ടാറ്റയടക്കമുള്ള വന്‍കിട തോട്ടമുടമകള്‍ക്ക് നോട്ടിസ്: നടപടി പ്രഹസനമാകും
തൊടുപുഴ: പത്തു ദിവസത്തിനകം ഉടമസ്ഥാവകാശം തെളിയിക്കണമെന്നാവശ്യപ്പെട്ട് ടാറ്റയടക്കമുള്ള വന്‍കിട തോട്ടമുടമകള്‍ക്ക് സര്‍ക്കാര്‍ നോട്ടിസ് നല്‍കിയത് പ്രഹസനമാകുന്നു. ടാറ്റയടക്കമുള്ള വന്‍കിടക്കാര്‍ അനധികൃതമായി ഭൂമി കൈയടക്കി വച്ചിരിക്കുകയാണെന്നു വ്യക്തമായ തെളിവുകള്‍ കൈവശമുണ്ടായിട്ടും പുതിയ നടപടി തോട്ടമുടമകള്‍ക്ക് കോടതിയെ സമീപിക്കാന്‍ അവസരമുണ്ടാക്കുന്നതാണെന്നാണ് വിലയിരുത്തല്‍. സ്‌പെഷല്‍ ഓഫിസറും എറണാകുളം ജില്ലാ കലക്ടറുമായ എം.ജി രാജമാണിക്യമാണ് 25 വന്‍കിട തോട്ടമുടമകള്‍ക്ക് ഇപ്പോള്‍ നോട്ടിസ് നല്‍കിയിരിക്കുന്നത്.
മൂന്നാറില്‍ പതിനായിരക്കണക്കിനു ഏക്കര്‍ ഭൂമി ടാറ്റ അനധികൃതമായി കൈയടക്കി വച്ചിരിക്കുകയാണെന്നും ഭൂമി കൈമാറിയിട്ടുണ്ടെന്നും സര്‍ക്കാര്‍ തന്നെ ഒന്നിലധികം തവണ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടുണ്ട്. നടപടിയെടുക്കാന്‍ പര്യാപ്തമായ നിരവധി അന്വേഷണ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ടെങ്കിലും ചെറുവിരല്‍ അനക്കാന്‍ മാറിമാറി വരുന്ന സര്‍ക്കാരുകള്‍ തയാറാകുന്നില്ല. മൂന്നാറില്‍ ടാറ്റയുടെ കൈയേറ്റം തെളിയിക്കുന്ന സര്‍വെ മാപ്പ് കണ്ണന്‍ ദേവന്‍ ഹില്‍സ് വില്ലേജില്‍ പ്രസിദ്ധീകരിച്ചിട്ടും തുടര്‍ നടപടികളൊന്നുമുണ്ടായിട്ടില്ല. സാറ്റലൈറ്റ് സര്‍വേകളും ടാറ്റയുടെ കൈയേറ്റം നേരത്തെ സ്ഥിരീകരിച്ചിട്ടുണ്ട്. ഗ്രീന്‍ മൂന്നാര്‍ ബ്രൗണ്‍ മൂന്നാറാകുന്നുവെന്നു ഹൈക്കോടതിയുടെ നിരീക്ഷണം പോലുമുണ്ടായി.
ടാറ്റയുടെ കണ്ണന്‍ ദേവന്‍ കമ്പനി മൂന്നാറില്‍ 50,000 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി കൈവശപ്പെടുത്തിയതായി മൂന്നാര്‍ ദൗത്യ സംഘം നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. 1996ല്‍ നാലകത്ത് സൂപ്പി അധ്യക്ഷനായ നിയമസഭാ അഷ്വറന്‍സ് കമ്മിറ്റിയും 1998ല്‍ ഇസ്ഹാഖ് കുരുക്കള്‍ ചെയര്‍മാനായ കമ്മിറ്റിയും ടാറ്റയുടെ കൈയേറ്റ ഭൂമി തിരിച്ചുപിടിക്കണമെന്നു ആവശ്യപ്പെട്ട് വിശദമായ റിപ്പോര്‍ട്ട് നിയമസഭയില്‍ സമര്‍പ്പിച്ചിച്ചിരുന്നു.
നിയമസഭാ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പുറത്തുവന്നപ്പോള്‍ ഇത് പച്ചക്കള്ളമാണെന്നാണ് അന്നത്തെ ഡെപ്യൂട്ടി സ്പീക്കറും ഇപ്പോള്‍ സി.പി.ഐ ദേശീയ കൗണ്‍സില്‍ അംഗവുമായ സി.എ കുര്യന്‍ വാര്‍ത്താസമ്മേളനം നടത്തി പ്രതികരിച്ചത്. ടാറ്റാ കമ്പനിയില്‍ സി.പി.ഐയുടെ എ.ഐ.ടി.യു.സിയാണ് പ്രബല യൂനിയന്‍.
ടാറ്റ കൈവശപ്പെടുത്തിയിരിക്കുന്ന സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കാന്‍ മൂന്നാര്‍ ദൗത്യസംഘം 2008 ല്‍ സര്‍ക്കാറിന്റെ പ്രത്യേക അനുമതി തേടിയിരുന്നു. പിന്നീട് ദൗത്യസംഘം തന്നെ ദുര്‍ബലമായി ഇല്ലാതായ കാഴ്ചയാണ് കേരളം കണ്ടത്. സര്‍ക്കാര്‍ ഭൂമിയും ടാറ്റയ്ക്ക് പാട്ടത്തിനു നല്‍കിയ ഭൂമിയും ഏതെല്ലാമെന്ന് വ്യക്തമാക്കി സര്‍വെ ലൈനുകള്‍ വേര്‍തിരിച്ച് ഒന്‍പതാം വിജ്ഞാപനം വില്ലേജ് ഓഫിസില്‍ പ്രസിദ്ധീകരിച്ചിരുന്നു.
വിജ്ഞാപനത്തിലെ അതിര്‍ത്തി നിര്‍ണയത്തില്‍ പരാതിയുണ്ടെങ്കില്‍ നല്‍കാന്‍ ബന്ധപ്പെട്ട കക്ഷികള്‍ക്ക് നോട്ടിസും നല്‍കിയിരുന്നു. ഇതുപ്രകാരം ടാറ്റയുടെ തോട്ടങ്ങള്‍ക്കിടയില്‍ കിടക്കുന്ന സര്‍ക്കാര്‍ ഭൂമിയുടെ ഉടമസ്ഥത സംബന്ധിച്ച് കണ്ണന്‍ ദേവന്‍ കമ്പനി വളരെ കുറച്ചു പരാതികള്‍ മാത്രമാണ് സമര്‍പ്പിച്ചത്. കണ്ണന്‍ ദേവന്‍ കമ്പനിക്കൊപ്പം ചില സ്വകാര്യ വ്യക്തികളും ഒന്‍പതാം വിജ്ഞാപനത്തിനെതിരേ പരാതി സമര്‍പ്പിച്ചിരുന്നു.
എന്നാല്‍ സര്‍ക്കാര്‍ ഭൂമിയില്‍ അവകാശവാദം ഉന്നയിച്ച് ഇവര്‍ ഹാജരാക്കിയത് കള്ളപ്പട്ടയങ്ങളാണെന്ന് ദൗത്യസംഘം കണ്ടെത്തി. തോട്ടങ്ങള്‍ക്കിടയിലെ സര്‍ക്കാര്‍ ഭൂമിയില്‍ അവകാശം ഉന്നയിച്ച് കണ്ണന്‍ ദേവന്‍ കമ്പനി നല്‍കിയ രേഖകളൊന്നും വാദത്തിനു ബലം നല്‍കുന്നതായിരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."