അഖിലേന്ത്യാ എ ഗ്രേഡ് കബഡി ടൂര്‍ണമെന്റിന് നാളെ തുടക്കം
കാസര്‍കോട്: തുളുനാട് കബഡി അക്കാദമിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന അഖിലേന്ത്യാ എ ഗ്രേഡ് കബഡി ടൂര്‍ണമെന്റിനു നാളെ തുടക്കം. നാളെ മുതല്‍ ഈ മാസം ആറു വരെയാണു പോരാട്ടം. കാസര്‍കോട് മുള്ളേരിയ പൂവടുക്കയിലുള്ള പഞ്ചായത്ത് സ്റ്റേഡിയത്തില്‍ പ്രത്യേകം തയ്യാറാക്കിയ ഗ്രൗണ്ടില്‍ വൈകിട്ടു ആറിനു പി കരുണാകരന് എം.പി ഉദ്ഘാടനം ചെയ്യും.
അമേച്വര്‍ കബഡി ഫെഡറേഷന് ഓഫ് ഇന്ത്യയുടെ അംഗീകാരമുള്ള അഖിലേന്ത്യാ എ ഗ്രേഡ് ഇന്‍വിറ്റേഷന്‍ ടൂര്‍ണമെന്റ് ആദ്യമായാണു കേരളത്തില്‍ നടക്കുന്നത്.
രാജ്യത്തെ മുന്‍നിര ടീമുകളായ ഒ.എന്‍.ജി.സി, ബി.പി.സി.എന്‍, എയര്‍ ഇന്ത്യാ, ഹൈടെക് ചെന്നൈ, പോസ്റ്റല്‍ ബാംഗ്ലൂര്‍, ഇന്ത്യന്‍ ആര്‍മി ഭോപ്പാല്‍, ഇന്ത്യന്‍ ആര്‍മി നാസിക്ക്, സെന്‍ട്രല്‍ റയില്‍വേ, വിജയ ബാങ്ക്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഇന്ത്യന്‍ നേവി, എന്നീ ഡിപ്പാര്‍ട്ട്മെന്റ് ടീമുകളും കേരള സംസ്ഥാന ടീമുകളടക്കം 12 ടീമുകളിലായി ലോക ചാംപ്യന്മാരായ ഇന്ത്യന്‍ ടീമിലേയും പ്രോ കബഡി ലീഗിലേയും പ്രമുഖ താരങ്ങള്‍ക്കൊപ്പം ഭാവി വാഗ്ദാനങ്ങളായ പുതിയ താരങ്ങളും ടൂര്‍ണമെന്റില്‍ മാറ്റുരക്കും.
ടൂര്‍ണമെന്റില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന കളിക്കാരെ കണ്ടെത്തുന്നതിനു പ്രോ കബഡി ടീമുകളായ യു മുംബ, പൂനേരി പള്‍ട്ടാന്‍സ് എന്നിവയുടെ സി.ഇ.ഒ സുപാര്ത്തിക് സെന്‍, കൈലാസ്, ഇന്ത്യന്‍ പുരുഷ ടീം കോച്ച് ഭാസ്കര്‍ കാശിനാഥന്, അമേച്വര്‍ കബഡി ഫെഡറേഷന്റെ കണ്‍വീനറും നിരീക്ഷകനുമായ വിശ്വാസ്മോറെ തുടങ്ങിയ പ്രമുഖരും സംബന്ധിക്കും.
സംസ്ഥാനത്തെ ആദ്യ അഖിലേന്ത്യാ എ ഗ്രേഡ് ടൂര്‍ണമെന്റ് മത്സരങ്ങളുടെ സെമി ഫൈനല്‍, ഫൈനല്‍ മത്സരങ്ങളുടെ സംപ്രക്ഷണവുമായി ബന്ധപ്പെട്ടു പ്രമുഖ സ്പോര്‍ട്സ് ചാനലായ സ്റ്റാര്‍ സ്പോര്‍ട്സ് അധികൃതര്‍ ഇന്നലെ സ്റ്റേഡിയം സന്ദര്‍ശിച്ചു.
ദിവസവും രാത്രി ഏഴു മുതല്‍ 11 വരെ നാലു പൂളുകളിലായി നാലു വീതം മത്സരങ്ങളാണു നടക്കുക. ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ അഞ്ചിനും, സെമി ഫൈനല്‍, ഫൈനല്‍ മത്സരങ്ങള്‍ ആറിനും നടക്കും.
ടൂര്‍ണമെന്റില്‍ ആദ്യ സ്ഥാനത്തെത്തുന്നവര്‍ക്ക് രണ്ടു ലക്ഷം രൂപയും ട്രോഫിയും റണ്ണേഴ്സ് അപ്പിനു ഒന്നര ലക്ഷം രൂപയും ട്രോഫിയും മൂന്ന്, നാല് സ്ഥാനങ്ങളിലെത്തുന്നവര്‍ക്ക് 50000 രൂപ വീതവുമാണ് സമ്മാനത്തുക. ഏപ്രില്‍ ആറിനു നടക്കുന്ന സമാപനം കര്‍ണാടക മന്ത്രി യു.ടി ഖാദര്‍ ഉദ്ഘാടനം ചെയ്യും.
ഇ.പി രാജഗോപലന് എം.എല്‍.എ സമ്മാനദാനം നിര്‍വഹിക്കും. വാര്‍ത്താ സമ്മേളനത്തില്‍ സംഘാടക സമിതി ഭാരവാഹികളായ സിജിമാത്യു, കെ ശങ്കരന്, ഇ ഭാസ്കരന്, എം അച്യുതന്, കെ നാസര്‍, എം ഷെരീഫ് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."