കാട്ടാനശല്യം രൂക്ഷം; നടപടി വേണമെന്ന്
പനമരം: അമ്മാനി, നീര്‍മാരം പുഞ്ചവയല്‍ പ്രദേശങ്ങളില്‍ കാട്ടാനശല്യം രൂക്ഷമാകുന്നു. കഴിഞ്ഞ ദിവസം രാവിലെ റബ്ബര്‍ ടാപ്പിങ് ജോലിക്കു പോകുകയായിരുന്ന രാജന്‍ ദാസനക്കരയുടെ നേര്‍ക്കും മുന്‍ പഞ്ചായത്ത് പ്രസിഡന്റ് അമ്മാനി വാസുവിന് നേരെയും കാട്ടാന പാഞ്ഞടുത്തിരുന്നു.
ഇവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. രാജന്‍ ഓടി രക്ഷപ്പെട്ടതോടെ ഇയാള്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ കാട്ടാന തകര്‍ത്തിരുന്നു. ദിവസങ്ങളായി ഈ ഭാഗങ്ങളില്‍ കാട്ടാനകള്‍ ഒറ്റയായും കൂട്ടമായും റോഡരികിലെ തോട്ടങ്ങളില്‍ തമ്പടിച്ചിരിക്കുകയാണ്. കൂടാതെ കഴിഞ്ഞ ദിവസം പനമരം സര്‍വിസ് സ്റ്റേഷന്‍ പരിസരത്തെ വാഴ, കരിമ്പ് തുടങ്ങിയവ കാട്ടാന നശിപ്പിച്ചിരുന്നു. കാട്ടാനശല്യം രൂക്ഷമായതോടെ സന്ധ്യയായാല്‍ പുറത്തിറങ്ങാന്‍ നാട്ടുകാര്‍ ഭയപ്പെടുകയാണ്. നെയ്കുപ്പ വനമേഖലയിലെ കുളങ്ങളില്‍ വെള്ളം വറ്റിയതോടെയാണ് ആനകള്‍ ജനവാസ കേന്ദ്രങ്ങളിലെത്തുന്നത്. കാട്ടാനകള്‍ ജനവാസ കേന്ദ്രത്തിലെത്തുന്നത് തടയാന്‍ അടിയന്തര നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."