കോടതി വിധി: നിലമ്പൂര്‍, എടക്കര ഔട്ട്‌ലെറ്റുകള്‍ക്ക് താഴുവീണു
നിലമ്പൂര്‍: സംസ്ഥാന-ദേശീയ പാതയില്‍ നിന്നും 500 മീറ്ററിനുള്ളില്‍ മദ്യവില്‍പനശാലകള്‍ പാടില്ലെന്നുള്ള സുപ്രിംകോടതിയുടെ വിധിയോടെ നിലമ്പൂരിലെയും എടക്കരയിലെയും ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ക്ക് ഇന്നലെ വൈകിട്ട് താഴുവീണു. ദേശീയപാതയോരത്തെ മദ്യ നിരോധനം ബാറുകള്‍ക്കും ബാധകമെന്ന് സുപ്രിം കോടതി വ്യക്തമാക്കിയതോടെ നിലമ്പൂരിലെ രണ്ടും എടക്കരയിലെ ഒന്നും വൈന്‍ പാര്‍ലറുകള്‍ക്കും താഴ് വീഴുമെന്നുറപ്പായി.
പാതയോരത്തെ മുഴുവന്‍ ബാറുകളും മാറ്റിസ്ഥാപിക്കണമെന്നാണ് സുപ്രിംകോടതി വിധിയിലൂടെ വ്യക്തമാക്കിയിരിക്കുന്നത്. വിധി ഫൈവ് സ്റ്റാര്‍ ബാറുകള്‍ക്കും ബാധകമാണെന്നും കോടതി വിധിയില്‍ വ്യക്തമാക്കി. നേരത്തെ ദേശീയ പാതയോരത്തെ മദ്യ നിരോധനം ബാറുകള്‍ക്ക് ബാധകമല്ല എന്നുള്ള വാദങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു. ബിയര്‍വൈന്‍ പാര്‍ലറുകളെ കോടതി വിധി ബാധിക്കില്ലെന്നും വാദങ്ങള്‍ ഉയര്‍ന്നിരുന്നെങ്കിലും എല്ലാ ബാറുകള്‍ക്കും ബാധകമാണെന്നാണ് കോടതി വിധിയിലൂടെ വ്യക്തമാക്കിയിരിക്കുന്നത്. 20,000ല്‍ താഴെ ജനസംഖ്യയുള്ള മേഖലകളിലെ ദൂരപരിധിയും കോടതി കുറച്ചിട്ടുണ്ട്. 500ല്‍ നിന്ന് 220 ആയാണ് ദൂരപരിധി കുറച്ചിരിക്കുന്നത്. ലൈസന്‍സ് കാലാവധി തീരാത്ത മദ്യശാലകള്‍ക്ക് ലൈസന്‍സ് നീട്ടി നല്‍കാനും കോടതി തീരുമാനിച്ചിട്ടുണ്ട്.
സെപ്തംബര്‍ 30 വരെയാണ് ലൈസന്‍സ് നീട്ടി നല്‍കിയത്. കേരളം പോലുള്ള ജനസാന്ദ്രത കൂടുതലുള്ള സംസ്ഥാനങ്ങളില്‍ ബാറുകള്‍ മാറ്റി സ്ഥാപിക്കുക എളുപ്പമല്ലെന്ന് അറ്റോണി ജനറല്‍ മുകുള്‍ വാസ്‌നിക് സുപ്രിംകോടതിയില്‍ വാദിച്ചിരുന്നെങ്കിലും ദൂരപരിധി പാലിക്കാത്ത മദ്യശാലകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു.
നിലമ്പൂരിലെ ഔട്ട്‌ലെറ്റ് അരുവാക്കോട് വനത്തിനു സമീപത്തെ സ്വകാര്യ കെട്ടിടത്തിലേക്ക് മാറ്റാനുള്ള നീക്കം വനംവകുപ്പും തടഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."