എസ്.ബി.ടിയും ചുവപ്പ് ജേഴ്‌സിയും ചരിത്രത്തിലേക്ക്
തിരുവനന്തപുരം: കാല്‍പന്തുകളിയില്‍ കേരളത്തിന്റെ മേല്‍വിലാസമായിരുന്ന എസ്.ബി.ടി ഫുട്‌ബോള്‍ ക്ലബ് ചിത്രത്തിലേക്ക്. എസ്.ബി.ടി- എസ്.ബി.ഐ ലയനം ഇന്നു യാഥാര്‍ഥ്യമായതോടെ ഫുട്‌ബോള്‍ ടീം ചരിത്രത്തിലേക്ക് മായുകയാണ്. രണ്ടു പതിറ്റാണ്ടിലേറെ നീണ്ട പ്രയാണത്തിനിടെ നിരവധി രാജ്യാന്തര താരങ്ങളെ വാര്‍ത്തെടുത്താണ് എസ്.ബി.ടി ചരിത്രത്തിലേക്ക് മായുന്നത്.
1993ല്‍ രൂപം കൊണ്ട എസ്.ബി.ടി ടീം നീണ്ട 24 വര്‍ഷം കേരള ഫുട്‌ബോളിന്റെ പ്രധാന മേല്‍വിലാസമായിരുന്നു. 1984 മുതല്‍ തന്നെ ടീം ഉണ്ടായിരുന്നുവെങ്കിലും 93 ലാണ് പ്രൊഫഷനല്‍ ഫുട്‌ബോളില്‍ പന്തു തട്ടി തുടങ്ങിയത്. എസ്.ബി.ടി - എസ്.ബി.ഐ ലയനം പൂര്‍ത്തിയായതോടെ ടീമിന്റെ ഗതി എന്താകുമെന്ന ആശങ്കയിലാണു താരങ്ങളും പരിശീലകനും മാനേജ്‌മെന്റും.
കാസര്‍കോട് തുടങ്ങാനിരിക്കുന്ന സംസ്ഥാന ക്ലബ് ഫുട്‌ബോളില്‍ എസ്.ബി.ഐ എന്ന പേരില്‍ കളിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. അതിനു ശേഷം എന്തെന്നതിനെ കുറിച്ച് യാതൊരു ധാരണയും പരിശീലകന്‍ വി.പി ഷാജിക്കും കളിക്കാര്‍ക്കുമില്ല. എസ്.ബി.ഐയുടെ മറ്റു മേഖലകളിലൊന്നും ടീമുകളെ നിലനിര്‍ത്തുന്നില്ല.
ഇത് ആശങ്ക വര്‍ധിപ്പിക്കുന്നതാണ്. എസ്.ബി.ഐയുടെ മറ്റ് 17 സര്‍ക്കിളുകളിലും ടീമുകളെ നിലനിര്‍ത്തേണ്ടെന്നാണു ബാങ്ക് അധികൃതരുടെ തീരുമാനം. എങ്കിലും ടീം പ്രതീക്ഷ കൈവിടുന്നില്ല. എസ്.ബി.ഐ അധികൃതരില്‍ നിന്നു അനുകൂല സമീപനം ഉണ്ടാകുമെന്ന പ്രതീക്ഷയില്‍ തന്നെയാണ് പരിശീലകന്‍ വി.പി ഷാജി. ഇത്രയും മികച്ചൊരു ടീമിനെ നിലനിര്‍ത്തുമെന്ന പ്രതീക്ഷ അദ്ദേഹം പുലര്‍ത്തുന്നു.
നിലവില്‍ സന്തോഷ് ട്രോഫി കളിച്ചവരില്‍ ക്യാപ്റ്റന്‍ ഉസ്മാന്‍ അടക്കം എട്ടു താരങ്ങള്‍ എസ്.ബി.ടിയില്‍ നിന്നായിരുന്നു. ടീമിന്റെ റിക്രൂട്ട്‌മെന്റും നടത്തിപ്പും മികവും ഉള്‍പ്പടെ കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയ വിശദമായ റിപ്പോര്‍ട്ട് ടീം മാനേജ്‌മെന്റ് എസ്.ബി.ഐക്ക് കൈമാറിയിരുന്നു. ഈ റിപ്പോര്‍ട്ട് മുംബൈയിലെ കേന്ദ്ര ഒഫിസിനു അയച്ചുകൊടുത്തു തീരുമാനത്തിനായി കാത്തിരിക്കുകയാണ്. ടീം നിലനിര്‍ത്താനുള്ള ഫണ്ട്, താരങ്ങളുടെ പരിശീലനം, ഡ്യൂട്ടി ലീവ് തുടങ്ങിയ കാര്യങ്ങള്‍ക്ക് എസ്.ബി.ഐ കേന്ദ്ര ഒഫിസില്‍ നിന്നു വ്യക്തത ലഭിക്കണം.
2001 ലും 2004 ലും കേരളത്തിനു സന്തോഷ് ട്രോഫി സമ്മാനിച്ചതില്‍ എസ്.ബി.ടി താരങ്ങളുടെ പങ്ക് നിര്‍ണായകമായിരുന്നു. ഇന്ത്യന്‍ ഫുട്‌ബോളിലെ കേരളത്തിന്റെ അഭിമാന ടീമായ എസ്.ബി.ടി നിരവധി നേട്ടങ്ങള്‍ കൊയ്തു. ജോപോള്‍ അഞ്ചേരി, ജിജു ജേക്കബ്, വി.പി ഷാജി, സുനില്‍കുമാര്‍, ഫിറോസ് ഷെരീഫ്, കെ.വി ധനേഷ്, വിനു ജോസ്, അബ്ദുല്‍ ഹക്കീം, എന്‍.വി പ്രദീപ് തുടങ്ങിയ രാജ്യാന്തര താരങ്ങളെ രാജ്യത്തിനു സമ്മാനിച്ചു.
എസ്.ബി.ടിയില്‍ എത്തിയ 54 താരങ്ങളില്‍ 44 പേരും കേരള ജഴ്‌സി അണിഞ്ഞ് പന്തുതട്ടിയവര്‍. കാല്‍പന്തുകളിയില്‍ പുതിയ താരങ്ങളെ കണ്ടെത്തുന്ന അക്കാദമി കൂടിയായിരുന്നു എസ്.ബി.ടി. ഗസ്റ്റ് പ്ലയറായി എസ്.ബി.ടി ജേഴ്‌സിയില്‍ പന്തു തട്ടിയവര്‍ നിരവധി. ബാങ്കുകളുടെ ലയനത്തോടെ എസ്.ബി.ടിയും കാല്‍പന്തുകളിയിലെ ആ ചുവപ്പു ജഴ്‌സിയും ചരിത്രത്തിലേക്ക്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."