പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ വായ്പാ നയം പരിഷ്‌കരിച്ചു
സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ നടപ്പാക്കുന്ന വിവിധ വായ്പാ പദ്ധതികളുടെ യോഗ്യത മാനദണ്ഡങ്ങളും വായ്പാ നിബന്ധനകളും പരിഷ്‌ക്കരിച്ചു. പട്ടികജാതി,വര്‍ഗ വിഭാഗത്തില്‍പ്പെട്ട യുവസംരംഭകരുടെ നൂതന ആശയങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും സംരംഭകത്വം വളര്‍ത്തുന്നതിനുമായി 50 ലക്ഷം രൂപ വരെ വായ്പ നല്‍കുന്ന സ്റ്റാര്‍ട്ട് അപ് വായ്പാ പദ്ധതിയാണ് ഇതില്‍ പ്രധാനം. പട്ടികജാതിയില്‍പ്പെട്ട ഭൂരഹിതരായ കര്‍ഷക തൊഴിലാളികളെ ഭൂവുടമകളാക്കുക എന്ന ലക്ഷ്യത്തോടെ കുറഞ്ഞത് 30 സെന്റ് കൃഷിഭൂമി വാങ്ങാന്‍ അഞ്ച് ലക്ഷം രൂപ വരെ പദ്ധതി തുകയുള്ള പുതിയ കൃഷിഭൂമി വായ്പാ പദ്ധതി ആരംഭിക്കും.
മള്‍ട്ടി പര്‍പ്പസ് യൂണിറ്റ് വായ്പ നിലവിലെ പദ്ധതി തുകയായ 10 ലക്ഷം രൂപയില്‍ നിന്നും 50 ലക്ഷം രൂപയായി വര്‍ദ്ധിപ്പിക്കും. വസ്തു ജാമ്യത്തിന് പകരം വസ്തു ജാമ്യമോ ഉദ്യോഗസ്ഥ ജാമ്യമോ രണ്ടും കൂടിയോ സ്വീകരിക്കും. പലിശ നിരക്ക് ആറ് ശതമാനം മുതല്‍ എട്ട് ശതമാനം വരെയാണ്.
ബെനിഫിഷ്യറി ഓറിയന്റഡ് പദ്ധതിയുടെ തുക രണ്ട് ലക്ഷം രൂപയില്‍ നിന്നും മൂന്ന് ലക്ഷം രൂപയും വിവാഹ വായ്പാ തുക രണ്ട് ലക്ഷത്തില്‍ നിന്നും 2.5 ലക്ഷം രൂപയും കുടുംബ വാര്‍ഷിക വരുമാന പദ്ധതി രണ്ട് ലക്ഷം രൂപയില്‍ നിന്നും മൂന്ന് ലക്ഷം രൂപയായും വര്‍ദ്ധിപ്പിക്കും.
സര്‍ക്കാര്‍ ജീവനക്കാരുടെ വ്യക്തിഗത വായ്പാ പദ്ധതിയുടെ തുക ഒരു ലക്ഷം രൂപയില്‍ നിന്നും രണ്ട് ലക്ഷം രൂപയായി വര്‍ധിപ്പിക്കുകയും കുടുംബ വാര്‍ഷിക വരുമാന പരിധി ഒഴിവാക്കുകയും ചെയ്യും. സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ഇരുചക്ര വാഹന വായ്പ പദ്ധതിയുടെ തുക അമ്പതിനായിരത്തില്‍ നിന്നും ഒരു ലക്ഷം രൂപയായി വര്‍ധിപ്പിക്കുകയും വായ്പാ തുക അഞ്ച് ലക്ഷം രൂപയില്‍ നിന്നും ഏഴ് ലക്ഷം രൂപയായും വര്‍ധിപ്പിച്ചു. വായ്പാ പലിശ നിരക്ക് എട്ട് ശതമാനത്തില്‍ നിന്നും ഏഴ് ശതമാനമായി കുറച്ചു.
ഓട്ടോറിക്ഷ, ടാക്‌സി കാര്‍, ഗുഡ്‌സ് കാരിയര്‍ ഉള്‍പ്പെടെയുള്ള കമേഴ്‌സ്യല്‍ വാഹനങ്ങള്‍ വാങ്ങാനും വായ്പ നല്‍കും. പദ്ധതി തുക 2.25 ലക്ഷം രൂപയില്‍ നിന്നും പരമാവധി 10 ലക്ഷം രൂപയാക്കി.
പ്രൊഫഷണല്‍ യോഗ്യതയുള്ളവര്‍ക്ക് പ്രാക്ടീസ് ചെയ്യുന്നതിന് നല്‍കുന്ന വായ്പാ തുക 1.50 ലക്ഷത്തില്‍ നിന്നും മൂന്ന് ലക്ഷം രൂപയായി വര്‍ദ്ധിപ്പിക്കും.
പട്ടികജാതിയില്‍പ്പെട്ട കുറഞ്ഞ വരുമാനക്കാര്‍ക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുമായി പരമാവധി അഞ്ച് ലക്ഷം രൂപ വരെ വായ്പ നല്‍കുന്ന പുതിയ ഭവന പുനരുദ്ധാരണ വായ്പാ പദ്ധതിയും ആരംഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."