സഹോദരങ്ങളുടെ മുങ്ങിമരണം; ജില്ലയിലെ പടുതക്കുളങ്ങളുടെ കണക്കെടുക്കുന്നു
തൊടുപുഴ: കുമളി ആനക്കുഴിയില്‍ പടുതാക്കുളത്തില്‍ സഹോദരങ്ങള്‍ വീണു മരിച്ച സാഹചര്യത്തില്‍ ജില്ലയിലെ പടുതക്കുളങ്ങളെക്കുറിച്ചു വിവരശേഖരണം ആരംഭിച്ചു. ജില്ലയിലെ വിവിധ പഞ്ചായത്തുകളിലായി തൊഴിലുറപ്പു പദ്ധതികളുമായി ബന്ധപ്പെട്ട് ഏതാണ്ടു 900 പടുതക്കുളങ്ങളാണു രണ്ടുവര്‍ഷത്തിനിടെ നിര്‍മിച്ചത്. തോട്ടംമേഖലകളിലെയും അതിര്‍ത്തിമേഖലകളിലെയും ജലക്ഷാമം പരിഹരിക്കുന്നതിനായാണു പഞ്ചായത്ത് തൊഴിലുറപ്പു പദ്ധതികളില്‍ ഉള്‍പ്പെടുത്തി വ്യാപകമായി പടുതക്കുളങ്ങള്‍ നിര്‍മിച്ചത്.
വേനല്‍ക്കാലത്തേക്ക് വെള്ളം ശേഖരിച്ചു കൃഷിയിടം നനയ്ക്കുന്നതിനാണ് പടുതക്കുളങ്ങള്‍ ഉപയോഗിക്കുന്നത്. കണക്കുകളില്ലാതെ വിവിധ വകുപ്പുകള്‍ പഞ്ചായത്ത് സ്വയം തൊഴില്‍ പദ്ധതിയിലൂടെ നിര്‍മിക്കുന്ന പടുതക്കുളങ്ങളുടെ വിവരങ്ങള്‍ മാത്രമാണു പഞ്ചായത്തിലുള്ളത്. സ്വകാര്യ വ്യക്തികള്‍ സ്വയം നിര്‍മിക്കുന്ന പടുതക്കുളങ്ങളുടെ വിവരങ്ങള്‍ റവന്യു വിഭാഗത്തിന്റെ പക്കലില്ല. ഏക്കറുകണക്കിനു തോട്ടങ്ങള്‍ നനയ്ക്കുന്നതിനായി നിര്‍മിക്കുന്ന പടുതക്കുളങ്ങളെക്കുറിച്ചു പുറം ലോകത്തിനു അറിവില്ല.
പഞ്ചായത്ത് നിര്‍മിക്കുന്ന പടുതാക്കുളത്തിനു സംരക്ഷണവേലികള്‍ നിര്‍മിച്ചു നല്‍കിയാല്‍ അപകടങ്ങളൊഴിവാക്കാം. പഞ്ചായത്ത് ഫണ്ട് മുടക്കി നിര്‍മിച്ച ചെക്ക്ഡാമുകളും അപകടഭീതി ഉയര്‍ത്തുന്നുണ്ട്. ചെക്കുഡാമുകള്‍ക്കും സംരക്ഷണവേലികളില്ല.
പടുതാക്കുളങ്ങള്‍ കൂടുതലും നിര്‍മിക്കുന്നതു ചരിഞ്ഞ പ്രദേശങ്ങളിലും ഉറപ്പില്ലാത്ത ഭൂമിയിലുമാണ്. വന്‍കിട തോട്ടങ്ങളില്‍ കൂറ്റന്‍ പടുതക്കുളങ്ങള്‍ നിര്‍മിച്ചിട്ടുണ്ട്. ഏലത്തോട്ടത്തിലെ ജലക്ഷാമം പരിഹരിക്കാന്‍ മണ്ണെടുത്തു മാറ്റിയശേഷം കൂറ്റന്‍ കുഴികള്‍ നിര്‍മിച്ച് പടുതകള്‍ വിരിക്കും. തറനിരപ്പില്‍ മണല്‍ചാക്കുകള്‍ ഇട്ടശേഷം അഞ്ചടിയോളം ഉയരവും വര്‍ധിപ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."