന്നാവായയെ തന്റെ ഗവേഷണ കേന്ദ്രത്തിന്റെ തട്ടകമാക്കി തുടങ്ങിയത്.
മാമാങ്ക സ്മാരകങ്ങള്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് റീ-എക്കൗ യുടെ ആഭിമുഖ്യത്തില്‍ മാമാങ്ക സ്മാരക സംരക്ഷണ സമിതി വര്‍ഷങ്ങളോളം നടത്തിയ സമരത്തിന് ആവശ്യമായ നിര്‍ദേശങ്ങളും പിന്തുണയും എന്‍.എം നമ്പൂതിരിയുടെതായിരുന്നു. മാമാങ്കത്തെക്കുറിച്ച് ആധികാരികമായി പുറത്തിറങ്ങിയ മാമാങ്ക രേഖകള്‍ എന്ന ചരിത്രാന്വേഷണ പുസ്തകം എന്‍.എം നമ്പൂതിരിയുടെതാണ്. 2012ല്‍ മാമാങ്കത്തില്‍ പങ്കെടുത്ത കുടുംബങ്ങളുടെ സംഗമം റീ-എക്കൗ സംഘടിപ്പിച്ചപ്പോള്‍ അതിന്റെ മുഖ്യ ശില്‍പികളില്‍ ഒരാള്‍ എന്‍.എം നമ്പൂതിരിയായിരുന്നു. കെ.പി ഖമറുല്‍ ഇസ്‌ലാം സംവിധാനം ചെയ്ത് റീ-എക്കൗ പുറത്തിറക്കിയ പേരാര്‍ പെരുമ എന്ന മാമാങ്ക ചരിത്ര വിവരണ ഹ്രസ്വ ചിത്രത്തിന്റെ നിര്‍മാണത്തില്‍ എന്‍.എം നമ്പൂതിരി മുഖ്യ പങ്ക് വഹിച്ചു.
മാമാങ്കത്തെക്കുറിച്ച് ആധികാരികമായി പഠിക്കാനും പഠിപ്പിക്കാനും മുന്നിട്ടിറങ്ങുകയും തിരുന്നാവായയെ ഏറെ സ്‌നേഹിക്കുകയും ചെയ്ത ഡോ.എന്‍.എം നമ്പൂതിരിയുടെ നിര്യാണത്തില്‍ റീ-എക്കൗ പ്രവര്‍ത്തകരും മറ്റ് സംഘടനാ പ്രവര്‍ത്തകരും നാട്ടുകാരും അനുശോചിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."