കമല്ഹാസന് കുമാരസ്വാമിയെ കണ്ടു
ബംഗളൂരു: മക്കള്‍ നീതി മയ്യം നേതാവും പ്രമുഖ സിനിമാ നടനുമായ കമല്‍ ഹാസന് കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയുമായി കൂടിക്കാഴ്ച നടത്തി. കാവേരി വിഷയം ചര്‍ച്ച ചെയ്യാനാണ് കമല്‍ ഹാസന് കര്‍ണാടകയിലെത്തിയത്. എന്തു പ്രശ്നമുണ്ടെങ്കിലും ഇരുസംസ്ഥാനങ്ങളും തമ്മില്‍ ചര്‍ച്ച നടത്തി പരിഹരിക്കണമെന്ന് കൂടിക്കാഴ്ചയ്ക്കു ശേഷം നടന്ന സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ ഇരുവരും പറഞ്ഞു.
രണ്ടു സംസ്ഥാനങ്ങളിലുള്ള കര്‍ഷകരും തുല്യ പ്രധാന്യമുളളവരാണ്. കാവേരി വിഷയത്തില്‍ രാഷ്ട്രീയമില്ലെന്നും ഇരുവരും പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രതികരണത്തില്‍ തനിക്ക് സന്തോഷമുണ്ടെന്ന് കമല്‍ ഹാസന് പ്രതികരിച്ചു. നമ്മള് വെള്ളം പങ്കുവയ്ക്കുമെന്നും അതില്‍ രണ്ടു വഴികളില്ലെന്നും അദ്ദേഹം തുടര്‍ന്നു. കൂടിക്കാഴ്ച ഒരു മണിക്കൂര്‍ നീണ്ടുനിന്നു.മുഖ്യമന്ത്രിയുമായുള്ളചര്ച്ച പ്രതീക്ഷ നല്‍കുന്നതാണെന്നും ഒരേ ചിന്താഗതിയുള്ള ജനങ്ങള്‍ക്കിടയില്‍ പ്രശ്നപരിഹാരത്തിനുള്ള വഴി തെളിയുമെന്നാണ് തന്റെ പ്രതീക്ഷയെന്നും കമല്ഹാസന് കൂട്ടിച്ചേര്‍ത്തു.
സുപ്രിം കോടതി വിധി അനുസരിച്ചുള്ള ജലം തമിഴ്നാടിന് വിട്ടുനല്‍കാന്‍ കര്‍ണാടക തയാറാകണമെന്ന് നടന് രജനികാന്ത് നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കര്‍ണാടകയിലെ ഡാമുകള്‍ കാണാന്‍ രജനികാന്തിനെ ക്ഷണിക്കുകയായിരുന്നു കുമാരസ്വാമി ചെയ്തത്. കര്‍ണാടകയിലെ കര്‍ഷകര്‍ക്ക് പോലും ജലം തികയുന്നില്ലെന്നും ഡാമുകള്‍ കണ്ടശേഷവും വെള്ളം വേണമെന്നാണെങ്കില്‍ അക്കാര്യം ചര്‍ച്ച ചെയ്യാമെന്നാണ് കുമാരസ്വാമി പറഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."