വിശ്വാസത്തിന്റെ കരുത്താണ് ബദര്‍ നല്‍കുന്ന സന്ദേശം: അബ്ദുസ്സലാം ഫൈസി ഒളവട്ടൂര്‍
ജിദ്ദ : വിശുദ്ധ ഖുര്‍ആനിന്റെ സന്ദേശങ്ങളില്‍ നിന്നുള്ള വ്യതിചലനമാണ് ഇന്ന് സമൂഹം നേരിടുന്ന എല്ലാ പ്രതിസന്ധികള്‍ക്കും കാരണമെന്നും ഖുര്‍ആനികമൂല്യങ്ങളിലേക്ക് മടങ്ങാനും തെറ്റുകളില്‍ പാശ്ചാതാപിക്കാനും വിശുദ്ധ റമദാന്‍ ഉപയോഗപ്പെടുത്തണമെന്നും പ്രമുഖ പണ്ഡിതനും പ്രഭാഷകനുമായ അബ്ദു സലാം ഫൈസി ഒളവട്ടൂര്‍ പറഞ്ഞു. ജിദ്ദ ഇസ്ലാമിക്ക് സെന്റെര്‍ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമത്തില്‍ മുഖ്യ പ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഖുര്‍ആന്‍ അവതരിച്ച മാസം എന്ന നിലയില്‍ അത് പാരായണം ചെയ്യുന്നതോടൊപ്പം അര്‍ഥം മനസ്സിലാക്കി ജീവിതത്തില്‍ പകര്‍ത്താനും വിശ്വാസികള്‍ തയ്യാറാവണം. റമദാന്‍ ആരാധനാ കര്‍മ്മങ്ങള്‍ കൊണ്ട് സജീവമാക്കുകയും ദാന ധര്‍മങ്ങള്‍ കൊണ്ട് സഹജീവികളുടെ പ്രയാസങ്ങള്‍ അകറ്റാനും കുടുംബ സാഹോദര്യ ബന്ധങ്ങള്‍ ഇണക്കിയെടുക്കാനും വിശുദ്ധ റമദാന്‍ പ്രചോദനമാവണം.
പ്രവാചകന്‍ മുഹമ്മദ് നബിയുടെ നേതൃത്യത്തില്‍ വിശ്വാസികള്‍ ബദറില്‍ നേടിയ വിജയം സമര്‍പ്പണത്തിന്റെ സന്ദേശമാണ് ലോകത്തിന് നല്‍കിയത്. പ്രവാചകന്റെ നേതൃത്വത്തിലുള്ള സംഘം എതിരാളികളേക്കാള്‍ സൈന്യബലത്തിലും എണ്ണത്തിലും തീരെകുറവായിരുന്നിട്ടും വിശ്യാസത്തിന്റെ കരുത്താണ് പ്രധാനമെന്ന് സമൂഹത്തിനു ബോധ്യപ്പെടുത്തികൊടുക്കല്‍ കൂടിയാണ് ബദറിന്റെ സന്ദേശമെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി.
ജിദ്ദ ഇസ്‌ലാമിക്ക് സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ഇസ്‌ലാമിക് സെന്റര്‍ ചെയര്‍മാന്‍ സയ്യിദ് ഉബൈദുല്ലതങ്ങള്‍ മേലാറ്റൂര്‍ അധ്യക്ഷത വഹിച്ചു. ഇബ്രാഹീം ഫൈസി തിരൂര്‍ക്കാട്, അലി മൗലവി നാട്ടുകല്‍, മുസ്തഫ ബാഖവി ഊരകം തുടങ്ങിയവര്‍ പ്രസംഗിച്ചു.
അബ്ദുല്ല കുപ്പം, അബ്ദുല്‍ ജബ്ബാര്‍ മണ്ണാര്‍ക്കാട്, അസീസ് പറപ്പൂര്‍, എം.സി സുബൈര്‍ ഹുദവി , അബ്ദുല്‍ ബാരി ഹുദവി, അബ്ദുല്‍ ഹക്കീം വാഫി, അബ്ബാസ് ഹുദവി, നൗഷാദ് അന്‍വരി, ഹസന്‍ ഹുദവി കോട്ടുമല, ഉസ്മാന്‍ ഇരിങ്ങാട്ടിരി, ഉസ്മാന്‍ എടത്തില്‍ എന്നിവര്‍ സംബന്ധിച്ചു.
അബ്ദുല്‍ കരീം ഫൈസി കീഴാറ്റൂര്‍ സ്വാഗതവും സവാദ് പേരാമ്പ്ര നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."