ശ്രീജിത്തിന്റെ കസ്റ്റഡിമരണം: ജാമ്യത്തിനായി പ്രതികളായ പൊലിസുകാരുടെ അപ്പീല്‍
കൊച്ചി: ശ്രീജിത്തിന്റെ കസ്റ്റഡിമരണക്കേസിലെ പ്രതികളായ മൂന്ന് റൂറല്‍ ടാസ്ക് ഫോഴ്സ് (ആര്.ടി.എഫ്) ഉദ്യോഗസ്ഥര്‍ ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ അപ്പീല്‍ നല്കി. ഹരജി ഹൈക്കോടതി പിന്നീട് പരിഗണിക്കാനായി മാറ്റി.
തങ്ങള്‍ ശ്രീജിത്തിനെ മര്‍ദിച്ചിട്ടില്ല. സംഭവം കസ്റ്റഡി മരണമാക്കി മാറ്റാന്‍ അനാവശ്യമായാണ് തങ്ങളെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്ന് ഇവര്‍ ജാമ്യ ഹരജിയില്‍ പറയുന്നു. കസ്റ്റഡിയിലെടുത്ത ശ്രീജിത്തിനെ നാട്ടുകാരുടെ സാന്നിധ്യത്തിലാണ് പൊലിസ് ജീപ്പിലേക്ക് കയറ്റിയത്. പരാതിക്കാരന്റെ പിതാവിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രദേശം വലിയ സംഘര്‍ഷാവസ്ഥയിലായിരുന്നതിനാല്‍ എത്രയും വേഗം പിടികൂടിയയാളെ അവിടെ നിന്ന് നീക്കാനാണ് ശ്രമിച്ചത്. അറസ്റ്റ് ചെയ്ത് അഞ്ച് മിനിറ്റിനകം തങ്ങള്‍ പ്രതിയെ അന്വേഷണ ഉദ്യോഗസ്ഥനു കൈമാറി. സംഭവവുമായി ബന്ധപ്പെട്ടു തങ്ങള്‍ അക്രമം കാട്ടിയിട്ടില്ല. ഏപ്രില്‍ 18 മുതല്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണെന്നും ഹരജിയില്‍ പറഞ്ഞിരുന്നു.
പി.പി സന്തോഷ് കുമാര്‍, ജിതിന് ഷാജി, എം.എസ് സുമേഷ് എന്നിവരാണ് ജാമ്യത്തിനായി കോടതിയെ സമീപിച്ചത്. എറണാകുളം സെഷന്‍സ് കോടതി ജാമ്യ ഹരജി തള്ളിയ സാഹചര്യത്തിലാണ് അപ്പീല്‍ സമര്‍പ്പിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."