ഹോമിയോപ്പതിയുടെ സമഗ്ര വികസനത്തിന് 25 കോടി: മന്ത്രി കെ.കെ ശൈലജ
തിരുവനന്തപുരം: ഹോമിയോപ്പതിയുടെ സമഗ്ര വികസനത്തിനായി 24. 90 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യമന്ത്രി കെ.കെ ശൈലജ.
വളരെയേറെ ജനങ്ങള്‍ക്ക് ആശ്വാസകരമായ ഹോമിയോപ്പതി ചികിത്സാ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനായാണ് ഇത്രയും വലിയ തുക അനുവദിക്കുന്നതെന്നു മന്ത്രി പറഞ്ഞു. പുതിയ ഹോമിയോ ആശുപത്രികളും ഡിസ്‌പെന്‍സറികളും ആരംഭിക്കുന്നതിനായി 1.10 കോടി രൂപ, ജനി ഫെര്‍ട്ടിലിറ്റി സെന്ററിന് 25 ലക്ഷം രൂപ, ഹോമിയോപ്പതി സ്ഥാപനങ്ങളുടെ നിര്‍മ്മാണത്തിനും നവീകരണത്തിനുമായി 3 കോടി രൂപ, സംസ്ഥാന ഹോമിയോപ്പതി കോഓപ്പറേറ്റീവ് ഫാര്‍മസിയായ ഹോം കോയ്ക്കുള്ള ധനസഹായമായി 75 ലക്ഷം രൂപ, ഹോമിയോപ്പതി വകുപ്പിന്റെ ആധുനികവത്ക്കരണത്തിനും നിലവാരം മെച്ചപ്പെടുത്തുന്നതിനുമായി 7.50 കോടി രൂപ, ആരോഗ്യ പരിപാലനവും പ്രത്യേക ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങളും എന്ന പദ്ധതിയ്ക്കായി 7.30 കോടി രൂപ എന്നിങ്ങനെയാണ് വകയിരുത്തിയിട്ടുള്ളത്.
ഇതുകൂടാതെ ഹോമിയോ ദേശീയ ആയുഷ് മിഷന്റെ സംസ്ഥാന വിഹിതമായ 5 കോടി രൂപയും അനുവദിച്ചു. ഹോമിയോപ്പതി സ്ഥാപനങ്ങളുടെ നിര്‍മ്മാണത്തിനും നവീകരണത്തിനുമുള്ള മൂലധനസഹായമായി നല്‍കുന്ന 3 കോടി രൂപയില്‍ എറണാകുളം ജില്ലാ ഹോമിയോ ആശുപത്രിയ്ക്കായി 2 കോടി രൂപയും തൃശൂര്‍ ജില്ലാ ഹോമിയോ ആശുപത്രിയ്ക്കായി 1 കോടി രൂപയുമാണ് വകയിരുത്തിയിട്ടുള്ളത്.
ഹോംകോയുടെ രണ്ടാംഘട്ട വികസനത്തിന്റെ ഭാഗമായുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കാണ് തുകയനുവദിച്ചത്. ഹോമിയോപ്പതി വകുപ്പിന്റെ ആധുനിക വത്ക്കരണത്തിനും നിലവാരം മെച്ചപ്പെടുത്തുന്നതിനുമായി ഹോമിയോപ്പതി ആശുപത്രികളെ എന്‍.എ.ബി.എച്ച്. നിലവാരത്തില്‍ ഉയര്‍ത്തുക, ഹോമിയോ ഡിസ്‌പെന്‍സറികളെ മോഡല്‍ ഡിസ്‌പെന്‍സറികളാക്കുക, നിലവിലുള്ള മോഡല്‍ ഡിസ്‌പെന്‍സറികളെ ശക്തിപ്പെടുത്തുക, ആശുപത്രികളില്‍ ക്ലിനിക്കല്‍ ലാബ് സ്ഥാപിക്കുക, ഇഗവര്‍ണേഴ്‌സ് നടപ്പിലാക്കുക, ഹോമിയോപ്പതി സ്ഥാപനങ്ങളുടെ നവീകരണം, ജില്ലാ മെഡിക്കല്‍ സ്റ്റോറിന്റെ നിര്‍മ്മാണം എന്നിവയ്ക്കാണ് 7.5 കോടി രൂപ അനുവദിച്ചത്.
ഇതില്‍ ജനി ഫെര്‍ട്ടിലിറ്റി സെന്ററിന്റെ വികസനത്തിനായി 1.45 കോടി രൂപയാണ് അനുവദിച്ചത്. ആരോഗ്യ പരിപാലനവും പ്രത്യേക ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങളും എന്ന പദ്ധതി പ്രകാരം വിമന്‍ ഹെല്‍ത്ത് കെയര്‍ സെന്റര്‍ സീതാലയം, ഇന്‍ഫെര്‍ട്ടിലിറ്റി ആന്‍ഡ് ഡി അഡീഷന്‍ സെന്റര്‍, പകര്‍ച്ചവ്യാധി പ്രതിരോധം, തിരുവനന്തപുരത്തും ഇടുക്കിയിലുമുള്ള ഹോമിയോപ്പതി സ്‌പെഷ്യാലിറ്റി കെയര്‍ സെന്റര്‍, കണ്ണൂര്‍ സ്ത്രീകളുടേയും കുട്ടികളുടേയും കെയര്‍ സെന്റര്‍, ജെറിയാട്രിക് സെന്ററുകള്‍, ഇടുക്കിയിലേയും വയനാട്ടിലേയും സ്‌പെഷ്യാലിറ്റി മൊബൈല്‍ ക്ലിനിക്, കൗമാരക്കാര്‍ക്കായുള്ള ക്ലിനിക്കുകള്‍, പാലിയേറ്റീവ് കെയര്‍ സെന്ററുകള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ക്കും ഹോണറേറിയത്തിനും വേണ്ടിയാണ് 7.3 കോടി രൂപ വകയിരുത്തിയിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."