കൂച്ചുവിലങ്ങ് ചോദിച്ചുവാങ്ങുന്ന മാധ്യമ അധാര്‍മികത
മലയാള പത്രപ്രവര്‍ത്തനചരിത്രത്തില്‍ ഏറ്റവും മോശമായ ദിനങ്ങളാണു കഴിഞ്ഞുപോയതെന്നു പറയാതെ വയ്യ. ഒരു മന്ത്രിയെ ജീവനക്കാരിയെ വച്ചു സംസാരിച്ചു കുരുക്കിലാക്കുക. ഒടുവില്‍ അത് അദ്ദേഹത്തിന്റെ രാജിയില്‍ എത്തിക്കുക. എന്നിട്ട് മാധ്യമവിജയമായി ആഘോഷിക്കുക. മാധ്യമധര്‍മം മറന്നുള്ള ഇത്തരം നിലപാടുകള്‍ മലയാളിക്കു സമ്മാനിച്ചതു സുഖകരമായ ദിനങ്ങളല്ലെന്നുറപ്പ്.
മലയാളത്തിലെ ഇരുത്തംവന്ന പത്രപ്രവര്‍ത്തകര്‍ ഇത്തരം നീക്കത്തിനെതിരേ രംഗത്തുവരുകയും സര്‍ക്കാര്‍ നിലപാടു കനപ്പിക്കുകയും ചെയ്തതോടെ ഒടുവില്‍ ചാനല്‍ മേധാവിക്കു ഖേദംപ്രകടിപ്പിക്കേണ്ടി വന്നു. സംഭവം വിവാദമായതോടെ മറുപടി പറയാനായി ചാനല്‍ അധികൃതര്‍ പത്രാധിപസമിതി യോഗം ലൈവായി സംപ്രേഷണം ചെയ്തിരുന്നു. എന്നാല്‍ തെറ്റിന്റെ ഗുരുതരമായ വശങ്ങളെല്ലാം വിഴുങ്ങിക്കൊണ്ടായിരുന്നു ഇപ്പോള്‍ കുറ്റസമ്മതവും മാപ്പു പറച്ചിലും നടത്തിയത്.
ജനുവരി മധ്യത്തോടെയാണ് ഈ മാധ്യമപ്രവര്‍ത്തക അടങ്ങുന്ന സംഘം മന്ത്രിയെ അഭിമുഖത്തിനെന്ന പേരില്‍ സന്ദര്‍ശിച്ചതത്രേ. ഒരു മണിക്കൂറോളം അഭിമുഖം നീണ്ടു. രണ്ടുദിവസത്തിനുശേഷം നേരില്‍ക്കാണാന്‍ അനുമതി തേടി മാധ്യമപ്രവര്‍ത്തക വീണ്ടും വിളിച്ചു. അന്നു കുടുംബകാര്യങ്ങളും പ്രയാസങ്ങളുമാണു മാധ്യമപ്രവര്‍ത്തക പങ്കുവച്ചത്. പിന്നീടുള്ള ദിവസങ്ങളിലും വിളിച്ചു സൗഹൃദം ദൃഢമാക്കി. ചാനല്‍ പുറത്തുവിട്ട സംഭാഷണം നടന്ന ദിവസവും ഇവര്‍ മന്ത്രിയെ വിളിച്ചു. മന്ത്രിയെ കുടുക്കുന്നതിനു ഫോണ്‍ സംഭാഷണം ടാപ്പ് ചെയ്യുകയെന്ന ഉദ്ദേശ്യത്തോടെ ചാനല്‍ അധികൃതര്‍ മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥ അനുസരിച്ചായിരുന്നു വിളി.
മാധ്യമപ്രവര്‍ത്തകയുടെ നടപടികളും അതിനോടു സഭ്യേതരമായ രീതിയില്‍ പ്രതികരിച്ച എ.കെ ശശീന്ദ്രന്റെ നടപടിയും ഒരേപോലെ ധാര്‍മികതയില്ലാത്തതാണെന്നു പറയാതിരിക്കാന്‍ വയ്യ. ഒന്ന്, മാധ്യമധാര്‍മികതയുടെ ലംഘനമാണെങ്കില്‍ രണ്ടാമത്തേത് പ്രലോഭനങ്ങള്‍ക്കു വഴങ്ങില്ല എന്ന സത്യപ്രതിജ്ഞയുടെ ലംഘനമാണ്. ഏതെങ്കിലും ഒരുപക്ഷത്തെയല്ല ഇരുപക്ഷത്തെയും ഒരേപോലെ ഇവിടെ കുറ്റപ്പെടുത്തിയേ തീരൂ.
പരാതിക്കാരിയായ വീട്ടമ്മയെ വിളിച്ചാണു മന്ത്രി അശ്ലീല സംഭാഷണം നടത്തിയതെന്നായിരുന്നു ചാനലിന്റെ ആദ്യഅവകാശവാദം. ഇതിപ്പോള്‍ ചാനല്‍തന്നെ തിരുത്തിയിരിക്കുകയാണ്. തങ്ങള്‍ നടത്തിയതു സ്റ്റിങ് ഓപറേഷനാണെന്നും ഇക്കാര്യത്തില്‍ പരാതിക്കാരിയില്ലെന്നും വാര്‍ത്ത പുറത്തുവിടുന്ന സമയത്തുതന്നെ തുറന്നുപറയുകയല്ലേ വേണ്ടിയിരുന്നത്. അങ്ങനെ തുറന്നുപറഞ്ഞിരുന്നെങ്കില്‍ ജനവഞ്ചനയെന്ന കുറ്റം ഉണ്ടാകുമായിരുന്നില്ല.
എന്തിന്റെ പേരിലാണ് ഇത്തരത്തില്‍ വളച്ചൊടിച്ചു വാര്‍ത്ത അവതരിപ്പിച്ചത്. രാഷ്ട്രീയ കേരളം ഞെട്ടുന്ന വെളിപ്പെടുത്തലുമായാണു തങ്ങള്‍ രംഗപ്രവേശനം നടത്തുകയെന്ന പ്രഖ്യാപനം ആദ്യമേയുണ്ടായിരുന്നതിനാല്‍ ലക്ഷ്യം റേറ്റിങ് കൂട്ടലാണെന്നു വ്യക്തം. മാധ്യമമത്സരത്തിനിടയില്‍ അത്തരം റേറ്റിങ് കൂട്ടാനുള്ള ശ്രമങ്ങള്‍ എല്ലാവരും ചെയ്യാറുണ്ട്. പക്ഷേ, അപ്പോഴും പാലിക്കേണ്ട മാധ്യമധര്‍മമുണ്ട്. സംസ്‌കാരത്തിനു നിരക്കാത്ത പ്രവര്‍ത്തനം കച്ചവട ലാക്കോടെ നടപ്പാക്കിയത് ഒരിക്കലും അംഗീകരിക്കപ്പെടില്ല.
എ.കെ ശശീന്ദ്രനെ കുടുക്കാന്‍ ഹണി ട്രാപ്പ് നടന്നുവെന്ന വിവാദം ഉയര്‍ന്ന ഉടനെ അതിനെ ന്യായീകരിക്കാനും തെറ്റിനെ മറച്ചുവയ്ക്കാനുമാണു ചാനല്‍ ശ്രമിച്ചത്. ഇതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന വാര്‍ത്ത വന്നപ്പോള്‍, ചാനല്‍ അധികൃതര്‍ അത് നിശേധിക്കുകയും പരാതിക്കാരിയായ വീട്ടമ്മയെ മന്ത്രി ചൂഷണം ചെയ്യുകയായിരുന്നുവെന്നു ആവര്‍ത്തിക്കുകയായിരുന്നു.
ചാനല്‍ മാനേജ്‌മെന്റിന്റെ നടപടി കടുത്ത നിയമലംഘനമാണ്. അശ്ലീലസംഭാഷണം, സ്വകാര്യതയിലേക്കുള്ള ഒളിച്ചുനോട്ടം, ക്രിമിനല്‍ ഗൂഢാലോചന, വിശ്വാസവഞ്ചന, ഇലക്ട്രോണിക് മാധ്യമങ്ങളുടെ ദുരുപയോഗം, അപകീര്‍ത്തിപ്പെടുത്തല്‍ തുടങ്ങി ഇന്ത്യന്‍ ശിക്ഷാ നിയമം 294ബി, 506 (2), 509, കേരളാ പൊലിസ് ആക്ട് 120, ബ്രോഡ്കാസ്റ്റിങ് റൂള്‍ 69, ഐപിസി 120 ബി, 420, 427 എന്നിവ പ്രകാരം ഗുരുതരമായ കുറ്റങ്ങളാണ്.
മാധ്യമരംഗത്ത് അനുഭവിക്കുന്ന സ്വാതന്ത്ര്യങ്ങള്‍ക്കുമേല്‍ കൂച്ചുവിലങ്ങുകള്‍ തീര്‍ക്കാന്‍ അധികാരികള്‍ക്കു നാം നല്‍കുന്ന ആയുധങ്ങളായി ഇത്തരം പ്രവര്‍ത്തനങ്ങള്‍ അധഃപതിക്കുമെന്ന തിരിച്ചറിവു മാധ്യമസമൂഹത്തിനുണ്ടാകണം. സ്ത്രീസുരക്ഷയെക്കുറിച്ചു കൂടുതല്‍ ജാഗ്രത പാലിക്കണമെന്നു സാഹചര്യങ്ങള്‍ നമ്മോട് ആവശ്യപ്പെടുന്ന കാലത്ത് അനാവശ്യവിവാദങ്ങള്‍ക്കു തിരികൊളുത്തുന്നതു സമൂഹത്തെ തെറ്റായ ദിശയിലേയ്ക്കു നയിക്കുമെന്നതില്‍ സംശയമില്ല. ഈ സംഭവം മാധ്യമസമൂഹത്തിനു മൊത്തത്തില്‍ അവമതിപ്പാണു സമ്മാനിച്ചത്. സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ഇനിയും മാധ്യമസമൂഹത്തിനു തിരിച്ചറിവില്ലേയെന്ന ചോദ്യം സമൂഹത്തില്‍നിന്നുയരുമെന്നതു മറക്കരുത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."