സ്വപ്ന സാക്ഷാല്‍കാരത്തിന്റെ നിറവില്‍ തോമസ് ചാണ്ടി
തിരുവനന്തപുരം: ജയിച്ച് മന്ത്രിയാകുമെന്ന് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് വേളയില്‍ സ്വയം പ്രഖ്യാപിച്ച ഒരേയൊരു സ്ഥാനാര്‍ഥിയായിരുന്നു തോമസ് ചാണ്ടി. കൈകാര്യം ചെയ്യാന്‍ പോകുന്ന വകുപ്പും ചാണ്ടി തന്നെ പ്രഖ്യാപിച്ചു. ജലവിഭവ വകുപ്പ്. എന്നാല്‍ അനവസരത്തിലുള്ള ആ പ്രഖ്യാപനം അദ്ദേഹത്തിനു വിനയായി. ചാണ്ടിയടക്കം ജയിച്ചുവന്ന രണ്ട് എന്‍.സി.പി എം.എല്‍.എമാരില്‍ പാര്‍ട്ടി മന്ത്രിയാക്കിയത് എ.കെ ശശീന്ദ്രനെ.
മന്ത്രിക്കസേരയെന്ന ദീര്‍ഘകാല സ്വപ്നം സഫലമാവാതെ പോയതിലുള്ള ചാണ്ടിയുടെ ഇച്ഛാഭംഗം അന്നു തന്നെ വാര്‍ത്തയായിരുന്നു. ഇതേതുടര്‍ന്ന് മന്ത്രിസ്ഥാനം രണ്ടര വര്‍ഷം ഒരാള്‍ക്ക് എന്ന നിലയില്‍ വീതം വയ്ക്കാമെന്ന് പാര്‍ട്ടിക്കുള്ളില്‍ അലിഖിത ധാരണ ഉണ്ടാകുകയും ചെയ്തിരുന്നു. എന്നാല്‍ പിണറായി മന്ത്രിസഭ വെറും പത്തു മാസം പിന്നിട്ടപ്പോള്‍ യാദൃച്ഛികമായി മന്ത്രിക്കസേര ചാണ്ടിയെ തേടിയെത്തിയിരിക്കുകയാണ്. ഫോണ്‍വിളി വിവാദത്തില്‍ പെട്ട് ശശീന്ദ്രന് മന്ത്രിസ്ഥാനം ഒഴിയേണ്ടി വന്നതിനെ തുടര്‍ന്നാണ് ചാണ്ടിയുടെ സ്വപ്നം പൂവണിയുന്നത്. ആശിച്ച ജലവിഭവ വകുപ്പ് കിട്ടിയില്ലെന്നു മാത്രം. എന്നാല്‍ കിട്ടിയ ഗതാഗത വകുപ്പിലിരുന്ന് കെ.എസ്.ആര്‍.ടി.സിയെ ലാഭത്തിലാക്കിയെടുക്കുമെന്ന പ്രതിജ്ഞയെടുത്തിട്ടുണ്ട് അദ്ദേഹം.
കേരള നിയമസഭയിലെ ഏറ്റവും സമ്പന്നനായ അംഗമായി അറിയപ്പെടുന്നയാളാണ് ചാണ്ടി. എന്നാല്‍ ആ സമ്പന്നതയ്ക്കു പിന്നില്‍ കഠിനാദ്ധ്വാനത്തിന്റെ ചരിത്രമുണ്ട്. വെറുമൊരു സമ്പന്നന്‍ എന്നതിനപ്പുറം കെ.എസ്.യുവില്‍ തുടങ്ങി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തനവും കഴിഞ്ഞ് കോണ്‍ഗ്രസിലെത്തി പിന്നീട് കോണ്‍ഗ്രസിന്റെ ചേരിതിരിവുകളും കടന്നെത്തിയ രാഷ്ട്രീയ പാരമ്പര്യവുമുണ്ട്.
വിദ്യാഭ്യാസം പൂര്‍ത്തിയാക്കി കൈയില്‍ വസ്ത്രം അടുക്കിവച്ച ഒരു പെട്ടിയുമായി തൊഴില്‍ തേടി കുവൈത്തിലെത്തിയ ചാണ്ടി പിന്നീട് തൊട്ടതെല്ലാം പൊന്നാക്കുകയായിരുന്നു. ഗള്‍ഫ് നാടുകളില്‍ അദ്ദേഹം ആരംഭിച്ച സ്‌കൂള്‍ ശൃംഖല പടര്‍ന്നു പന്തലിച്ചു. അക്കാലത്തും രാഷ്ട്രീയം കൈവിട്ടില്ല. പ്രവാസ ജീവിതകാലത്തു കോണ്‍ഗ്രസിന്റെ പ്രവാസി സംഘടനയുടെ നേതാവായി. ഒപ്പം കെ. കരുണാകരന്റെ വിശ്വസ്ത അനുയായിയും.
കേരളത്തില്‍ കോണ്‍ഗ്രസ് പിളര്‍ന്ന് കരുണാകരന്റെയും കെ. മുരളീധരന്റെയും നേതൃത്വത്തില്‍ ഡി.ഐ.സി രൂപംകൊണ്ടപ്പോള്‍ അതിന്റെ നേതാക്കളിലൊരാളായാണ് ചാണ്ടി കേരള രാഷ്ട്രീയത്തില്‍ തിരിച്ചെത്തുന്നത്. 2006ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനോടൊപ്പം ചേര്‍ന്ന് ഡി.ഐ.സി 19 സീറ്റുകളില്‍ മത്സരിച്ചപ്പോള്‍ മുരളിയടക്കം 18 പേരും തോറ്റെങ്കിലും കുട്ടനാട്ടില്‍ ചാണ്ടി വിജയിച്ചു. ഡി.ഐ.സി എന്‍.സി.പിയില്‍ ലയിച്ചപ്പോള്‍ ചാണ്ടി ആ പാര്‍ട്ടിയിലെത്തി. കരുണാകരനും പിറകെ മുരളീധരനും ഡി.ഐ.സി വിട്ട് കോണ്‍ഗ്രസില്‍ തിരിച്ചെത്തിയെങ്കിലും ചാണ്ടി എന്‍.സി.പിയില്‍ തന്നെ നിന്നു. പിന്നീട് 2011ലും 2016ലും വിജയം ആവര്‍ത്തിച്ചു.
ആലപ്പുഴ ജില്ലയിലെ ചേന്നങ്കരിയിലെ വെട്ടിക്കാട് കളത്തില്‍ പറമ്പില്‍ വി.സി തോമസിന്റെയും ഏലിയാമ്മയുടെയും മകനായി 1947 ഓഗസ്റ്റ് 29നാണ് ചാണ്ടിയുടെ ജനനം. പ്രാഥമിക വിദ്യാഭ്യാസം ചേന്നങ്കരി ദേവമാതാ സ്‌കൂളിലും ഹൈസ്‌കൂള്‍ വിദ്യാഭ്യാസം കൈനകരി സെന്റ് മേരീസ് ഹൈസ്‌കൂളിലും ആലപ്പുഴ ലീയോ തേര്‍ട്ടീന്‍ത് സ്‌കൂളിലുമായി പൂര്‍ത്തിയാക്കി. ചെന്നൈയില്‍ നിന്ന് ടെലികമ്യൂണിക്കേഷന്‍സില്‍ ഡിപ്ലോമ നേടി. കുവൈത്തിലെ പ്രസിദ്ധമായ മൂന്നു സ്‌കൂളുകളുടെയും സഊദി അറേബ്യയിലെ മറ്റൊരു സ്‌കൂളിന്റെയും ചെയര്‍മാനാണ്. ആലപ്പുഴ പുന്നമടയിലെ പ്രസിദ്ധമായ ലേക്പാലസ് റിസോര്‍ട്ടിന്റെ ഉടമയുമാണ്. ദീര്‍ഘകാലമായി ആലപ്പുഴ നെഹ്‌റുട്രോഫി വള്ളംകളിയുടെ മുഖ്യ സംഘാടകനാണ്. കുട്ടനാട്ടിലെ വള്ളംകളി മേഖലയ്ക്ക് നിരവധി സംഭാവനകള്‍ നല്‍കി. മൂന്നു പതിറ്റാണ്ടായി ചാണ്ടി നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഏറെ ജനശ്രദ്ധ നേടിയിട്ടുണ്ട്. കുവൈത്ത് ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ പ്രസിഡന്റായി ദീര്‍ഘകാലം സേവനമനുഷ്ഠിച്ചു. എന്‍.സി.പിയുടെ ദേശീയ വര്‍ക്കിങ് കമ്മിറ്റി അംഗമാണ്. മാര്‍ത്തോമാ സഭാ കൗണ്‍സില്‍ അംഗവുമാണ്. ചേന്നങ്കരി വടക്കേകളം കുടുംബാംഗമായ മേഴ്‌സി ചാണ്ടിയാണ് ഭാര്യ. മക്കള്‍: ബെറ്റി ചാണ്ടി (അമേരിക്ക), ഡോ. ടോബി ചാണ്ടി, ടെസ്സി ചാണ്ടി. മരുമക്കള്‍: ലൈനി മാത്യു, ഡോ. അന്‍സു സൂസന്‍ സണ്ണി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."