പ്രതികളെ സഹായിച്ച എ.എസ്.ഐ ഉമ്മന്‍ചാണ്ടിയുടെ സുരക്ഷാ ചുമതലക്കാരന്‍: കോടിയേരി
കോട്ടയം: കെവിന്‍ വധക്കേസിലെ പ്രതികളെ സഹായിച്ച എ.എസ്.ഐ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സുരക്ഷാ ചുമതലക്കാരനായിരുന്നുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. യു.ഡി.എഫ് ഭരണകാലത്തെ അസോസിയേഷന്‍ നേതാവായ എ.എസ്.ഐ, പരാതി കിട്ടിയപ്പോള്‍ കുറ്റകൃത്യം ചെയ്തവരുമായി ബന്ധപ്പെടുകയായിരുന്നു. അവരെ രക്ഷിക്കാനായിരുന്നു ശ്രമിച്ചത്. ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പിന്റെ കൂടി പശ്ചാത്തലത്തില്‍ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കാന്‍ രാഷ്ട്രീയ മുതലെടുപ്പിന് ഒത്തുകളിച്ചതായും സംശയിക്കണമെന്നും കോടിയേരി പറഞ്ഞു.
ഉമ്മന്‍ചാണ്ടിയും തിരുവഞ്ചൂര്‍ രാധാകൃഷ്‌നും എല്ലാമായി അടുത്ത ബന്ധമുള്ള ഉദ്യോഗസ്ഥനാണ് ഇദ്ദേഹം. കൃത്യ നിര്‍വഹണത്തില്‍ വരുത്തിയ ഗുരുതര വീഴ്ചക്കും കൈക്കൂലി വാങ്ങിയതിനും പുറമെയാണിത്. ഇത്തരം തെറ്റുചെയ്തവരെ സംരക്ഷിക്കില്ല. ഇക്കൂട്ടരെ പിരിച്ചുവിടുകയാണ് വേണ്ടത്. സി.പി.എം കോട്ടയം ജില്ലാ കമ്മിറ്റി സഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുഖ്യപ്രതിയുടെയടക്കം കോണ്‍ഗ്രസ് ബന്ധം മാധ്യമങ്ങള്‍ പറയാത്തത് എന്തുകൊണ്ടാണെന്നും കോടിയേരി ചോദിച്ചു. ജില്ലാ സെക്രട്ടറി വി. എന്‍ വാസവന്‍ അധ്യക്ഷനായി. സെക്രട്ടേറിയറ്റ് അംഗങ്ങളായ പ്രൊഫ. എം. ടി ജോസഫ് സ്വാഗതവും ടി.ആര്‍ രഘുനാഥന്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."