അരുവിക്കര പോലെ ചെങ്ങന്നൂര്‍, പിണറായി പോലെ ചെന്നിത്തലയും
ചെങ്ങന്നൂരില്‍ കിട്ടിയ ആഘാതത്തില്‍ സമരവീര്യം ചോര്‍ന്നാണ് പ്രതിപക്ഷം സഭയിലെത്തുക എന്നു പ്രതീക്ഷിച്ചവര്‍ക്കൊക്കെ തെറ്റി. തോല്‍വി ശൗര്യത്തെ ഒട്ടും ബാധിച്ചിട്ടില്ല എന്നു കാണിക്കാന്‍ തീരുമാനിച്ചുറച്ചു തന്നെയാണ് അവരിന്നലെ സഭയിലെത്തിയത്. സര്‍ക്കാരിനെതിരേ ഇപ്പോള്‍ കിട്ടാവുന്നതില്‍ ഏറ്റവും മികച്ച ആയുധമായ കെവിന്‍ വധം തന്നെ വിഷയമാക്കി അടിയന്തരപ്രമേയം കൊണ്ടുവന്നു. അതിന്‍മേലുള്ള പ്രതിഷേധം ബഹളമാക്കി വളര്‍ത്തിയെടുത്ത് ഒടുവില്‍ കാര്യങ്ങള്‍ സഭാനടപടികള്‍ മുടങ്ങുന്നതു വരെ എത്തിച്ചു.
പ്രതിപക്ഷാക്രമണത്തെ നേരിടാന്‍ ഭരണപക്ഷം കണ്ടെത്തിയ പ്രധാനായുധം ചെങ്ങന്നൂര്‍ തന്നെയായിരുന്നു. അടിയന്തരപ്രമേയത്തിന് അവതരണാനുമതി തേടിയ തിരുവഞ്ചൂര്‍ രാധാകൃഷ്ണനുള്ള മറുപടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അതു നന്നായി എടുത്തു പ്രയോഗിക്കുകയും ചെയ്തു. സര്‍ക്കാരിനെതിരേ പ്രതിപക്ഷം നടത്തുന്ന അസത്യ പ്രചാരണങ്ങള്‍ക്ക് ജനങ്ങള്‍ നല്‍കിയ മറുപടിയാണ് ചെങ്ങന്നൂര്‍ ഫലമെന്ന് പിണറായി. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു ജനങ്ങള്‍ നല്‍കിയ അംഗീകാരമാണത്. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്ക്കു വോട്ടുള്ള ബൂത്തില്‍ പോലും യു.ഡി.എഫ് സ്ഥാനാര്‍ഥിക്കു വോട്ടു കുറഞ്ഞു. കെവിന്‍ വധത്തിലെ പ്രതികളായ ഡി.വൈ.എഫ്.ഐക്കാരെ സി.പി.എമ്മും പൊലിസും സഹായിക്കുന്നു എന്ന പ്രതിപക്ഷാരോപണത്തിന്, പ്രതികളെ സഹായിച്ചവരിലൊരാള്‍ യൂത്ത് കോണ്‍ഗ്രസ് നേതാവാണെന്ന് മുഖ്യന്ത്രിയുടെ മറുപടി.
എന്നാല്‍, ഇതിനൊക്കെയുള്ള മറുപടി ചെന്നിത്തല നേരത്തെ തന്നെ കരുതിവച്ചിരുന്നു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് മികച്ച വിജയം നേടിയപ്പോള്‍ പിണറായി നടത്തിയ പ്രസ്താവനയാണ് അതിലൊന്ന്. ജനവിരുദ്ധ നയങ്ങളാണ് യു.ഡി.എഫ് സര്‍ക്കാരിന്റേതെന്നും അതിന്റെ ദുരിതം മറ്റുള്ളവരെപ്പോലെ തന്നെ അനുഭവിക്കുന്ന അരുവിക്കരയിലെ വോട്ടര്‍മാര്‍ എന്നിട്ടും യു.ഡി.എഫിനെ വിജയിപ്പിച്ചെന്നും യു.ഡി.എഫ് അധികാരം ദുര്‍വിനിയോഗം ചെയ്തതും സിറ്റിങ് എം.എല്‍.എ മരിച്ചതിനെ തുടര്‍ന്നുണ്ടായ തെരഞ്ഞെടുപ്പില്‍ സ്വാഭാവികമായുണ്ടാകുന്ന സഹതാപ വോട്ടുകളും വിജയത്തിനു കാരണമായിട്ടുണ്ടെന്നുമൊക്കെ പിണറായി ആ പ്രസ്താവനയില്‍ പറഞ്ഞിരുന്നു. ഇതു തന്നെയാണ് ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പിനെക്കുറിച്ച് തനിക്കും പറയാനുള്ളതെന്ന് ചെന്നിത്തല പറഞ്ഞപ്പോള്‍ ഭരണപക്ഷത്തു മൗനം.
പിന്നെ തന്റെ ബൂത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി പിന്നിലായത് എവിടെയും സംഭവിക്കാത്ത കാര്യമൊന്നുമല്ലെന്നും പിണറായിയില്‍ മുഖ്യമന്ത്രിക്കു വോട്ടുള്ള ബൂത്തില്‍ 2009ലെ ലോക്‌സഭാ തെരഞ്ഞടുപ്പില്‍ കെ.കെ രാഗേഷിനെക്കാളധികം വോട്ട് കെ. സുധാകരനു ലഭിച്ചിട്ടുണ്ടെന്നും ചെന്നിത്തലയുടെ വാദം. എന്നാല്‍, തന്റെ ബൂത്തില്‍ ഒരുകാലത്തും എല്‍.ഡി.എഫ് പിറകില്‍ പോയിട്ടില്ലെന്നു പിണറായി. ഉണ്ടെന്നും കണക്കു പരിശോധിച്ചു നോക്കൂ എന്നും ചെന്നിത്തല.
കെവിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്തത് ജൂനിയര്‍ ഡോക്ടറാണെന്നും സീനിയര്‍ ഡോക്ടറെ ചിലര്‍ ലീവെടുപ്പിച്ചു എന്നുമുള്ള തിരുവഞ്ചൂരിന്റെ ആരോപണത്തിനു മറുപടി നല്‍കിയ മുഖ്യമന്ത്രിക്കു കെ.ബി ഗണേഷ്‌കുമാറിന്റെ വക സഹായം. അന്ന് ആശുപത്രിക്കു പുറത്തു സമരം നടത്തിയ തിരുവഞ്ചൂര്‍, താന്‍ ആവശ്യപ്പെട്ടതനുസരിച്ച് പോസ്റ്റ്‌മോര്‍ട്ടത്തിനു ടീമിനെ നിയോഗിച്ചെന്ന് ചാനലുകളോടു പറഞ്ഞത് താന്‍ ലൈവായി കണ്ടിട്ടുണ്ടെന്ന് ഗണേഷ് പറഞ്ഞപ്പോള്‍ തിരുവഞ്ചൂരിനു മറുപടിയില്ല.
നിപാ വൈറസ് ബാധയിലേക്കു വാര്‍ത്താശ്രദ്ധ തിരിക്കുക എന്ന ലക്ഷ്യത്തോടെ മാസ്‌കും കൈയുറയും ധരിച്ചു സഭയില്‍ വന്ന പാറക്കല്‍ അബ്ദുല്ലയുടെ നീക്കം ലക്ഷ്യം തെറ്റി തിരിച്ചടിച്ചു. പാറക്കല്‍ ഇങ്ങനെ വന്നത് പരിഹാസ്യമാണെന്നും വൈറസ് ബാധിച്ചിട്ടുണ്ടെങ്കില്‍ അദ്ദേഹം ആശുപത്രിയിലേക്കാണ് പോകേണ്ടതെന്നുമൊക്കെ മുഖ്യമന്ത്രിയും ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചറും പറഞ്ഞപ്പോള്‍ ചെന്നിത്തല ചെറിയൊരു വിശദീകരണം നല്‍കിയതിനപ്പുറം പ്രതിപക്ഷത്തു നിന്ന് പാറക്കലിനെ പിന്തുണയ്ക്കാന്‍ ആരുമുണ്ടായില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."