വെയിലത്തു വാടാത്ത വെയ്ല്‍സ്
നമ്മുടെ കണക്കുകൂട്ടലുകള്‍ എല്ലായ്‌പ്പോഴും ശരിയായ ദിശയില്‍ വരണമെന്നില്ല. പ്രത്യേകിച്ച് ഫുട്‌ബോളില്‍. യൂറോയ്ക്ക് മുന്‍പ് കിരീടം നേടാന്‍ സാധ്യതയുള്ളവരുടെ പട്ടികയില്‍ മുന്നിലുണ്ടായിരുന്ന ടീമുകളില്‍ പലതും പാതി വഴിയില്‍ മടങ്ങി കഴിഞ്ഞു. ഒടുവില്‍ ആ പട്ടികയിലേക്ക് ലോകത്തിലെ ഏറ്റവും മികച്ച രണ്ടാമത്തെ ടീമായ ബെല്‍ജിയവും ഇടംപിടിച്ചു. ബെല്‍ജിയം പുറത്തായതിനേക്കാള്‍ അവരെ പുറത്താക്കിയ വെയ്ല്‍സ് പരാമര്‍ശം അര്‍ഹിക്കുന്നു. ബെല്‍ജിയത്തെ 3-1നു തകര്‍ത്ത് വെയ്ല്‍സ് എന്ന കുഞ്ഞന്‍ രാജ്യം സെമിയിലെത്തിയതിനെ അത്ഭുമായി വിശേഷിപ്പിക്കുന്നുണ്ട്. എന്നാല്‍ അതില്‍ അത്ഭുതമില്ല എന്നാണ് പറയേണ്ടത്. ബെല്‍ജിയത്തേക്കാള്‍ സ്ഥാനം അര്‍ഹിക്കുന്നത് വെയ്ല്‍സ് തന്നെയാണ്. കാരണം അവര്‍ അധ്വാനത്തിന്റെ ഫലമാണ് അനുഭവിക്കുന്നത്.
എതിരാളിയുടെ തന്ത്രങ്ങള്‍ക്ക് മറുതന്ത്രം മെനയാന്‍ കഴിവുള്ള കോച്ചും അതു കളത്തില്‍ കൃത്യമായി നടപ്പാക്കാന്‍ സന്നദ്ധരായ ഒരു കൂട്ടം കളിക്കാരുമാണ് വെയ്ല്‍സിന്റെ വിജയ ഫോര്‍മുല. 58 വര്‍ഷങ്ങള്‍ക്കിപ്പുറം ഒരു മേജര്‍ ടൂര്‍ണമെന്റില്‍ കളിക്കാനിറങ്ങിയ അവര്‍ ചരിത്രമെഴുതിയാണ് സെമിയിലേക്ക് കടന്നിരിക്കുന്നത്. 1958ല്‍ സ്വീഡനില്‍ നടന്ന ലോകകപ്പിന്റെ ക്വാര്‍ട്ടറില്‍ കടന്നതാണ് ഇതിനു മുന്‍പ് അവര്‍ അന്താരാഷ്ട്ര തലത്തില്‍ സ്വന്തമാക്കിയ മികച്ച നേട്ടം. അന്ന് ബ്രസീലിനോടു 1-0ത്തിനു തോറ്റാണ് അവര്‍ പുറത്തായത്. പിന്നീട് ഇപ്പോഴാണ് വെയ്ല്‍സ് ഒരു അന്താരാഷ്ട്ര ടൂര്‍ണമെന്റില്‍ കളിക്കുന്നത് പോലും.
യൂറോപ്പിലെ ഏറ്റവും മികച്ച ടീമുകളില്‍ കളിക്കുന്നവരാണ് ബെല്‍ജിയം നിരയിലെ മിക്ക താരങ്ങളും. നായകന്‍ ഏദന്‍ ഹാസദ് മുതല്‍ തുടങ്ങുന്നു അവരുടെ താരത്തിളക്കം. മറുഭാഗത്ത് വെയ്ല്‍സ് അറിയപ്പെട്ടതു തന്നെ ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള താരമായ ഗെരത് ബെയ്‌ലിന്റെ പേരിലാണ്. അല്ലെങ്കില്‍ ബെയ്‌ലിന്റെ വെയ്ല്‍സ് ടീമെന്നാണ്.
ബെയ്ല്‍ കഴിഞ്ഞാല്‍ ആഴ്‌സണല്‍ താരം ആരോണ്‍ റാംസിയാണ് എടുത്തു പറയാന്‍ പറ്റുന്ന മറ്റൊരു താരം. ബാക്കിയുള്ളവരെല്ലാം വെള്ളിവെളിച്ചത്തിലില്ലാത്തവരാണ്. എന്നാല്‍ അവര്‍ മൈതാനത്തു പ്രകടമാക്കുന്ന ഒത്തൊരുമയും കൂട്ടായ്മയുമാണ് വെയ്ല്‍സിന്റെ മുന്നേറ്റത്തിന്റെ കാതല്‍. അതു തന്നെയാണ് ക്വാര്‍ട്ടറിലും കണ്ടത്. നിംഗോളാന്റെ ഗോളില്‍ മുന്നില്‍ കടന്ന് ആധിപത്യം പുലര്‍ത്തിയ ബെല്‍ജിയത്തെ ആത്മവിശ്വാസം കൊണ്ടും സംഘബലം കൊണ്ടും മൂന്നു ഗോള്‍ തിരിച്ചടിച്ച് മറികടക്കാന്‍ വെയ്ല്‍സിനു സാധിച്ചു എന്നതാണ് രണ്ടാം ക്വാര്‍ട്ടറിനെ ആവേശകരമാക്കിയത്.
4-2-3-1 എന്ന ബെല്‍ജിയം ശൈലിക്കെതിരേ 3-4-2-1 എന്ന ശൈലിയിലാണ് ക്രിസ് കോള്‍മാന്‍ ടീമിനെ വിന്ന്യസിപ്പിച്ചത്. 30ാം മിനുട്ടില്‍ നായകന്‍ വില്ല്യംസിന്റെ ഹെഡ്ഡര്‍ ഗോളിലൂടെയാണ് വെയ്ല്‍സ് സമനില പിടിച്ചത്. ഈ ഗോള്‍ നേടിയ രീതി പോലും ശ്രദ്ധിച്ചാല്‍ മനസ്സിലാക്കാം അവര്‍ കളത്തില്‍ നടപ്പാക്കാന്‍ ഉദ്ദേശിച്ച പദ്ധതിയുടെ കാതല്‍. റാംസി കോര്‍ണറില്‍ നിന്നു തൊടുത്ത പന്തിനെ നിലത്ത് കുത്തിച്ച് വലയില്‍ കയറ്റുകയാണ് വില്ല്യംസന്‍ ചെയ്തത്. അബദ്ധത്തില്‍ പോലും പന്ത് പൊങ്ങി പുറത്തു പോകരുതെന്ന കരുതലിന്റെ ഭാഗമായിരുന്നു ഈ നീക്കം. സെറ്റ് പീസുകളും കോര്‍ണറുകളും ത്രോ ബോളുകളും വളരെ വിദഗ്ധമായി ഉപയോഗപ്പെടുത്തുന്ന ഈ യൂറോയിലെ ഏറ്റവും മികച്ച ടീമാണ് വെയ്ല്‍സ്. പിന്നീട് റോബ്‌സന്‍ കാനു 55ാം മിനുട്ടില്‍ നേടിയ ഗോളിലൂടെ അവര്‍ മുന്നില്‍ കടക്കുന്നു.
രണ്ടാം പകുതിയില്‍ ഏറിയ സമയത്തും പന്തു കൈവശം വച്ചു കളിച്ച വെയ്ല്‍സ് രണ്ടാം ഗോള്‍ നേടിയതോടെ പ്രതിരോധത്തിലേക്ക് വലിയുന്നത് കാണാം. പിന്നീട് അവര്‍ കൗണ്ടര്‍ അറ്റാക്കുകളാണ് ലക്ഷ്യമിട്ടതെന്നു വ്യക്തമാക്കുന്നതായിരുന്നു ഈ മാറ്റം. രണ്ടാം ഗോള്‍ വഴങ്ങിയ ബെല്‍ജിയം ആക്രമണം കടുപ്പിക്കുമെന്ന കണക്കുകൂട്ടലിലാണ് വെയ്ല്‍സ് പ്രതിരോധത്തിലേക്ക് വലിഞ്ഞത്. ഇതു വിജയിക്കുകയും കൗണ്ടര്‍ അറ്റാക്കെന്ന പദ്ധതി പൂര്‍ണമായും നടപ്പാകുകയും ചെയ്തു.
85ാം മിനുട്ടില്‍ വോക്‌സ് നേടിയ ഹെഡ്ഡര്‍ ഗോളും കൃത്യമായിരുന്നു. ബെല്‍ജിയം ഗോള്‍ കീപ്പര്‍ തിബോട്ട് കുര്‍ട്ടോയിസിന്റെ പൊസിഷന്‍ മനസ്സിലാക്കി രണ്ടാം പോസ്റ്റിലേക്കാണ് വോക്‌സ് പന്ത് ഹെഡ്ഡ് ചെയ്തിട്ടത്.
ഗോള്‍ വഴങ്ങിയ ശേഷം വെയ്ല്‍സ് നടത്തിയ തിരിച്ചുവരവിനെ അപാരം എന്നു പറയാം. പതിയെ പതിയെ പൊസഷന്‍ ഗെയിമിലൂടെ അവര്‍ സമനില ഗോളും പിന്നീട് ലീഡും സ്വന്തമാക്കി. രണ്ടു ഗോളിനെ പ്രതിരോധിച്ച് കളിച്ച അവര്‍ കൗണ്ടര്‍ അറ്റാക്കിലൂടെ പിന്നീട് മൂന്നാം ഗോളും കണ്ടെത്തി ബെല്‍ജിയത്തിന്റെ നേരിയ സാധ്യതകളെ പോലും അടച്ചുകളഞ്ഞു.
വിജയിച്ച ശേഷം വെയ്ല്‍ സ് താരങ്ങളുടെ മുഖത്തു കണ്ട വികാരങ്ങള്‍ അവരുടെ വിജയത്തിന്റെ പച്ചയായ യാഥാര്‍ഥ്യം വെളിവാക്കുന്നു. അല്ലെങ്കില്‍ അവര്‍ അതു പോലും സ്വപ്നം കണ്ടിരുന്നില്ലെന്നു വ്യക്തം.
കരഞ്ഞും പൊട്ടിച്ചിരിച്ചും അലറിവിളിച്ചും അന്തംവിട്ടും അവര്‍ മൈതാനത്ത് ഓടി നടന്നു. സെമിയില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലാണ് വെയ്ല്‍സിന്റെ എതിരാളികള്‍. ബെല്‍ജിയത്തെ കീഴടക്കാമെങ്കില്‍ വെയ്ല്‍സിനു പോര്‍ച്ചുഗല്‍ ബുദ്ധിമുട്ടുള്ള എതിരാളികളല്ല.
എങ്കിലും ഫുട്‌ബോളില്‍ പ്രവചനങ്ങള്‍ക്കു പ്രസക്തിയില്ലെന്നു കളിയിലൂടെ കാണിച്ച വെയ്ല്‍സ് തീര്‍ച്ചയായും കീഴടങ്ങുന്നുണ്ടെങ്കില്‍ തന്നെ അതു പൊരുതിയാവുമെന്നു ഉറപ്പ്.
അപ്പോള്‍ കഷ്ടപ്പാട് പോര്‍ച്ചുഗലിനാണെന്നു ചുരുക്കം. രണ്ടു വിജയങ്ങള്‍ മാത്രമാണ് വെയ്ല്‍സിനു കിരീടം സ്വന്തമാക്കാന്‍ വേണ്ടത് എന്നതിനാല്‍ പോര്‍ച്ചുഗല്‍ കരുതിയിരിക്കണം.
ഇനി പോര്‍ച്ചുഗലിനു മുന്നില്‍ കീഴടങ്ങിയാല്‍ പോലും വെയ്ല്‍സ് വീരോചിതമായി തന്നെയാകും മടങ്ങുക. കാരണം തീയില്‍ കുരുത്തത് വെയിലത്തു വാടില്ലല്ലോ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."