പൊതുസ്ഥലത്തെ പുകവലി: കഴിഞ്ഞവര്‍ഷം പൊലിസ് പിഴ ഈടാക്കിയത് നാല് കോടിയിലധികം
തിരുവനന്തപുരം: പൊതുസ്ഥലത്ത് പുകവലിച്ചതിന് കഴിഞ്ഞവര്‍ഷം പൊലിസ് പിഴയായി ഈടാക്കിയത് നാല് കോടിയിലധികം രൂപ. പുകയില നിയന്ത്രണ നിയമം (കോട്പ) കോട്പയുടെ സെക്ഷന്‍ നാലായ പൊതുസ്ഥലത്തെ പുകവലി നിരോധന ലംഘനത്തിനാണ് 2016 ല്‍ ഏറ്റവും കൂടുതല്‍ കേസും പിഴയും നടപ്പിലാക്കിയിരിക്കുന്നത്.
4,17,00,800 രൂപയാണ് പിഴയായി സര്‍ക്കാര്‍ ഖജനാവിലേക്ക് ഈടാക്കിയിരിക്കുന്നത്. കോട്പ നിയമ പ്രകാരം 2016ല്‍ ആകെ 2,05,157 കേസുകളാണ് ചുമത്തിയിരിക്കുന്നത്. 2015ല്‍ 1,66,888 കേസുകളാണ് എടുത്തത്.
പുകയില പരസ്യം ചെയ്തതിന് 2013ല്‍ 3,860 കേസുകള്‍ ചുമത്തിയെങ്കില്‍ 2016ല്‍ ഇത് 37 എണ്ണമായി കുറഞ്ഞിട്ടുണ്ട്.
പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് പുകയില ഉല്‍പന്നങ്ങള്‍ വിറ്റതിന് 2013ല്‍ 358 കേസുകള്‍ ചുമത്തിയപ്പോള്‍ 2016ല്‍ അത് 642 ആയി. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിയന്ത്രണദൂരപരിധിക്കുള്ളില്‍ പുകയില ഉല്‍പന്നം വിറ്റതിന് 2013ല്‍ 1258 കേസുകളില്‍ നടപടിയെടുത്തപ്പോള്‍ 2016ല്‍ ഇത് 3065 ആയി.
കഴിഞ്ഞ നാല് വര്‍ഷങ്ങളില്‍ കോട്പയുടെ എല്ലാ സെക്ഷനുകളിലുമായി 10.6 കോടി രൂപയോളം സര്‍ക്കാര്‍ ഖജനാവിലേക്ക് പൊലിസ് വകുപ്പ് മാത്രമായി പിഴയായി ഈടാക്കിയിട്ടുണ്ടെന്ന് കേരളാ പൊലിസിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലെ കണക്കുകള്‍ സൂചിപ്പിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."