അമേരിക്കന്‍ വൈറ്റ് പെലിക്കന്‍
ചിറകുകള്‍ക്ക് 300 സെന്റിമീറ്റര്‍ വിസ്താരമുള്ള ഒരു വലിയ പക്ഷിയാണ് അമേരിക്കന്‍ വൈറ്റ് പെലിക്കന്‍. പൂര്‍ണ വളര്‍ച്ചയെത്തിയ പക്ഷിക്ക് 15 കിലോ ഗ്രാം വരെ ഭാരം വരും. നീണ്ട ബലമുള്ള ചുണ്ടും മൃദുവായ തൂവെള്ള നിറമുള്ള തൂവലുകളും ഇതിന്റെ മനോഹാരിത കൂട്ടുന്നു. ചെറിയ കണ്ണുകള്‍ക്കു ചുറ്റും മഞ്ഞ വളയങ്ങളുണ്ട്. തലയുടെ മുകളില്‍ എഴുന്നുനില്‍ക്കുന്ന തൂവലുകള്‍ മറ്റൊരു പ്രത്യേകതയാണ്.
തണുപ്പ് കാലങ്ങളില്‍ സമുദ്ര തീരങ്ങളില്‍ കൂട്ടമായി കഴിയാനാണ് ഇതിനു താല്‍പര്യം. ദേശാടനവേളയില്‍ മരുഭൂമിയിലൂടെയും ഉയര്‍ന്ന മലകള്‍ക്കു മീതെയും ക്ഷീണം കൂടാതെ എത്രദൂരം വേണമെങ്കിലും പറക്കാന്‍ ഇതിനു സാധിക്കുന്നു. 16 വര്‍ഷമാണ് ആയുര്‍ദൈര്‍ഘ്യം. 34 വര്‍ഷം വരെ ജീവിച്ച പക്ഷികളുമുണ്ട്. ഇര തേടാനായി ഇവ ഇറങ്ങാറില്ലെങ്കിലും വെള്ളത്തില്‍ നീന്തുന്ന വേളയിലാണ് ഇവ ഭക്ഷണം ശേഖരിക്കുക. ദിവസേന നാലു പൗണ്ടിലധികം ഭക്ഷണം കഴിക്കും. കൂട്ടായി ചേര്‍ന്നാണ് മത്സ്യവേട്ട. പെണ്‍പക്ഷി ആറ് മുട്ട വരെ ഇടും.
സെന്‍ട്രല്‍ ഫ്‌ളോറിഡയിലെ സംരക്ഷിത ജല സ്രോതസ്സുകളുടെയും തടാകങ്ങളുടെയും ചുറ്റുമാണ് അമേരിക്കന്‍ വൈറ്റ് പെലിക്കനുകളെ സാധാരണ കണ്ടുവരാറുള്ളത്. തീരപ്രദേശങ്ങളില്‍, ലഗൂണുകളില്‍, ഹാര്‍ബറുകളില്‍, അതുപോലെ സംരക്ഷിത ജലമേഖലകളില്‍ ജനക്കൂട്ടങ്ങളില്‍ നിന്നു മാറി ഇവ ചേക്കേറാറുണ്ട്. ഏതു പ്രായത്തിലായാലും ആണ്‍പക്ഷിയും പെണ്‍പക്ഷിയും തമ്മിലുള്ള പ്രധാനവ്യത്യാസം ആണ്‍പക്ഷിയുടെ കൊക്ക് പെണ്‍പക്ഷിയുടെ കൊക്കിനേക്കാള്‍ ഇത്തിരി നീളം കൂടുതലുണ്ടെന്നതു മാത്രമാണ്. ഈ പെലിക്കനുകള്‍ വടക്കേ അമേരിക്കയിലെ മധ്യഭാഗങ്ങളിലും അറ്റ്‌ലാന്റിക് സമുദ്രത്തിന്റെയും പസഫിക് സമുദ്രത്തിന്റെയും തീരങ്ങളിലും കാണപ്പെടുന്നു. മത്സ്യങ്ങളെ ഭക്ഷിക്കാനൊരുങ്ങുമ്പോള്‍ ഇരയെ വിഴുങ്ങുന്നതിനു മുന്‍പ് തല മുന്‍പോട്ടാക്കി അധികമുള്ള വെള്ളത്തെ നീക്കംചെയ്യുന്നു. നൂറു കണക്കിന് കൂട്ടങ്ങളുള്ള വലിയ കോളനികളിലാണ് സാധാരണ അമേരിക്കന്‍ വൈറ്റ് പെലിക്കനുകള്‍ താമസിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."